Wednesday, November 28, 2012

കാഴ്ചകള്‍

      ബുര്‍ജ് ഖലീഫയിലെ ഓരോ നിലകളിലും തെളിയുന്ന പ്രഭാകിരണങ്ങള്‍  സൂര്യരെശ്മികളിലേക്ക്  അലിഞ്ഞിറങ്ങുന്നത് , ആ ബാല്‍ക്കണിയിലിരുന്ന്‍  കണ്ടു കൊണ്ടാണ്  അയാളുടെ ഒരു ദിനം ആരംഭിക്കുന്നത് . 
       വെളുപ്പാന്‍ കാലത്തെ നേര്‍ത്ത ഇരുട്ടില്‍ മിന്നിത്തെളിയുന്ന വിളക്കുകളിലെ വെളിച്ചം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നതും, പിന്നെ  ചാര നിറം പൂണ്ട അന്തരീക്ഷത്തില്‍   അതിലും കടുത്ത ചാര നിറത്തില്‍ കുത്തനെ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തെ ഏറ്റവും ഉയരം  കെട്ടിടത്തിന്റെ ചിത്രവും കണ്ണടച്ചാലും അയാളുടെ മനക്കണ്ണില്‍ ദൃശ്യമായിരുന്നു .
 
         ഹൃദ്രോഗത്തിന്റെ വഴികാട്ടിയെന്ന്‍ കൂട്ടുകാര്‍ കളിയാക്കി പറയുന്ന കൊളസ്ട്രോളിനെ ചെറിയ രീതിയില്‍ പ്രധിരോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച  ഗ്രീന്‍ ടീ  അല്പം മധുരവും അതിലേറെ ചവര്‍പ്പുമായി  ചൂടോടെ അല്പാല്‍പ്പമായി അയാള്‍  കുടിച്ച് തീര്‍ക്കുന്നതും ആ ബാല്ക്കണി യിലിരുന്നാണ് .
 
       ദുബായ് നഗരം മൂടല്‍ മഞ്ഞു പുതയ്ക്കുന്ന നാളുകളിലും, എന്നും പൊരി വെയിലേറ്റ് തളര്‍ന്നു കിടക്കുന്ന മണല്‍ തരികളെ, കാറ്റ് അതിന്റെ കൈകളാല്‍ കോരിയെടുക്കുമ്പോള്‍, പ്രധിഷേധമറി യിക്കാനെന്നപോലെ ഉയിര്‍ത്തെഴുന്നേറ്റ്  പൊടിക്കാറ്റായി ആഞ്ഞു വീശി നഗരം പൊടി മൂടുന്ന ദിന ങ്ങളിലും മാത്രമായിരുന്നു അയാളുടെ ഈ പതിവിന് ഭംഗം നേരിട്ടത് .
 
     മഞ്ഞ ചായമടിച്ച സ്കൂള്‍ ബസ്സുകള്‍ നിരനിരയായി അയാളുടെ ഫ്ലാറ്റ് സമുച്ചയതിന് ഇടയിലൂടെ കൈ വഴിപോലെ പോകുന്ന റോഡുകളിലൂടെ നീങ്ങുമ്പോള്‍ തന്റെ ദിനാരംഭത്തിന്റെ അര മണിക്കൂര്‍ കഴിയുന്നു വന്ന്‍  അയാള്‍ സങ്കടത്തോടെ മനസ്സിലാക്കും .
 
      മന്ത് ലീ ടാര്‍ഗെറ്റ്  അചീവ് ചെയ്യാത്തതിന് ബോസ്സിനുള്ള explanation , ക്ലെയിന്റ്സിനെ കണ്‍ വിന്‍സ്  ചെയ്യിക്കാന്‍ പുതിയ പദ ശേഖരങ്ങളുടെ കണ്ടുപിടുത്തം എന്നിയയെല്ലാം ഒരുവേള തലയ്ക്കുള്ളില് മിന്നി മറയുമ്പോള്‍ , കണ്ണുകള്‍ ഇറുകെയടച്ച്‌  ധ്യാന നിമഗ്നനായിരിക്കുന്ന അയാളുടെ കാഴ്ച പിന്നെ തുറക്കുന്നത് താഴെ നാല് റോഡുകള്‍ സംഗമിക്കുന്ന റൌണ്ട് അബൌടിലേക്കാണ് .അതിനകത്തെ പച്ച പുല്‍ത്തകിടിയി ലെ  സ്പ്രിഗ്ലറില്‍ നിന്നും ,മധ്യത്തിലായി നട്ടു പിടിപ്പിച്ച ,എപ്പോഴും കടും റോസ് നിറമുള്ള പൂക്കളാല്‍ സമൃദ്ധമായ 
കടലാസുപൂക്കളിലെക്ക് ചാറ്റല്‍ മഴ പോലെ പൊഴിയുന്ന  ജലപാതം കണ്ണിന് കുളിര്‍മ്മയെന്നപോലെ അയാളുടെ മനസ്സും തണുപ്പിച്ചിരുന്നു.
 
      റൌണ്ട് അബൌടിന്‍ ചുറ്റും പച്ച പുല്തകിടിക്ക് അതിരിട്ട് , കാവല്‍ക്കാരെ പോലെ നിശ്ചിത അകലത്തില്‍ നിരന്ന്‍ നില്‍ക്കുന്ന ഈന്തപ്പനകള്‍ , തണുപ്പ് കാലത്തിന്റെ തിരിച്ച്‌ പോക്കോടെ പൂവിടുന്നതും, ഇളം പച്ച നിറമാര്‍ന്ന കായ്കള്‍ കുനുകുനെ നിറയുന്നതും, പിന്നീട് ചെഞ്ചായം പൂശു ന്ന ഈന്തപ്പഴങ്ങള്‍ ഉഷ്ണം കനക്കുന്നതോടെ,  പാകമായി കറുപ്പ് നിറത്തില്‍ കുലകളില്‍ ഇറുകെ പിടിച്ച കിടക്കുന്നതും കണ്ട് , അയാള്‍ ഋതുഭേദങ്ങളുടെ പോക്കുവരവ് തിരിച്ചറിഞ്ഞു.
 
     കുട്ടിക്കാലത്ത്‌  തന്നെ അച്ഛനും, പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് അമ്മയും നഷ്ട്ടപ്പെട്ട് തികച്ചും അനാഥനായ അയാളെ, മറ്റ് പ്രവാസികളെപോലെ , നാടിന്റെ പച്ചപ്പും കുളിരുമൊന്നും ഒരിക്കലും മോഹിപ്പിച്ചില്ല.
 
          കുലകളില്‍ നിന്ന്‍ ഞെട്ടറ്റ് വീഴുന്ന പഴങ്ങളും പുല്‍തകിടിയിലെ പുഴുക്കളെയും കൊത്തി പ്പെരുക്കുന്ന ഒരുകൂട്ടം പക്ഷികളുടെ കലപിലകളിലെക്കാണ് ഇപ്പോള്‍ കുറച്ച് ദിനങ്ങളായി അയാള്‍ ചിന്തയില്‍ നിന്നുണരുന്നത് .
 
             ഒരു നാള്‍ പക്ഷികളുടെ കലപിലകള്‍ക്കൊപ്പം വേറിട്ട നിന്ന മറ്റൊരു കിളിക്കൊഞ്ചലിന്റെ ഉറവിടം തേടി കണ്ണ് തുറന്ന അയാള്‍ക്ക് കാണാനായത് തൊട്ടെതിര്‍വശത്ത്  താഴെ റോഡരികില്‍  യൂനിഫോമണിഞ്ഞ് സ്കൂള്‍ ബാഗുമായി നില്‍ക്കുന്ന എട്ട്  വയസ്സോളം പ്രായമുള്ള ആണ്‍കുട്ടിയെയും  കൂടെ നിന്ന്‍ കുസൃതി കാട്ടുന്ന കൊച്ചനുജനെയുമാണ് .
അടുത്ത്  നിന്ന്‍ കുട്ടികളുടെ കളിചിരികള്‍ ആസ്വദിക്കുന്ന അച്ഛന്റെ സ്നേഹവായ്പ്പാര്‍ന്ന  മുഖഭാവം , ക്കുഞ്ഞുനാളിലേ അച്ഛന്‍ നഷ്ട്ടപ്പെട്ട അയാള്‍ക്ക് അപരിചിതമായിരുന്നു .
 
രണ്ട്  വര്‍ഷത്തെ താമസത്തിനിടയില്‍ തന്റെ പ്രഭാത കാഴ്ചകളില്‍ അന്യരായ അച്ഛനും കുട്ടികളും എതിര്‍ ബില്ടിങ്ങിലെ 
താമസക്കരായിരിക്കുമെന്ന്‍ അയാള്‍ ഊഹിച്ചു .
 
           പിന്നീടുള്ള ദിനങ്ങളിലെല്ലാം സ്കൂള്‍ ബുസ്സിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ , കുട്ടികളുടെ കളിചിരികളില്‍ മനസ്സാ പങ്കാളിയാകാന്‍ , വിസ്മൃതിയുടെ അറകളില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ 
വന്ന്‍ അയാള്‍ക്കൊപ്പം കൂട്ടിരുന്നു.
 
                        തണുപ്പ്
 കാലത്തിന്റെ വരവറിയിച്ച്കൊണ്ട്മൂടല്‍ മഞ്ഞ് കട്ടിക്കമ്പളത്താല്‍  നഗരത്തെ പുതപ്പിച്ച പ്രഭാതമായിരുന്നു അത് .
ബാല്ക്കണിയിലെക്കുള്ള  കണ്ണാടിചില്ലിട്ട വാതില്‍ തുറക്കുമ്പോള്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികള്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്ത് ചില്ലിലൂടെ താഴോട്ടൊഴുകി .
മങ്കിക്യാപ്  ഇട്ട്  തലയും ചെവിയും മൂടി, ഷാള്‍ പുതച്ച് , ഗ്രീന്‍ ടീ  നുണഞ്ഞു കൊണ്ട് അയാള്‍ കസേരയിലിരുന്നു.  താഴെ റോഡിലൂടെ പോകുന്ന വാഹന ങ്ങളെല്ലാം ലൈറ്റ്‌ തെളിയിച്ചിരിക്കുന്നു.
 
 
    മഞ്ഞിന്റെ മറയ്ക്ക് മുകളില്‍ വെയില്‍ പാളി തീര്‍ക്കാന്‍ ശ്രമിക്കുന്ന സൂര്യന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഇടയ്ക്കിടെ നേരത്തും, കനതും പടരുന്ന മഞ്ഞിലേക്ക്  നോക്കിയിരിക്കേ താഴെ ഇനിയും കുട്ടികള്‍ എത്തിയില്ലല്ലോ എന്ന്‍ അയാള്‍ ഓര്‍ത്തു . മഞ്ഞില്‍ മയങ്ങിക്കിടക്കുന്ന പുല്തകിടിയിലേക്ക്  സ്പ്രിന്ഗ്ലെര്‍ വെള്ളം തളിക്കാന്‍ തുടങ്ങി. പുല്ലില്‍ കൊത്തിപ്പെറുക്കുന്ന  പക്ഷികള്‍ നനവേറ്റ് പറന്നുയര്‍ന്ന്‍  ഈന്തപ്പനയോലകളില്‍  ചെന്നിരുന്ന്‍  ചിറക് കുടഞ്ഞു.
 
  താഴെ റോഡിലൂടെ സ്കൂള്‍ ബസ്സ്‌ വരുന്നതും ചെറിയ മുരള്‍ച്ചയോടെ കുട്ടിയെ കാത്ത് നില്‍ക്കുന്നതും അയാള്‍ കണ്ടു. 
കുട്ടി ഇന്ന് പതിവില്ലാതെ വൈകുന്നതെന്തേ എന്ന അയാളുടെ ഉത്ഘണ്oയ്ക്ക്  വിരാമമിട്ട്,  അവന്‍ ബാഗും ചുമലിലിട്ട് , എതിര്‍ വശത്തുനിന്നും ഓടിവന്ന്‍  റോഡ്‌ മുറിച്ചുകടന്ന്‌ ബസ്സിനടുത്തെക്ക്  ഓടി . പിന്നാലെ  അച്ഛന്റെ കൈ വിട്ട് ഓടിവന്ന അനുജനും.
 
  ഉള്ളില്‍ ഒരാന്തലോടെ കസേരയില്‍ നിന്നെഴുന്നേറ്റുപോയ   അയാളുടെ കാതുകളില്‍  വലതുവശ തുനിന്നും വന്ന സഡന്‍ ബ്രേക്കിട്ട കാറിന്റെ ടയറുകള്‍ റോഡില്‍  ഞെരിഞ്ഞമരുന്നതും , അച്ഛന്റെ നിലവിളിയും മാത്രം ബാക്കിയായി. കാഴ്ചയില്‍ , റൌണ്ട് അബൌടിലെ കടലാസ് പൂക്കളിലേക്ക് ചിതറിത്തെറിച്ച  കടും ചുവപ്പ് നിറമാര്‍ന്ന ജീവനറ്റ താരിതള്‍  മേനിയും......
 

     ഇപ്പോള്‍  മഞ്ഞുകങ്ങള്‍ കണ്ണീരൊലിപ്പിച്ച്  മുട്ടിവിളിച്ചിട്ടും പിന്നീടൊരിക്കലും  തുറക്കപെടാത്ത ചില്ല് വാതിലിനപ്പുറം പുലര്‍കാല കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കാന്‍ ബാല്‍ക്കണി മാത്രം .

Wednesday, September 26, 2012

അനിരുദ്ധന്റെ അമ്മ

"എന്നാ ഞങ്ങള് ഇറങ്ങട്ടെ, പിന്നെ വരാം " കനമുള്ള ശബ്ദതോടൊപ്പം ചുമലില്‍ പതിഞ്ഞ കരസ്പര്‍ശം അനിരുദ്ധനെ ചിന്തയില്‍നിന്നുണര്‍ത്തി. അമ്മയുടെ സഹപ്രവര്‍ത്തകനായ കോളേജ് പ്രിന്‍സിപ്പല്‍ രാജന്‍ സാര്‍ ആയിരുന്നു അത് .കൂടെ മറ്റ് അധ്യാപകരും.

ശരി എന്നമട്ടില്‍ തലകുലുക്കി യാത്ര പറയുന്നതിനിടയില്‍ രാജന്‍ സാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു വീണ്ടും പറഞ്ഞു. " ഇങ്ങനെ തളര്‍ന്നിരിക്കരുത് . അനിയത്തിമാര്‍ക്ക്‌ നീയേ ഉള്ളൂ . അതോര്‍മ്മവേണം . എന്ത് സഹായത്തിനും ഞങ്ങള് എല്ലാവരും ഉണ്ടാവും .എന്നാ ശരി ".



കട്ടിലില്‍ നിന്നെഴുന്നേറ്റു അവരെ പൂമുഖം വരെ അനുഗമിക്കണമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ അനിരുദ്ധന്‍ വീണ്ടും കട്ടിലില്‍ തന്നെ ഇരുന്നു . പിന്നെ കട്ടിലിന്റെ നെറ്റിയില്‍ തലചായ്ച്ച് വെളിയിലേക്ക് നോക്കി കിടന്നു.

ഉച്ചവെയില്‍ ചായാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജനുവരിയിലെ തണുപ്പ്‌ ജനലിലൂടെ അയാളെ പൊതിഞ്ഞു. പറഞ്ഞറി യിക്കാത്ത ക്ഷീണവും കുളിരും ഒരു സുഖനിദ്രക്ക്‌ അയാളെ കൊതിപ്പിച്ചു .



കാറ്റ്‌, അറിയാത്ത ഏതോ ദിക്കിലേക്ക് തള്ളിവിടുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെയും നോക്കി അയാള്‍ കിടന്നു . കുട്ടിക്കാലത്ത് എന്നും അയാളെ വിസ്മയിപ്പിച്ചിരുന്നു , ഈ മേഘക്കൂട്ടങ്ങള്‍ . അവ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ഓടിപ്പോകുന്നതെന്ന് അയാള്‍ ആശ്ച്യര്യപ്പെട്ടിരുന്നു . അവ പിന്നീട് കുഞ്ഞു കുഞ്ഞു ചോദ്യങ്ങളായി പരിണമിച്ചു അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍ സംശയനിവൃത്തിക്കായി അമ്മ വാങ്ങി തന്ന ജനറല്‍ സയന്‍സ് ബുക്ക്‌ ഇപ്പോഴും തന്റെ പുസ്തക ശേഖരത്തിലുണ്ട് . ഒട്ടും പുതുമ നഷ്ട്ടപ്പെടാതെ !




എന്നാലിന്ന് , ഉത്തരം കിട്ടാത്ത മറ്റനേകം , ചോദ്യങ്ങളോടൊപ്പം , ചാര നിറത്തിലുള്ള വലിയൊരു മേഘപാളി ഒരു പുകമറ തീര്‍തെന്നപോലെ മാനത്ത്‌ ദൃശ്യമായത്‌ അനിരുധനില്‍ നൊമ്പരമുനര്‍ത്തി.അമ്മയുടെ ദേഹത്തെ വിഴുങ്ങിയ അഗ്നിനാളങ്ങള്‍ പുറത്തേക്ക് വമിപ്പിച്ച പുകചുരുളുകള്‍ കാറ്റിന്റെ കൈകളിലേറി മാനത്ത്‌ എതിയതാണോ എന്ന് അയാള്‍ സംശയിച്ചു .



ശമശാനത്ത് ആരുടെയോ നിര്‍ദേശങ്ങള്‍ ഒരു യന്ത്രത്തെ പ്പോലെ അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യവേ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ക്കും ഇതേ നിറമായിരുന്നു . ഒരു വലിയ ഭാരം ഹൃദയത്തില്‍ ഖനീഭവിച്ചു കിടക്കുന്നത് അയാളറിഞ്ഞു .പെയ്യാനൊരുങ്ങിനില്‍ക്കുന്നൊരു കാര്‍കൊണ്ടല്‍ പോലെ!.




ഓര്‍മയുടെ പെട്ടകത്തില്‍ ഭദ്രമായി അടച്ചുപൂട്ടി വെക്കാനുള്ള ഒരു നിധി മാത്രമായിരിക്കുന്നു ഇനി അമ്മയുടെ രൂപം.


ഉള്ളില്‍ ഖനീഭവിച്ചനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണങ്ളായി ഒലിച്ചിറങ്ങിയ കണ്ണീര്‍ അയാള്‍ പുറം കൈ കൊണ്ട് തുടച്ചു
.

"എല്ലാ ഇഞ്ഞി* ഈട* ഇരിക്ക്ന്നാ* .....? ഇന്നാ ഇത് കുടിക്ക്. എന്നിറ്റ്* അനിയത്തിമാറ* ക്കൂടി എന്തെങ്കിലും കുടിപ്പിചാട്ട്*.''




നീട്ടിപ്പിടിച്ച ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അനവസരത്തിലാ ണെങ്കി ല്‍ കൂടി അനിരുദ്ധനില്‍ ഞെട്ടലാണുണ്ടായത് .


മരണവീടാണ് . ആര്‍ക്കും വരാം എന്ത് സഹായവും ചെയ്യാം . അമ്മയെ കു ളിപ്പിക്കാന്‍ എടുകുമ്പോഴും മറ്റും അറിയാത്ത പ ലരെയും താന്‍ കണ്ടിരുന്നു . പക്ഷേ രാധാമണി ....




പകച്ചിരിക്കുന്ന അയാളുടെ വലതുകൈയില്‍ കാപ്പി നിറച്ച ഗ്ലാസ്‌ പിടിപ്പിച് അവള്‍ വീണ്ടും പറഞ്ഞു."പോയോരു* പോയി .അതും വിചാരിച്ചിര്ന്നാല്* ശരിയാകൂലാ. ഇത് കുടിചിറ്റ്* അനിയത്തിമാറട്ത്ത്* ചെല്ല് . അക്കൂട്ടര്* ഒന്നും കുടിചിറ്റില്ല*. ഇഞ്ഞി* ഒന്ന് പറഞ്ഞാട്ടെ".


സിരകളിലൂടെ ഒഴുകിയെത്തിയ ഉണര്‍വിന്‍റെ പൊരുള്‍ തേടിയപ്പോഴാണ് കൈയിലെ ഗ്ലാസ്‌ കാലിയായത് അറിഞ്ഞത് .
വരണ്ട ഭൂമിയിലെ മണല്‍തരികള്‍ പുതുമഴക്ക് കൊതിക്കുന്നതുപോലെ , ഒരിറ്റ് ദാഹജലത്തിനായി കൊതിക്കുകയായിരുന്നോ തന്റെ ശരീരത്തിലെ ഓരോ പരമാണുവും !

ചുമലില്‍ തഴുകി ആശ്വസിപ്പിക്കാനും , നിര്‍ബന്ധിച്ചു വല്ലതും കഴിപ്പിക്കാനുമൊന്നും സ്വന്തക്കാരോ , ബന്ധുക്കളോ ഇല്ലാത്ത നിമിഷങ്ങലായിരുന്നില്ലേ കഴിഞ്ഞു പോയത് .




പക്ഷേ രാധാമണി......



തൊട്ടയല്‍വക്കമല്ലെങ്കില്‍ കൂടി രണ്ട്മൂന്ന്‌ വീടുകള്‍ക്ക് അപ്പുറത്താണ് അവളുടെ വീട് . എന്നിട്ട് പോലും ഒരിക്കല്‍ പോലും അവളുടെ വീട്ടില്‍ പോയിരുന്നില്ല . താന്‍ മാത്രമല്ല , അമ്മയോ അനിയത്തിമാരോ , ആരും .


രണ്ട് വര്‍ഷം മുന്‍പ്‌ അച്ഛന്‍റെ മരണശേഷം ഇവിടെ വീട് വച്ച് താമസം തുടങ്ങിയ നാളുകളില്‍ തൊട്ടയല്‍വീട്ടിലെ പാറുവമ്മ കൈമാറിയ നാട്ടുവര്‍ത്തമാനത്തിലെ , അശ്ലീലകഥകളിലെ , നിറമുള്ള കഥാപാത്ര മായിരുന്നു രാധാമണി .

പാറുവമ്മ പോയതിനുശേഷം അമ്മ അനിയത്തിമാരോടെന്ന മട്ടില്‍ പരോക്ഷമായി പറഞ്ഞത് തന്നോടായിരുന്നു .
കേട്ടല്ലോ , നമ്മള് ഇത്രയും നാള് കഴിഞ്ഞത്പോലെയല്ല , അടുത്ത്‌ തന്നെ കോളനിയാണ് . അതിന്റെ പോരായ്‌മകള് ഇവിടുത്തെ ആളുകളിലും കാണും .അതുകൊണ്ട് ആരോടും അടുക്കാനൊ ന്നും പോകണ്ട.




ആ വാക്കുകള്‍ ഉറപ്പിക്കാനെന്നവണ്ണം അമ്മ ആദ്യം ചെയ്തത് അതിര്‍ത്തി തിരിച്ച് രണ്ട് വരി മാത്രം കെട്ടിയിരുന്ന ചുറ്റുമതിലിനെ ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കുകയായിരുന്നു.

പാഴ്ചെടികളെ പോലെ അമ്മ കരുതിയിരുന്ന കോളനിനിവാസികളുടെ , സംസ്കാര ശൂന്യതയുടെ നിഴല്‍പോലും തന്റെ മക്കളുടെ മേല്‍ പതിക്കുന്നതില്‍നിന്നും മറച്ചു പിടിക്കാന്‍ ആ മതില്‍ പര്യാപ്ത മാണെന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നും അപരിചിത ത്വത്തിന്‍റെ മൂടുപടം ധരിച്ച് പുറത്തിറങ്ങിയിരുന്ന അമ്മ തങ്ങളെയും ആ മൂടുപടം ധരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാരു ണ്ടായിരുന്നു.



കുഞ്ഞുനാളിലേ അമ്മയോട് കാട്ടിയിരുന്ന വിധേയത്വമാവാം , ഒരിക്കലും അമ്മയുടെ അഭാവത്തില്‍ പോലും ആ വാക്കുകളെ ധിക്കരിക്കാനുള്ള കരുത്ത്‌ തനിക്ക്‌ നല്‍കാതിരുന്നത് .





ഒരു വര്‍ഷം മുന്‍പ്‌ നേടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗം നല്‍കിയ കുറച്ചു സുഹൃദ്‌ ബന്ധങ്ങള്‍ മാത്രമാണ് തനിക്കുള്ളത്.



രാധാമണി യെപ്പറ്റി പാറുവമ്മ യുടെ വാക്കുകളെ സാര്‍ഥകമാക്കുന്ന തായിരുന്നു പിന്നീട് പല ദിവങ്ങളിലും അവളുടെ വീട്ടില്‍ കണ്ട കാഴ്ചകള്‍. പുലരും വരെ വരെ വന്നു പോകുന്ന , വാഹനങ്ങളും, ചിലപ്പോള്‍ രാത്രി വളരെ വൈകി അവള്‍ വന്നിറങ്ങുന്ന കാറുകളുടെ ഇരമ്പലും എന്നും ഉറക്കത്തിന് ഭംഗം വരുത്തിയിരുന്നു .



കുറെ നാളുകള്‍ക്ക്‌ മുന്‍പാണ് രാധാമണി ആദ്യമായി വീട്ടില്‍ വന്നത് .കോളനിയിലെ പഴയ വീടിനടുത്ത്‌ അവള്‍ പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ക്ഷണിക്കാനായിരുന്നു അത് .

നിറഞ്ഞ ചിരിയോടെ ഉപചാരപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് ഇറങ്ങി പോയ അവളെ നോക്കി നില്‍ക്കുന്ന അമ്മയുടെ മുഖത്തെ അവക്ഞ തനിക്ക് മനസ്സിലായിരുന്നു .



അടുത്ത വീട്ടില്‍ ഒരു ചടങ്ങിനു പങ്കെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയുടെ തീരുമാനം എതിര്‍ക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. പാറുവമ്മയുടെ കൈയില്‍ ഒരു കവറിലിട്ട് പൈസ കൊടുത്തയച് അമ്മ ആ കടമ നിറവേറ്റുകയാന്നുണ്ടായത്.



അമ്മയുടെ സ്വഭാവത്തിലെ ഇത്തരം കണിശതക ളും മുന്‍വിധിക ളുമാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും തങ്ങളെ അകറ്റിയതെന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .




സ്വത്തിന്റെ പേരില്‍ സഹോദരങ്ങളോട് പിണങ്ങി നില്‍ക്കുന്ന അച്ഛനെ അമ്മയ്ക്ക് എന്നും പുച്ഛമായിരുന്നു .
തനിക്കില്ലാത്ത ബന്ധങ്ങള്‍ കൂടപ്പിറപ്പുകളുമായി അമ്മ ഉണ്ടാക്കുന്നത്‌ അച്ഛനും ഇഷ്ട്ടമായിരുന്നില്ല . അച്ഛന്റെ പ്രൈവറ്റ് കമ്പനി കോബൌണ്ടിലെ ക്വാര്‍ട്ടെസിലെ ചെറിയ ലോകത്ത്‌ തികച്ചും ഒറ്റപ്പെട്ട ജീവിതം അയാള്‍ക്കും സഹോദരിമാര്‍ക്കും പരിചിതമായിരുന്നു .യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ചുകാര്‍ എന്ന് അമ്മ എ പ്പോഴും അഭിമാനം കൊണ്ടിരുന്ന ലൈബ്രറി സയന്‍സ് കോഴ്സ്‌ നല്‍കിയ സമാന്തര കോളേജിലെ ലൈബ്രെരെരിയന്‍ ഉദ്യോഗം, വിദ്യാസമ്പന്നരായ കുറച്ച് സഹപ്രവര്‍ത്തകരെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുത്തു .


മിഥ്യാ ധാരണയുടെ ഓളപ്പരപ്പില്‍ നീന്തിനടന്നിരുന്ന വിദ്യാസമ്പന്നയായ അമ്മയ്ക്ക്‌, ഉയര്‍ത്തികെട്ടിയ മതിലിനപ്പുറത്തെ വിദ്യാഹീനരിലെ മനുഷ്യത്വം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയതെന്തെന്ന്‍ അയാള്‍ എന്നും തന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .



ഞങ്ങളും ഇറങ്ങട്ടെ. ഇപ്പൊ പോയാല് വൈകിട്ടത്തെ ട്രെയിന്‍ കിട്ടും."



അമ്മയുടെ അനിയനും , ചേച്ചിയുമാണ. അമ്മയുടെ വിയോഗത്തില്‍ തനിക്കും സഹോദരിമാര്‍ക്കും തുണയാകെണ്ടവര്‍. അവരാണ് ചിതയെരിയുന്നതിനു മുന്‍പേ.................


പക്ഷേ അനിരുദ്ധന് അവരോടു ഒട്ടും ഈര്‍ഷ്യ തോന്നിയില്ല. അഡ്രസ്സും ഫോണ്‍ നമ്പരും നോക്കി തന്റെ കൂട്ടുകാര്‍ ആരോ അറിയിച്ചതാവണം. വന്ന കടമ തീര്‍ത്തു അവര്‍ മടങ്ങുന്നു. അയാള്‍ക്ക് അത്രയേ തോന്നിയുള്ളൂ .
നിര്‍വ്വികാരനാ യിരിക്കുന്ന അയാളെ കണ്ടിട്ടാവണം വലിയമ്മ വീണ്ടും പറഞ്ഞു " പിന്നെ , നിനക്ക് അറിയാമല്ലോ , എല്ലാരും തനിച്ച് താമസിക്കുന്നവരാ . അതിന്റെതായ ഓരോ ചുറ്റുപാടുകള് ഓരോരുത്തര്‍ക്കും ഉണ്ട് . പിന്നെ, കുട്ടികളെ സ്കൂളിലും , കോളേജിലും പറഞ്ഞയക്കണം . അതിനൊക്കെ .......



സ്വയം ന്യായീകരണത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് അവരെ വിടാതെ അനിരുദ്ധന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു .


അവശേഷിച്ച അയല്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങല്‍ക്കിടയിലൂടെ തിടുക്കത്തില്‍ രക്ഷപ്പെടുന്ന രക്തബന്ധങ്ങളെ നോക്കി നിന്നപ്പോള്‍ അനിരുദ്ധന് ആദ്യമായി അമ്മയോട് സഹതാപം തോന്നി. അച്ഛനുമമ്മയും കാലത്തിന്‍റെ ചുവരിലെക്കെറി ഞ്ഞ കര്‍മ്മങ്ങള്‍ റബര്‍പന്ത്‌ പോലെ തങ്ങളുടെ നേരെ തന്നെ തിരിച്ചുവരുന്നത് അയാള്‍ നിസ്സങ്കോചം ഹൃദയത്തിലേറ്റുവാങ്ങി .




അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അനിയത്തിമാരെ സമാധാനിപ്പിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കാതുകളില്‍ പതിച്ച പാറുവ മ്മ യുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല .




"അന്‍റെ* രാദാമണീ ..........ഇഞ്ഞി, ഇല്ലോണ്ട്* ഞമ്മക്ക്‌* ഒരാളായി. എല്ലെങ്കില് ഞാ ബെശമിച്ച്‌* പോക്വെനും* .
എല്ലെങ്കില്* ചോയിക്കാനും* പറയാനും ആരെങ്കിലും, കുടുംബക്കാര് ഇണ്ടായിറ്റാ*....... എന്തായാലും എടവലകാര്* ചെയ്യണ്ട* എല്ലം* ഞമ്മള്* നല്ലോണം* ചെയ്തിന്* എല്ലെ*. അത് മതി."



മുറിയില്‍ നിന്ന്‍ പുറത്തിറങ്ങിയ അയാള്‍ക്ക് മുന്‍പില്‍ അവിചാരിതമായി എത്തിപ്പെട്ട പാറുവമ്മ , പുതിയ സോപ്പും , പൌഡറും അയാളുടെ കൈയില്‍ വച്ച്‌ കൊടുത്ത് പറഞ്ഞു ."ഇന്നാ മോനെ ഇതങ്ങ് വെച്ചോ . കുളിപ്പിച്ച് കയിഞ്ഞിറ്റ് അമ്മക്ക്‌ ഇട്ട്കൊട്ത്തതാ. എല്ലം* രാദാമണി പുതിയതെന്നെ* വാങ്ങി . പിന്നെ , ചോയിക്കാനും* പറയാനും പറ്റിയ അവസ്തേല്* എല്ലാലോ* ഇഞ്ഞി ."



"രാദാമണി ഇള്ളതോണ്ട്* അനക്ക്‌* ഒരാളായി. എല്ലെങ്കിലും ഓള്* നല്ലോളാ ."



പാറുവമ്മയുമായുള്ള അമ്മയുടെ പ്രഥമ ദര്‍ശനവും , സംഭാഷണവും ഒരു വേള മനസിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു , "പാവം അമ്മ ". എന്നാല്‍ ദുര്‍ഗന്ധം പൊതിഞ്ഞ ഉച്ച്വാസവായു പോലെ വില കുറഞ്ഞ സഹതാപം ആവരണം ചെയ്ത ആത്മഗതമായിരുന്നു അത് .


അമ്മ എപ്പോഴുംസമ്മാനിക്കാറുള്ള പുസ്തകതാളുകളിലെ വടിവൊത്ത അക്ഷരങ്ങള്‍ ചൂണ്ടിക്കാട്ടിയ സുഗമമായ വഴിയിലൂടെമാത്രം നടന്ന തന്നെ, പ്രായോഗിക ജീവിതത്തിന്‍റെ പരുക്കന്‍ വഴിയിലേക്കും, ജീവിത യാഥാര്‍ധ്യങ്ങളിലേക്കും നയിക്കാന്‍ നിയതി ഒരുക്കിയ അനുഭവങ്ങളുടെ ഒരു ദിനമാണിതെന്നു ആശ്വസിച്ച് അയാള്‍ മുറിയിലേക്ക് തിരിച്ച് നടന്നു.


അപ്പോള്‍......
തനിക്ക്‌ ആശ്ലേഷിക്കാനും, വാരിപുണരാനും , പിന്നെ തന്നിലലിയിപ്പിച്ച് മറ്റൊരു രൂപത്തില്‍ പുനര്‍ജനിപ്പിക്കാനും അരിമണികളെ കിട്ടാഞ്ഞു , തിളച്ച് തുള്ളി മുറവിളി കൂട്ടുന്ന ചെമ്പ് കുടത്തിലെ വെള്ളത്തിലേക്ക് അരിമണികള്‍ വാരിഇടുകയായിരുന്നു രാധാമണി.


Tuesday, June 12, 2012

തുരുത്തിലെ വിളക്ക്

തുരുത്തിലെ വിളക്ക്  

കടലോരത്തെ നനഞ്ഞ പൂഴി മണ്ണില്‍ ഹരീന്ദ്രന്‍, അവന്തികയുടെ കാലടികളെ പിന്തുടരുമ്പോള്‍, മാളങ്ങളിലേക്ക് ഓടിയൊളിക്കുന്ന ഞണ്ടുകള്‍ക്ക്  പിറകെ ആയിരുന്നു അവള്‍. കണ്ണെത്തും  ദൂരത്തെങ്കിലും  അവള്‍ തന്നില്‍ നിന്നും ഒരുപാട് അകലെയാണെന്ന്‍  ഹരീന്ദ്രന്‍ കണ്ടു. വഴികാട്ടിയായി തന്റെ മുന്നില്‍ നീണ്ട അവളുടെ പാദമുദ്രകളും നനവ് പടര്‍ ന്ന്‍ ,  നിറഞ്ഞു,  മായാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ പിന്‍തുടര്‍ച്ച തടയാനെന്നപോലെ !

     ഏറെ നാളുകള്‍ക്കു ശേഷം മഴ മേഘങ്ങളെ തനിക്കു പിറകിലൊളിപ്പിച്ച്  , സൂര്യന്‍ കടലോരത്തെ നോക്കി പുഞ്ചിരി പൊഴിച്ചെങ്കിലും, മഴക്കാല വറുതിയുടെ ആശങ്കകളുടെ ഇരുണ്ട മുഖ ങ്ങള്‍ക്ക് ചുറ്റിലും തീരം നിശബ്ദമായിരുന്നു .

      ട്രോളിംഗ് നിരോധനം വിശ്രമമേകിയ ബോട്ടുകളുടെ തണലിലിരുന്ന്‍   , അടുത്ത സീസണിലേക്ക് വലകളെ തുന്നി പാകപ്പെടുത്തുന്ന ദാമു മരക്കാന്റെ മനസ്സ് ചുറ്റുപാടുകളുടെ ആവൃതിക്ക് പുറത്താണെന്ന് ഹരീന്ദ്രന് തോന്നി.

തുന്നിക്കൂട്ടിചേര്‍ത്ത വലകള്‍ക്ക് പിന്നില്‍ , പ്രായവും പ്രാരാബ്ധവും സമ്മാനിച്ച ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന മരക്കാന്റെ  മുഖവും ചാരനിറം പൂണ്ട കണ്ണുകളും ഹരീന്ദ്രന് സുപരിചിതമായിരുന്നു. കുഞ്ഞുനാള്‍ മുതലേ ...

     കാറ്റും തിരകളും ഈര്‍പ്പം പടര്‍ത്തിയ കടല്‍ഭിത്തിയിലെ പരന്ന കല്ലുകളൊന്നില്‍ അവന്‍ ഇരുന്നു.

    കടല്‍, തീരത്തിന്സമ്മാനിച്ചപല  വിധമായ ശ൦ഖുകളും ,ചിപ്പികളും തന്റെ മാറില്‍ അടക്കിപ്പിടിച്ചു കിടക്കുന്ന തീരം ......
എപ്പോഴോ തന്നെതലോടി,സമ്മാനങ്ങളേകി കടന്നുപോയ തിരമാലയുടെ  ഓര്‍മകളുടെ   ആലസ്യതിലെന്നപോലെ  നിശബ്ധമായി ..........

     . ഇതുപോലെ ,   കഥാ സാഹിത്യത്തിലെ പല നൂതനഅറിവുകളും പകര്‍ന്നു തന്നതിനോപ്പം മനസ്സിന്റെ ചിപ്പിക്കുള്ളില്‍ വിലയേറിയഒരുമുത്ത്‌ അവശേഷിപ്പിച്ച്  കഴിഞ്ഞുപോയ  തുഞ്ചന്റെമണ്ണിലെ സാഹിത്യ ക്യാമ്പ്‌    അവന്‍  ഓര്‍ത്തു.

        ക്യാമ്പിലെ ആദ്യ ദിനത്തിലെ പ൦ന ക്ലാസ്സില്‍,  അമേരിക്കന്‍ കവയിത്രിയും , നോവലിസ്റ്റുമായ  സില്‍വിയ പ്ലാത്തിന്റെ ജീവിതം  ഗ്രീക്ക് ദുരന്ത നാടകങ്ങളോടുപമിച്ച്  കഥാകൃത്ത്‌ കൃഷ്ണനുണ്ണി സാര്‍ തെല്ലിട നിന്നു... വിഷാദരോഗത്തിന്റെ  മൂര്‍ധന്യത്തിലൊരുനാള്‍ ഗ്യാസ് അടുപ്പിനുള്ളില്‍ മുഖം പൂഴ്ത്തി മരണത്തെ പുല്‍കിയ പ്ലാത്തിന്റെ , ജീവിതത്തിന്റെ ദൈന്യതയും , മരണത്തിന്റെ ഭീകരതയും ക്ലസ്സിനുള്ളിലേക്ക് ആവാഹിക്കനെന്നപോലെ.....


ആ                അര്‍ദ്ധവിരാമത്തിന്റെ  തുടര്‍ച്ചയെന്നോണം, ഒരുമരണത്തിന് സാക്ഷ്യയമായെന്നപോലെ   നിര്‍വികാരമായി പകച്ചിരിക്കുന്ന ക്ലാസ്സിലെക്കാണ് അവന്തിക കടന്നുവന്നത്.

       പരിഷ്ക്കാരത്തിന്റെ ആധിക്യമാണ് ആണ്‍കുട്ടികളെ അവളിലേക്കടുപ്പിച്ചതെങ്കില്‍, അത് തന്നെയായിരുന്നു ബുദ്ധിജീവി നാട്യമുള്ള കഥാകാരി പെണ്‍കുട്ടികളില്‍  നിന്നും അവളെ അകറ്റിയതും.

    എന്നാല്‍  കഥയരങ്ങില്‍, അക്ഷരങ്ങളാല്‍ അവള്‍ മെനെഞ്ഞെടുത്ത കഥകള്‍                    ചിത്രപ്പണികളാല്‍ അലംകൃതമായ  മണ്‍കുടങ്ങള്‍     പോലെ , ചേലുറ്റവയായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും അതിലാവാഹിച്ച്. ......
    
 ഉടഞ്ഞവയെപ്പോലെ, കൂട്ടി ചേര്‍ക്കാനാവാത്ത   ജീവിത യാഥാര്‍ത്യങ്ങളുമായി  മറ്റ് ചിലത് .......

    ചര്‍ച്ചകള്‍ക്കും, വാഗ്വാദങ്ങള്‍‍‍‍ക്കും ,പങ്കിടലുകള്‍ക്കും ഒടുവില്‍ നാലുനാള്‍  പിന്നിടുമ്പോള്‍  ആധുനികതയുടെ വര്‍ണ്ണപകിട്ടിനപ്പുറം എല്ലാവര്‍ക്കും     തങ്ങളുടെ  ചേച്ചിയോ, അനിയത്തിയോ ആയി മാറിയ  അവന്തിക , പക്ഷെ തനിക്ക്......

കൂട്ടുകാര്‍ക്കിടയില്‍, ചാക്രികമായി അവള്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക്  പക്ഷെ കാലചക്രത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. വീണു കിട്ടിയ ഇടവേളകളിലെല്ലാം, എല്ലാവരുടെയും വീടുകളില്‍ സൌഹൃദം പങ്കിടാന്‍ അവള്‍ ഓടിയെത്തി.

    കൂട്ടിയും, കിഴിച്ചും സ്വയം ചോദിച്ചും കഴിച്ചു കൂട്ടിയ ആശങ്കകളുടെ ഒട്ടേറെ നാളുകള്‍ക്കു ശേഷം കടപ്പുറത്ത് ചിലവിടാന്‍ അവളെത്തിയ അടുത്തടുത്ത ദിനങ്ങളിലൊന്നിലാണ് തന്റെ ഇന്ഗിതം അവളെ അറിയിച്ചത്.  നഷ്ട്ടമാവുന്ന ഒരു സൌഹൃദത്തിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ അവള്‍ പറഞ്ഞു ...

  നഗരത്തിലെ വ്യവസായ പ്രമുഖനായ അവളുടെ അച്ഛനെക്കുറിച്ച്...
   സ്നേഹവും കരുതലും മാത്രമുള്ള അമ്മയെക്കുറിച്ച് ...
   തന്റെ ജീവനായ അനിയത്തിയെ ക്കുറിച്ച് ....
   എല്ലാവരും കാത്തിരിക്കുന്ന എം.ബി . എ . കോഴ്സിന്റെ ഫലത്തെക്കുറിച്ച്... 
    ശേഷം അച്ഛന്റെ വിപുലമായ ബിസ്സിനസ്സ് സാമ്രാജ്യത്തിലെ ഒരു പങ്ക് ഏറ്റെടുത്ത് അച്ഛന് സഹായിയാവുന്നതിനെക്കുറിച്ചു...
   ഒടുവില്‍ അച്ഛന്‍ കണ്ടെത്തുന്ന ഒരാളുമായുള്ള വിവാഹത്തെ ക്കുറിച്ച്..  ....          
    പിന്നെ.. ഒരിക്കലും നഷ്ട്ടപ്പെടുത്താനാവാത്ത   താനുമായുള്ള സൌഹൃദ ത്തെക്കുറിച്ച് ....

     തിരിച്ചു പിടിച്ച സൌഹൃദത്തിന്റെ ആശ്വാസവുമായി അവളെ പട്ടണത്തിലേക്ക് യാത്രയാക്കുമ്പോള്‍ മനസ്സിലെ വിങ്ങലില്‍ ചിതറിതെറിച്ചത്‌ , സ്വപ്നങ്ങളുടെ അലുക്കുകള്‍ പിടിപ്പിച്ച  കിന്നരിയിലെ    മുത്തുകള്‍ ......

 മനസ്സില്‍ ആലേഖനം ചെയ്ത രാധാ- കൃഷ്ണ സങ്കല്‍പ്പത്തിന് പകരം വെക്കാന്‍ മറ്റൊരു മൂര്‍ത്ത രൂപമില്ലാതെ കഴിച്ചു കൂട്ടിയ വിരസമായ ദിനങ്ങള്‍ ....

കടല്‍ ഭിത്തിയിലേക്ക് അടിച്ചു കയറിയ വലിയൊരു തിരമാല  മേലാസകലം നനച്ച്‌ ,  ഹരീന്ദ്രനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവന്നു .          കടല്‍തീരത്തെ,  ഇരുട്ടിന്റെ കമ്പളം പുതപ്പിക്കാന്‍  തുടങ്ങുകയാണ്  രാത്രി . ഇരുള്‍ മൂടാന്‍ തുടങ്ങുന്ന കടപ്പുറത്ത് നിന്നും ദാമു മരക്കാന്‍ എപ്പോഴോ പോയിരുന്നു.

    വേലിയേറ്റം നഷ്ട്ടമാക്കിയ കരയില്‍ നിന്നും തന്റെ വിനോദം മതിയാക്കി അവന്തിക അവനടുത്ത്   ഓടിയെത്തി.

   ഇരുളിലാഴുന്ന തീരത്തുനിന്ന് നോക്കിയാല്‍ കാണാവുന്ന കടലിനു നടുവിലെ പച്ചതുരുതിലേക്ക് കണ്ണുംനട്ട്  നവജാതമായൊരു ആവേശത്തോടെ അവന്‍ അവന്തികയോട് ചോദിച്ചു. " നീ കണ്ടിട്ടില്ലല്ലോ തുരുത്തിലെ വിളക്ക് "?

'തുരുത്തിലെ വിളക്കോ' ? അദ്ഭുതവും ആകാംക്ഷയും  നിറഞ്ഞതായിരുന്നു അവളുടെ ചോദ്യം .
   'അതെ. വേലിയേറ്റമുള്ള സന്ധ്യകളില്‍ മാത്രം കാണാനാവുന്നതാ  അത് .ഞാനും  പണ്ടെപ്പോഴോ കണ്ടതാ .. പക്ഷെ അത് കാണണമെങ്കില്‍ ദാ ആ വട്ടക്കല്ലില്‍ കയറി നോക്കണം.'
 വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗജവീരന്മാര്‍ക്ക്‌ സമാനമായ പാറക്കൂട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  ഹരീന്ദ്രന്‍  പറഞ്ഞു.
 മറയാന്‍ തുടങ്ങുന്ന അവളുടെ ഉത്സാഹം തിരിച്ചു പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. "നിരാശവേണ്ടെടോ .. നമുക്കത് കാണാം . ഇപ്പൊ തന്നെ".

    കരയിലേക്ക് അടിച്ചെത്തിയ   ഒരു   തിരമാല,  വെളുത്ത പത മാത്രം അവശേഷിപ്പിച്ചു പിന്‍വാങ്ങിയ ഇടവേളയില്‍, അവന്തികയുടെ കൈ പിടിച്ച് ഹരീന്ദ്രന്‍ പാറക്കു മുകളില്‍ എത്തി.   അവളുടെ പതുപതുത്ത കൈത്തലം തന്റെ കൈയിലൊതുക്കി , മറു കൈ കൊണ്ട് തുരുത്തിലെ ഇല്ലാത്ത വിളക്കിലേക്ക് ചൂണ്ടിക്കാട്ടുമ്പോള്‍ , പാറക്കല്ലിലേക്ക്   ആഞ്ഞടിക്കാനായി മറിഞ്ഞു മറിഞ്ഞു വരുന്ന  വലിയ തിരമാലയിലായിരുന്നു അവന്റെ കണ്ണുകള്‍.

   സാകൂതം തുരുത്തിലേക്ക് നോക്കി നില്‍ക്കുന്ന അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച്‌, തിരയുടെ കൈകളിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോള്‍, ഭീതിയാല്‍ അവന്തിക തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് ഒരു വിറയലോടെ അവന്‍ അറിഞ്ഞു. ആദ്യമായും , അവസാനമായും....
    അപ്പോള്‍ അവര്‍ക്ക് കൂട്ടായി   പടിഞ്ഞാറന്‍ ചക്രവാളത്തില്‍, പച്ചതുരുതിനു പിറകില്‍ ,  സൂര്യനും കടലിലേക്ക്‌ താഴ്ന്നിരുന്നു......പൂര്‍ണ്ണമായിത്തന്നെ ..........

Sunday, June 10, 2012

നന്മയുടെ നെയ്ത്തിരികള്‍

          ഴമേഘങ്ങളെ ദൂരേക്ക്‌ വലിച്ച് കൊണ്ട് പോകുന്ന കാറ്റെന്ന പോലെ  നിനച്ച്,  ഞാന്‍ അഴിച്ചു വിട്ട സാന്ത്വന  വചനങ്ങളില്‍ അകന്നുപോകാതെ , അച്ചുവേട്ടന്റെ ദുഃഖം എന്റെ മുന്നില്‍ തന്നെ പെയ്യുകയായിരുന്നു.


 
           ഇപ്പോള്‍ , ആര്‍ത്തലച്ചു പെയ്ത മഴ നേര്‍ത്ത്  നേര്‍ത്ത് വരുന്നത് പോലെ ആ തേങ്ങലുകള്‍.. ..       
    മഴയുടെ അവരോഹണ  വേളയില്‍ ശ്രവ്യമാകുന്ന    ഏതോ പരിചിത  ശബ്ദത്തിനു കാതോര്‍ത്ത്  , തൊടിയില്‍ മകരക്കുളിരേറ്റ്  വിറച്ചുനില്‍ക്കുന്ന ചെടികളില്‍ മിഴികളൂന്നി ഞാനിരുന്നു.

 
           കളക്ടറെറ്റിലെ  അക്കൌണ്ട്സ്     ‍വിഭാഗത്തിലെ , സംഖ്യകള്‍ പെറ്റു കിടക്കുന്ന  ഫയലുകള്‍ക്കിടയില്‍നിന്നും,കണക്കുകളുടെ ഭാരം , ഓഫീസിനു മുന്‍പിലെ തട്ടുകടയിലെ ചൂട് ചായയില്‍ അലിയിക്കാന്‍ പുറത്തിറങ്ങിയ  ദിനങ്ങളിലൊന്നിലാണ് അച്ചുവേട്ടനെ ആദ്യമായി കണ്ടത്.

 
         മംഗലാപുരം വിമാന ദുരന്തത്തിനിരയായവരുടെ  ആശ്രിതര്‍ കളക്ടറെട്ടിനു മുന്‍പില്‍ ഉയര്‍ത്തിയ സമരപ്പന്തലിലെ അനേകം സമരക്കാര്‍ക്കിടയില്‍  ‍  കണ്ട ആ മുഖത്തെ , പിന്നീട് ഇടയ്ക്കിടെ കളക്റ്റരുടെ ചേംബെറിനു  മുന്‍പില്‍ അരങ്ങേറുന്ന പ്രതിഷേധ യോഗങ്ങളിലും , അനുരഞ്ജന ചര്‍ച്ചകളിലും വച്ച് തിരിച്ചറിഞ്ഞു.

 
            കളക്ടറെട്ടിനു മുന്‍പില്‍ നിത്യേനയെന്നോണം അരങ്ങേറുന്ന  അനേകം സമരങ്ങള്‍ക്ക് സാക്ഷിയായിട്ടും , അച്ചുവേട്ടന്‍ മാത്രം വേറിട്ട മുഖമായി മനസ്സില്‍ പതിഞ്ഞത്,   എന്നും ' ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന പോല്‍ മൌനം പൂണ്ട ആ മുഖഭാവമായിരുന്നു.


 
           ധന സഹായം കിട്ടുന്ന മുറക്ക് സമരക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും, ഇടയ്ക്ക് , കളക്ടരുമായി കൂടിക്കാഴചക്ക്    വരുന്ന,      ഇനിയും നഷ്ട്ട പരിഹാരം കിട്ടാത്ത വിരലിലെണ്ണാവുന്ന  ആശ്രിതരുടെ കൂട്ടത്തില്‍ അച്ചുവേട്ടനുമുണ്ടായിരുന്നു.
 

        ആ വരവിനിടയിലെപ്പോഴോ വളര്‍ന്ന  പരിചയത്തില്‍, ഏക മകന്‍ നഷ്ട്ടപ്പെട്ടത്തിന്റെ വ്യഥ ഉള്ളിലൊതുക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു അച്ഛനെയായിരുന്നു ഞാന്‍ കണ്ടത്.
എന്നാല്‍ ഇന്ന്.... ......
 


          സൂര്യ താപം ഉരുക്കി ഒഴുക്കുന്ന ഹിമവല്‍ശൃംഗത്തിലെ നദി പോലെ എന്റെ മുന്‍പില്‍ അണപൊട്ടി ഒഴുകിയത്,  അച്ചുവേട്ടന്റെ തപിക്കുന്ന ഹൃദയത്തില്‍ ഏറെ നാളായി കുമിഞ്ഞു കൂടിയ ഹിമവാനോളം പോന്ന ആധിയായിരുന്നു.


 
        പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്,   ക്ഷേത്രോത്സവത്തിന്  ഗ്രാമത്തിലെ  വീടുകളെല്ലാം വെള്ള പൂശി മുഖം മിനുക്കുന്ന നാളുകളിലൊന്നിലായിരുന്നു  അച്ചുവേട്ടന്റെ മകള്‍ അമ്മുവിന്റെ  ജീവിതത്തില്‍  ‍ ഇരുള്‍ കുടിയേറിയത്. വീട് വെള്ള തേക്കാന്‍ വലിയ   പാത്രത്തില്‍ തിളച്ച  വെള്ളമൊഴിച്ച് വെന്തലിയുന്ന നീറ്റു കക്കയിലേക്ക് , അച്ചുവേട്ടന്റെ  കണ്ണ്  വെട്ടിച്ചെത്തിയ  ഏഴു വയസ്സുകാരി, കമ്പ് കൊണ്ടിളക്കിക്കളി ച്ച്,  സ്വയം കണ്ണുകളിലേക്ക്  ഏറ്റുവാങ്ങിയത് അന്ധകാരത്തെയായിരുന്നു.
ക്ഷേത്രവും ക്ഷേത്രാങ്കണവും ദീപപ്രഭയില്‍ കുളിച്ചു നിന്ന നാളുകളിലെല്ലാം , മകളുടെ മിഴികളിലെ വെട്ടം തെളിയിക്കാന്‍ ആസ്പത്രികള്‍  കയറിയിറങ്ങുകയായിരുന്നു അച്ചുവേട്ടന്‍.
 


       കണ്ണ് മാറ്റി വയ്ക്കല്‍ മാത്രം ഡോക്ടര്‍മാര്‍ പ്രതിവിധി നിര്‍ദേശിച്ച  ചികല്‍സയുടെ ഒടുവില്‍ ആസ്പത്രിയുടെ പടികളിറങ്ങുമ്പോള്‍ അമ്മുവിന് കണ്ണുകളായത്, അനുജത്തിയെ എന്തിനെക്കാളുമേറെ    സ്നേഹിച്ച  ചേട്ടന്‍  അനന്തുവായിരുന്നു.
 


        തന്റെ തുച്ച വരുമാനത്തില്‍ ഒതുങ്ങാത്തതെന്നു പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും  , കണ്ണാസ്പത്രിയില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്‌  പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കാന്‍ അച്ചുവേട്ടനെ പ്രേരിപ്പിച്ചത്, വര്‍ണ്ണപ്പൂക്കള്‍ ചുറ്റിലും വിതറി കത്തിയമരുന്ന മത്താപ്പും,കമ്പിത്തിരികളുമായി അയല്‍ വീട്ടിലെ കുട്ടികള്‍ മേടപ്പുലരിയെ വരവേല്‍ക്കുമ്പോള്‍ , കണി വെള്ളരിയും കണിക്കൊന്നയും സാക്ഷിയാക്കി കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലെ തന്റെ പ്രാര്‍ത്ഥനയിലെ , പൊന്നിന്‍ കണിക്കൊന്ന പോലെ തിളങ്ങുന്ന വദനവുമായി, പൊട്ടിച്ചിരികള്‍ കൊഴിഞ്ഞു വീഴുന്ന അമ്മുമോളുടെ അടുത്ത വിഷുപ്പുലരിയെ കുറിച്ചുള്ള സ്വപ്നമായിരുന്നു.


 
            എന്നാല്‍ ദൌര്‍ഭാഗ്യം വീണ്ടും വീണ്ടും തള്ളി പിന്നിലാക്കിയ നാളുകളില്‍ ആസ്പത്രികളില്‍  ഊഴവും കാത്തുള്ള വര്‍ഷങ്ങളുടെ  നീണ്ട കാത്തിരിപ്പ്‌.....



            ആ കാത്തിരിപ്പിന് വിരാമാമിടാനായിരുന്നു പoനം പോലും പൂര്‍ത്തിയാക്കാതെ പതിനെട്ടാം വസ്സില്‍ അനന്തു പ്രവാസിയായി മണലാരന്യത്തിലേക്ക് പോയതും....


 
           ഏതോ കൂട്ടുകാരന്‍ മുഖേന ലഭിച്ച വിസയില്‍ ദുബായിലെ ഒരു  റസ്ടോറന്റില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുംബോഴും , മേശ തുടച്ചു വെടിപ്പാക്കുമ്പോഴും അവന്റെ മനസ്സില്‍ , നിറങ്ങളില്‍ വെളിച്ചം നിറയുന്ന മിഴികളുമായി പുലരുന്ന അമ്മുവിന്‍റ നാളെകള്‍   മാത്രമായിരുന്നു.

           പ്രശസ്തമായ ഒരു  സംഘടന  , നഗരത്തില്‍ പുതുതായിവന്ന കണ്ണാസ്പത്രിയുമായി ചേര്‍ന്ന് നടത്തുന്ന കണ്ണ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയേകുറിച്ച് അച്ചുവേട്ടനെ വിളിച്ചറിയിച്ചതും അനന്തുവായിരുന്നു.


             സാധാരണ  ചെലവിന്റെ പകുതി ചെലവില്‍ കഴിയുന്ന ആ ശസ്ത്രക്രിയക്ക് അമ്മുവിന്‍റെ പേര് രജിസ്റ്റര്‍ ചെയ്തതും അവന്റെ നിര്‍ബന്ധത്താലായിരുന്നു.


 
             വര്‍ഷങ്ങളായി ഇരുളടഞ്ഞു കിടക്കുന്ന അച്ചുവേട്ടന്റെയും ഭാര്യയുടെയും മനസ്സില്‍ ഉദയ സൂര്യനെ പോലെ സന്തോഷം മെല്ലെ തലപൊക്കാന്‍ തുടങ്ങിയ നാളുകളിലാണ്‌ അമ്മു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓപറേഷനു ‍  ശേഷം തനിക്ക് ആദ്യമായി കാണേണ്ടത് ഏട്ടനെയാണ്......
 
         
 അങ്ങനെയാണ് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ സ്വന്തം ചെലവില്‍ എമര്‍ജന്‍സി ലീവ്  തരപ്പെടുത്തി   അനന്തു  നാട്ടിലേക്ക് തിരിച്ചത്.  . പുലര്‍ച്ചെ വീട്ടില്‍ നിന്നു എയര്‍ പോര്‍ട്ടിലേക്ക്  പുറപ്പെടെണ്ടതിനാല്‍ അച്ചുവേട്ടന്‍ മാത്രമായിരുന്നു ഡ്രൈവറോടൊപ്പം  എയര്‍ പോര്‍ട്ടില്‍  എത്തിയത് . കാത്തിരിപ്പിനൊടുവില്‍ വിമാനം നിലത്തിറങ്ങിയപ്പോള്‍ അതിരുവിട്ട സന്തോഷം  ,എയര്‍ പോര്‍ട്ടിലെ     പെട്ടെന്നുണ്ടായ  തിരക്കിലും ബഹളത്തിലും പെട്ട് എവിടെക്കോ മറഞ്ഞു.
 


           പിന്നെ.... വിമാനം പതിച്ച ഭൂമിയിലെ, ഇനി കിളിര്‍കാത്ത കരിഞ്ഞുണങ്ങിയ കാട്ടുചെടികളെ പോലെ  പ്രതീക്ഷാ ശൂന്യമായ ഭാവി ജീവിതത്തിന്റെ നേര്‍ക്കാഴ്ച‍യില്‍, കരിഞ്ഞ അനേകം മാംസങ്ങളുടെ ഗന്ധം വഹിച്ചെത്തിയ കാറ്റില്‍, ബോധരഹിതനായി അച്ചുവേട്ടന്‍ നിലത്തു വീണു.
.        

          നിയതിയുടെ വിധിപ്പകര്‍പ്പുമായെത്തിയ കറുത്ത ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, ആളിക്കത്തുന്ന കാഴ്ചകളിലേക്ക് തന്റെ മിഴികള്‍ തുറക്കാന്‍ തയ്യാറാവാതെ, ഇനി ഇരുളിനെ പ്രണയിച്ച് കാലം കഴിക്കുമെന്ന അമ്മുവിന്‍റെ തീരുമാനത്തിന് മുന്നില്‍, അച്ചുവേട്ടന്‍ ഉള്ളിലെരിഞ്ഞ കനലിനെ നിശബ്ധതയുടെ മരവിച്ച ആവരണമിട്ട്  തണുപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.ആ പാഴ് ശ്രമത്തിനു തടയാനാവാതെ ഉള്ളിലെ കനാലിന്റെ ചൂടേറ്റ് വാടി തളര്‍ന്നാണ്  ഇന്നലെ, സഹായ ധനമായി കിട്ടിയ ചെക്ക് കൈയില്‍ പിടിച്ച് അച്ചുവേട്ടന്‍ തളര്‍ന്നു വീണത്‌. 

            ഉടന്‍ ആസ്പത്രിയിലെത്തിച്ച്  പരിശോധനക്ക് ശേഷം  ഡോക്ടര്‍ കണ്ടെത്തിയ രോഗം,  പെട്ടെന്നുണ്ടായ മാനസിക വിഷമം മാത്രമായിരുന്നു.   ഡ്രിപ്പ് നല്‍കി രണ്ടു മണിക്കൂറിനു ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു പുറപ്പെടാന്‍ നിന്ന അച്ചുവേട്ടനെ , കൂടെ വന്ന താന്‍ തടയുകയായിരുന്നു.


         അങ്ങനെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  രാത്രി എന്നോടൊപ്പം  അച്ചുവേട്ടന്‍ എന്റെ വാടക വീട്ടിലേക്കു തിരിച്ചത്.  കിടപ്പുമുറി അദ്ദേഹത്തിന് ഒഴിഞ്ഞു കൊടുത്ത് വീട് ജോലികളില്‍ മുഴുകുമ്പോള്‍ , നന്നായി വിശ്രമം നല്‍കണമെന്ന ഡോക്ടരുടെ വാക്കുകള്‍ ഉള്ളാലെ അനുസരിക്കുകയായിരുന്നു ഞാന്‍ .

        രാവിലെ ഉണര്‍ന്നു പുറത്തേക്കു വന്ന എനിക്ക് കണിയായത്‌, എപ്പോഴോ ഉണര്‍ന്ന്‌ പൂമുഖ  ത്തിരിക്കുന്ന അച്ചുവേട്ടനാണ്.  പിന്നെ എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ , പേമാരി പോലെ പെയ്തിറങ്ങിയ ദുരിതക്കഥകള്‍ക്കൊടുവില്‍ കണ്ണുനീര്‍ കൊണ്ട് മുഖം കഴുകി ചെക്ക് എന്നെ തിരിച്ചേല്‍പ്പിച്ച്  ഇറങ്ങി നടന്ന അച്ചുവേട്ടനെ തടയാനാവാതെ ഞാന്‍ ഇരുന്നു.
            
         തികച്ചു ബാലിശമായ കുറ്റബോധം ഏല്‍പിച്ച തീരുമാനത്തില്‍ നിന്നും അമ്മുവിനെ പിന്തിരിപ്പിക്കാനുറപ്പിച്ച്  വേഷം മാറി പുറത്തിറങ്ങുമ്പോള്‍, ഓര്‍മ്മ വച്ച നാള്‍ മുതല്‍ തന്റെ സങ്കല്‍പ്പത്തിന് സദൃശമായ-  മുപ്പത്തഞ്ച്   ആണ്ടുകളായി തന്റെ ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്ന- പിതൃ സ്ഥാനത്തേക്ക് മനസ്സ് കൊണ്ട് അച്ചു വേട്ടനെ കുടിയിരുത്തുമ്പോള്‍,   അമ്മുവിന്‍റെ മൂത്ത ചേട്ടനായി സ്വയം അവരോധിക്കുകയായിരുന്നു മനസ്സും..
        

         പൊടി മഞ്ഞു വീണ മണ്ണില്‍ പതിഞ്ഞ അച്ചുവേട്ടന്റെ കാല്പാടുകള്‍‍ക്കൊപ്പം നടന്നു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ വെളിച്ചം വിതറുന്ന വിഷുപ്പുലരിയും, നിറങ്ങള്‍ പൂകളില്‍ കുടിയിരിക്കുന്ന  കാഴ്ചയുമായി വന്നെത്തുന്ന  അമ്മുവിന്‍റെ അടുത്ത ഓണക്കാലവും മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ ചിന്തകള്‍ മുളപ്പിക്കാനെന്നപോലെ മഞ്ഞിന്‍ കണങ്ങളും    പേറിയെത്തിയ തണുത്ത കാറ്റ് എന്നെയും തഴുകി കടന്ന് ബസ്‌ സ്ടോപ്പിലെ തണല്‍ മരത്തിന്റെ ചില്ലകളില്‍ ചേക്കേറി.....
    

Monday, February 6, 2012

തെയ്യം

തെയ്യം
(പ്രിയാ രാജ് )
 
          "തെയ്യം കയിപ്പിക്കണം..... തെയ്യം കയിപ്പിക്കണം ...  തെയ്യം ... കയി.. പ്പിക്കണം... "

            നേഴ്സ്    തന്നെ മുറിയില്‍ നിന്നു പിടിച്ച് പുറത്താക്കുമ്പോഴും, അനിയന്റെ    മുറിഞ്ഞ്,  മുറിഞ്ഞ്  അബോധാവസ്ഥയിലേക്ക്  വീഴുന്ന വാക്കുകള്‍ വാതിലിനു പുറത്തും അരവിന്ദന് വ്യക്തമായിരുന്നു.

             അടഞ്ഞ വാതിലിനു  പുറത്തു അയാള്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ഡോക്ടറുടെയും, നേഴ്സ്മാരുടെയും  പറച്ചിലുക‍ള്‍ക്കപ്പുറം  , മയക്കുമരുന്നിന്റെ വീര്യത്തില്‍ ആ ശബ്ദം  അലിഞ്ഞില്ലാതായത് അരവിന്ദന്‍ തിരിച്ചറിഞ്ഞു.

            മങ്ങിയ വെളിച്ചത്തില്‍ നീണ്ടു പോകുന്ന ആസ്പത്രിയിലെ ഇടനാഴിയില്‍  രാത്രിയായതിനാല്‍ തിരക്ക് തീരെ കുറവായിരുന്നു.റൂമിന് അധികം അകലെയല്ലാതെ കാണാവുന്ന ദൂരത്തില്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നില്‍ അയാള്‍ ഇരുന്നു. ചെരിപ്പുകള്‍ അഴിച്ച്  കാലുകള്‍ നീട്ടിവച്ച്‌, കൈകള്‍ മുകളിലേക്കുയര്‍ത്തി വലിച്ച്, കസേരയില്‍ ചാഞ്ഞിരുന്ന്  ആ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം തീര്‍ക്കാന്‍ അയാള്‍ ശ്രമിച്ചു. 

           തണുത്ത മാര്‍ബിള്‍ തറയില്‍ നിന്നും അരിച്ചു കയറിയ തണുപ്പിനൊപ്പം , ഒരു   വര്‍ഷം  മുന്‍പ് മകരക്കുളിരില്‍ , ചൂട്ടുകറ്റയുടെ ചൂടിലും, വെട്ടത്തിലും തറവാട്ടു മുറ്റത്ത്‌ തകര്‍ത്താടിയ തെയ്യങ്ങളേയും , അവരേകിയ അനുഗ്രഹാശിസ്സുകളിലെ  നിരര്‍ഥകതയെയും    തിരിച്ചറിയുകയായിരുന്നു അയാള്‍. പിന്നെ.. ബന്ധങ്ങളുടെ, ബാധ്യതകളുടെ , കടപ്പാടുകളുടെ , ഒരിക്കലും അറുത്തു മാറ്റാന്‍  തനിക്കാവാത്ത ചങ്ങലക്കുള്ളില്‍ എന്നും തന്നെ തളച്ചിടുന്ന അമ്മയുടെ വാക്കുകളിലെ  നിരര്‍ഥകതയും ........

          വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കുടുംബ ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ ഉത്സവം സമാപിച്ചതിന് പിറ്റേ ദിവസമായിരുന്നു അത്.നഗ്നപാദനായി ഉത്സവ നാളുകളിലെല്ലാം ക്ഷേത്ര മുറ്റത്ത്   ഉറഞ്ഞാടിയതിന്റെ അവശഷിപ്പുകളായി,എവിടെയൊക്കെയോ, മുറിഞ്ഞ കാല്പാദങ്ങളില്‍ മരുന്ന് പുരട്ടുകയായിരുന്നു അയാള്‍.
 
            പോക്കുവെയില്‍ മഞ്ഞ നിറം ചാര്‍ത്തിയ  കിഴക്കേ   കോലായയിലേക്ക് , നിറച്ച കിണ്ടിയുമായി വന്ന അമ്മ പറഞ്ഞു. ' ഇഞ്ഞി* ഇനി കണ്ടോ അരവിന്ദാ , തെയ്യം കയിചെന്റെ*  എല്ലാ കൊണവും*  ഇനിക്ക്*  കിട്ടും.  അച്ഛന്‍ എത്ര കൊല്ലം മുമ്പ്  നടത്യതാ* ...പിന്നെ കയിഞ്ഞിട്ടില്ലാലോ* ... അയിന്റെ* എല്ലാ ദോശോം*  ഈ ചെക്കനെല്ലേ* അനുഭവിച്ച് കൂട്ടുന്ന്... ഇപ്പം തെന്നെ നോക്കിയാട്ടെ , ചെക്കന് ഒരു തെളിച്ചം*  ബന്നില്ലേ* ? "
 
             കോലായിലെ തെക്കുകിഴക്കേ കോണിലിരുന്ന്  ഉത്സവത്തിന്‌   കത്തിച്ച കരിപിടിച്ച നിലവിളക്കുകള്‍ തേച്ചു മിനിക്കുകയായിരുന്നു അനിയന്‍. ദേവി സ്തുതിയുടെ ഗാനശകലങ്ങള്‍ അവന്റെ    ചുണ്ടില്‍നിന്നും , ഈണത്തില്‍  ഉതിര്‍ന്നു   വീഴുന്നുണ്ടായിരുന്നു. 

            ഉത്സവദിനങ്ങളില്‍ നാട്ടുകാര്‍ , കിഴക്കേ കയ്യാലയില്‍ നിന്നു , മുറ്റത്തേക്ക് ഊരിയിറങ്ങിയ "ഒറ്റയടിപ്പാതയില്‍ " കയറിയിറങ്ങി കളിക്കുന്ന മകന്റെ തുടയില്‍,  അപ്പോള്‍  ഭാര്യ തല്ലിതീര്‍ത്തത് അമ്മയുടെ വാക്കുകളോടുള്ള അരിശമാണെന്ന്  അയാള്‍ക്കറിയാമായിരുന്നു.

           രാത്രിയില്‍ അനുനയത്തില്‍ അവളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. ' എടോ  എനിക്ക് ഇതിലൊന്നും വലിയ   വിശ്വാസമുണ്ടായിട്ടല്ല. എന്നാലും എല്ലാരും പറയുമ്പോ........പിന്നെ.. .. ഇതുകൊണ്ട് എല്ലാം മാരുന്നെങ്കില്‍ മാറട്ടെ. ശാന്തമായ മനസുമായി അവള്‍ ഉറക്കത്തിലേക്കു വീഴുമ്പോള്‍  അയാള്‍  പ്രാര്‍ത്ഥിക്കുകയായിരുന്നു. ആത്മാര്‍ഥമായിതന്നെ...

           പ്രാര്‍ത്ഥന മന:ശാന്തി ക്കുള്ള മരുന്ന് മാത്രമാണെന്ന് അയാളെ പഠിപ്പിച്ചത്  പ്രവാസമായിരുന്നു.ആടയാഭരണങ്ങളും, അലങ്കാരങ്ങളുമണിഞ്ഞ ദേവീദേവന്മാരുടെ ചിത്രങ്ങളും, പ്രതിമകളും, മനസ്സിനെ എകാഗ്രതയെന്ന ഗുഹയ്ക്കുള്ളിലേക്ക്    നയിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വാഴികാട്ടികളാണെന്ന്     മാത്രമേ അയാള്‍ ധരിച്ചിരുന്നുള്ളൂ.. വിവിധ ദേശക്കാര്‍ക്കും  , നാനാജാതി മതസ്ഥര്‍ക്കുമൊപ്പം മരുഭൂമിയിലെ, ലേബര്‍ ക്യാമ്പുകളിലെ ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞ അയാള്‍ക്കറിയാമായിരുന്നു, സാമ്പത്തിക മാന്ദ്യം  തൊഴില്‍ നഷ്ട്ടപ്പെടുത്തിയ  സഹ മുറിയാന്മാരായ  പാക്കിസ്ഥാനികള്‍ക്കും   , ബന്ഗാളികള്‍ക്കും , സുടാനികള്‍ക്കും , തൊഴില്‍ നഷ്ട്ടപ്പെടുത്തിയത് തങ്ങളുടെ പരദേവതകളല്ലെന്ന്‍.

           രണ്ടു പതിറ്റാണ്ടത്തെ മണലാരണ്യത്തിലെ പ്രവാസം, മോശമല്ലാതൊരു ബാങ്ക് ബാലന്‍സോടെ , കുടുംബ പ്രാരാബ്ധം വഹിക്കാനുള്ള പ്രാപ്തി അയാള്‍ക്കേകിയിരുന്നു. നാട്ടില്‍ തുച്ച വരുമാനക്കാരനായ നേരെ ഇളയ അനിയന്‍, തന്റെ  വരവിലും കവിഞ്ഞൊരു വീട് സ്വന്തമാക്കിയത് , വീട്ടാവശ്യങ്ങള്‍ക്ക് താന്‍ ഒപ്പിട്ട്  നല്‍കിയ ചെക്ക് ആവശ്യത്തിലധികം തുക വിഴുങ്ങിയിട്ടാനെന്നു അറിഞ്ഞപ്പോഴും അയാള്‍ തളര്‍ന്നില്ല. കൂടപ്പിറപ്പിന്റെ സ്വാതന്ത്ര്യമായും, മൂത്ത ജ്യെഷ്ട്ടന്റെ അനിയനോടുള്ള കടമയായും അമ്മ ആ കാര്യത്തെ ന്യായീകരിച്ചപ്പോള്‍ , അത്തരമൊരു ശുഭകാര്യത്തിനു താന്‍ നിമിത്തമായല്ലോ എന്നയാള്‍ ആശ്വസിച്ചു. 

             സമയദോഷത്തിന്റെ പേരും പറഞ്ഞു സദാ വീട്ടിലിരിക്കുന്ന ഇളയ അനിയനും, സ്നേഹാധിക്യതാല്‍ അയാള്‍ക്കൊരു  ബാദ്ധ്യതയായിരുന്നില്ല. എന്നാല്‍ പ്രവാസജീവിതത്തിന് വിരാമമിട്ട്  നാട്ടിലെത്തിയപ്പോഴാണ് , പൂര്‍വ്വികരാരോ പ്രതിഷ്ട്ടിച്ച     കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ട്ടയും, പരദേവതയും പിടിമുറുക്കിയിരിക്കുന്ന അമ്മയും അനിയന്മാരും, അവരുടെ അന്ധവിശ്വാസങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ നില്‍ക്കുന്ന ഭാര്യയും അയാള്‍ക്ക്‌ ചുറ്റിലും അണി നിരന്നത്.
 
           സര്‍പ്പക്കാവിലെ മരങ്ങളില്‍ കെട്ടുപിണഞ്ഞ കാട്ടുവള്ളികള്‍ക്കൊപ്പം , ഇഴ പിരിചെടുക്കാനാവാത്ത, തൂങ്ങിയാടുന്ന നാഗങ്ങളെപ്പോലെ, വേര്‍തിരിചെടുക്കാനാവാത്ത ചിന്തകളുമായി   അനിയന്‍ മൌനത്തിന്റെ ഇടനാഴികളില്‍ ഉലാത്താന്‍ തുടങ്ങി.   ഉറക്കത്തില്‍,    അവ സര്‍പ്പക്കാവിലെ കാട്ടുവള്ളികള്‍ക്കിടയില്‍ നിന്നു ഊര്‍ന്നിറങ്ങി , അവന്റെ സ്വപ്നങ്ങള്‍ക്ക് മുകളിലൂടെ ഇഴഞ്ഞു ഫണം വിടത്തി ചീറ്റിയപ്പോള്‍ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അവന്റെ വാക്കുകള്‍ ചിതറി വീണു.  തെയ്യം കയിപ്പിക്കണം... തെയ്യം കയിപ്പിക്കണം.. ...

      അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം കുരുത്തോലകളാല്‍ തോരണം ചാര്‍ത്തി  കുടുംബ ക്ഷേത്രം വീണ്ടും ദീപാലംകൃതമായത്..
 
        വാരി നിരത്തിയ കവടികള്‍ നോക്കി, ദേവിയുടെ തിരുവചനങ്ങളായി ജ്യോത്സ്യന്‍ ഉതിര്‍ത്തത്, തറവാട്ടിലെ മൂത്ത സന്തതിയില്‍ ദേവിക്കുള്ള പ്രീതിയാണ്.  മങ്ങിയ ഒരോര്‍മ്മയില്‍ . ചുവന്ന പട്ടു ചുറ്റി , ദേവിയുടെ ഉടവാളേന്തിയ അച്ഛന്റെ രൂപം കുഞ്ഞുനാളില്‍ അയാളെ ഏറെ മോഹി പ്പിച്ചിരുന്നു. എന്നാലിന്ന് , ഭാര്യയുടെ അപ്രീതിയില്‍ ആ സ്ഥാനലബ്ധി മനസാ ത്യജിചെങ്കിലും , പ്രശനചിന്തയില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന് എതിര് നില്ക്കാന്‍ അയാള്‍ക്കായില്ല. അങ്ങനെ വെളിച്ചപ്പാടിന്റെ ഭാവഹാവാദികളുമായി   തെയ്യത്തിനു  അകമ്പടി സേവിച്ച  രണ്ടു നാളുകള്‍.. ...

        തെയ്യത്തിന്റെ മുഖമെഴുത്തും  നോക്കി ഓല കൊണ്ട് മറച്ച അണിയറക്കുള്ളില്‍   ഇരുന്ന അനിയന്‍, പെരുവണ്ണാന്റെ മുഖത്ത് തേക്കുന്ന ഓരോ വര്‍ണ്ണങ്ങളേയും തിരിച്ചറിഞ്ഞത് അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ആശ്വാസമേകി.
         അങ്ങനെ ശാന്തമായ കുറച്ചു മാസങ്ങള്‍ ............
 
         പട്ടണത്തിലെ ഒരു തുണിക്കടയില്‍ അയാള്‍   ശരിയാക്കിക്കൊടുത്ത ജോലിക്ക് അനിയന്‍ ദിവസവും പോയി. പിന്നെ ചില ദിവസങ്ങളില്‍ പോകാതായി. ഒടുവില്‍ പോക്കിന്റെ ഇടവേള കൂടിവന്നു..... 
        പറമ്പില്‍ നിന്നു ഇരതേടി മുറ്റത്തെത്തിയ പാമ്പുകളും,  രാത്രിയില്‍ ഇണയെതെടി കൂകിയാര്‍ക്കുന്ന തെക്കെപറമ്പിലെ  കാലന്‍ കോഴികളും , ജ്യോത്സ്യന്റെ കളത്തിനും കവടികള്‍ക്കും മുന്‍പില്‍ വീണ്ടും അയാളെ എത്തിച്ചു.അമ്മയുടെ   നിര്‍ദേശത്താല്‍ .....

              പരിഹാര  കര്‍മങ്ങള്‍ക്കൊന്നും      എടുത്തുമാറ്റാനാവാത്ത,രോഗത്തിന്റെ  ആവരണമണിഞ്ഞ അനിയനോടൊപ്പം ക്ഷേത്ര നടകള്‍ കയറി ഇറങ്ങുമ്പോള്‍  അയാള്‍   സ്വയം ചോദിച്ചു ' പിഴച്ചത് ആര്‍ക്കാണ്? ജ്യോത്സ്യനോ, മുട്ട്‌ ശാന്തിക്കായി, പരദേവതകളെ പ്രതിഷ്ട്ടിച്ച പൂര്‍വ്വികര്‍ക്കോ , അതോ തനിക്കോ? 

           ധനുമാസത്തിലെ , കുളിരിനൊപ്പം ധിഷണയും മരവിച്ചപ്പോഴും അനിയന്‍  വീണ്ടും ഉരുവിട്ടു. "തെയ്യം കയിപ്പിക്കണം.....തെയ്യം കയിപ്പിക്കണം....

         കണ്ണന്‍ പണിക്കരുടെ മന്ത്രച്ചരടുകള്‍ക്ക് തടയാനാവാതെ അനസ്യൂതം തുടരുന്ന ജല്പനം കേട്ട അമ്മ പറഞ്ഞു. " അരവിന്ദാ , എനി* ഒന്നും നോക്കണ്ട . ഇഞ്ഞി* തെയ്യം കയിപ്പിക്കാനുള്ള* തിയ്യതി കണ്ടിട്ട് ‌ വാ .. കയിഞ്ഞ* കൊല്ലം അങ്ങനെയല്ലേ ചെക്കന് * മാറിയത്.  അതേപോലെ  ഇതും മാറും."
 
            പട്ടണത്തിലെ  സ്പെഷ്യാലിറ്റി   ആസ്പത്രിയിലെ മന: ശാസ്ത്രജ്ഞനെയും , അയാള്‍ എഴുതിയ ഭീമമായ തുകയ്ക്കുള്ള മരുന്നിനെയും , ഒട്ടും ഓര്‍ക്കാതെ അമ്മ ‍നടത്തിയ പ്രവചനങ്ങള്‍  പ്രതിരോധിക്കാനാവാതെ  അയാളുടെ ജിഹ്വയും ഒളിച്ചിരുന്നപ്പോള്‍ , അയാള്‍ സ്വന്തം മുറിക്കുള്ളിലേക്ക് നടന്നു.

         മകനെ വേഷം മാറ്റി അയാള്‍ക്ക്‌ അരികിലിരുത്തി, സ്വയം വേഷം മാറുന്നതിനിടയില്‍ ഭാര്യ അയാളോട് പറഞ്ഞു. " ഞാനിപ്പോ പോയില്ലെങ്കില്‍ എന്റെ മോനും ഇതുപോലെയാകും. ഒന്നുകില്‍, ഭ്രാന്തന്‍, അല്ലെങ്കില്‍ വെളിച്ചപ്പാട്. ....

       ആരോടും യാത്രപോലും പറയാതെ  മോനെയുമെടുത്തു അവള്‍ വീട് വിട്ടു ഇറങ്ങിപ്പോകുമ്പോഴും അയാള്‍ മുറിക്കുള്ളില്‍ തന്നെയായിരുന്നു. ചിന്തകള്‍ മേയുന്ന മനസ്സുമായി..
         സാമ്പത്തിക മാന്ദ്യം വിരാമമിട്ട പ്രവാസജീവിതത്തില്‍ നിന്നു നാട്ടില്‍  തിരിച്ചെത്തിയപ്പോഴും ഭാര്യ ഒന്നും തന്നെ പരാതി പറഞ്ഞില്ല.   ഉള്ളിന്റെയുള്ളില്‍ അവളുടെ സന്തോഷം പല വേളകളില്‍ അയാള്‍  തിരിച്ചറിഞ്ഞിരുന്നു. .തന്റെ വീട്ടിലെ ജീവിതചര്യകളിലും വിശ്വാസപ്രമാണങ്ങളിലും  ഒരിക്കലും കൂടിച്ചേരാനാവാതെ ഒറ്റപ്പെട്ട്, എല്ലാവരും ഒറ്റപ്പെടുത്തി , നില്‍ക്കുകയായിരുന്നു അവള്‍. എല്ലാ മാസവും അവളുടെ ശമ്പളം  നിര്‍ബന്ധപൂര്‍വ്വം തന്നെ എല്പ്പിക്കുമ്പോഴും അവളുടെ സന്തോഷത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് .......

         തന്റെ ചിന്തകളൊക്കെയും  വിവിധ വര്‍ണ്ണങ്ങളാര്‍ന്ന്  തെയ്യത്തിന്റെ ആകാരം പൂണ്ടപ്പോള്‍ ,  അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ്  അനിയന്റെ മുറിക്ക്    നേരെ നടന്നു.  ഉടവാളും ചിലമ്പും കൈയിലെടുത്ത്   കോമരത്തിന്റെ ഭാവപ്പകര്‍ച്ചകളെ  കുടിയിരുത്താന്‍ മനസ്സ് ഒഴിച്ചിടുമ്പോള്‍ ,മിനിമം തുക മാത്രം ബാക്കിയായ അക്കൗണ്ട്‌ ബുക്കിലെ സംഖ്യകള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി. 
************************************************************************************************************************************************************************************
 
      വടക്കേ മലബാറിലെ നാട്ടിന്‍ പുറത്തെ ഭാഷാ ശൈലിയിയാണ് ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണം. മലബാറില്‍ തുലാം മാസം പത്തിന് ശേഷം ക്ഷേത്രങ്ങളിലും , കാവുകളിലും കെട്ടിയാടുന്ന കലാരൂപമാണ്‌ തെയ്യം. അവിടുത്തെ , ജനങ്ങളുടെ ജീവിതത്തെയും, വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കാണ് ഈ കലാരൂപതിനുള്ളത്.

ഇഞ്ഞി - നീ
കയിച്ചെന്റെ- നടത്തിയതിന്റെ
കൊണം- ഗുണം, ഫലം
ഇനിക്ക്  - നിനക്ക്
അയിന്റെ - അതിന്റെ
ദോശം - ദോഷം
 ചെക്കന്‍- ആണ്‍കുട്ടി, പയ്യന്‍
തെളിച്ചം - ഉണര്‍വ്വ് , ഉത്സാഹം
ബന്നില്ലേ -വന്നില്ലേ 
 എനി - ഇനി
 കയിഞ്ഞ - കഴിഞ്ഞ
 നട്ത്യാതാ - നടത്തിയത്