Wednesday, June 1, 2011

പ്രിയ കഥാകാരി കമലാസുരയ്യ ക്ക് പ്രണാമം(31.5.2011 Posted in Koottam)

ഇകഴ്ത്തിയും പുകഴ്ത്തിയും ഒരുപാട് വിമര്ശ നങ്ങളും , പ്രശംസയും  നേരിടേണ്ടിവന്ന  ഒരു സാഹിത്യകാരിക്ക്   ആദരവര്‍പ്പിക്കാനായി മാത്രം ഒരു ലേഖനമെഴുതാനുള്ള സാഹിത്യ പരിജ്ഞാനം എനിക്കില്ലെന്ന പൂര്‍ണ്ണ ബോധ്യമാണ് , ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞ എന്റെ മനോധൈര്യത്തെ  വിശകലനം  ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.

        ധ്രോണാചാര്യരും ,  ഏകലവ്യനും മനസ്സിന്റെ ഉള്ളറകളില്‍ പുരാണ കഥാപാത്രങ്ങള്‍ എന്നതിലുപരി,  ജീവസ്സുറ്റ  ചോദനകളായി  നിലകൊള്ളുന്നു എന്ന തിരിച്ചറിവാണ് ,  എന്റെയും,  മറ്റ്  അനേകരുടെയും  പ്രിയ കഥാകാരിക്ക്  അവരുടെ വേര്‍പാടിന്റെ രണ്ടാണ്ട് തികയുന്ന  ദിനത്തില്‍ ഇത്തരമൊരു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എനിക്ക് പ്രേരണയായത്.
ഹൈസ്കൂള്‍  ദിനങ്ങളിലെ  രാത്രികാല  പഠന- ഗൃഹ പാഠ ചെയ്തികള്‍ക്കിടയിലെ വേളകളിലൊന്നിലാണ്  മാധവിക്കുട്ടിയപ്പറ്റി (കമലസുരയ്യ )  ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് . സിലിണ്ടറിന്റെ വ്യാപ്തവും , I = PNR ഉം  അരികത്തു   കൂടെ  പോയെങ്കിലും  തലയ്ക്കുള്ളില്‍ കടന്നു സ്ഥിരതാമസത്തിന് വിസമ്മതിച്ച ദിനങ്ങളായിരുന്നു അത്. ആ ഒഴിവിലേക്കാണ് , കുടുംബ സദസ്സിലെ  അന്നത്തെ വിഷയമായി ( അന്ന് TV പ്രചാരത്തില്‍ വരുന്നേ ഉണ്ടായിരുന്നുളൂ. അതും സമ്പന്നരുടെ വീടുകളില്‍ മാത്രം.)  അവതരിപ്പിച്ച ഏതോ മാസികയില്‍  വന്ന മാധവിക്കുട്ടിയുടെ  ലേഖനത്തെപ്പറ്റിയുള്ള  ചര്‍ച്ചയിലെ ശകലങ്ങള്‍   കയറിവന്നത് .

ലേഖനത്തെയോ അതിന്റെ  നിലവാരത്തെക്കാളോ  ഉപരി,  അതെഴുതിയ  വ്യക്തിയെ പ്പറ്റിയും,  എന്തും  തുറന്നെഴുതുന്ന അവരുടെ ചങ്കൂറ്റത്തെയും  കുറ്റപ്പെടുത്തുന്ന രീതിയില്‍  അഭിപ്രായങ്ങള്‍ പാസ്സാക്കിയാണ് അന്ന്  സദസ്സ്  പിരിഞ്ഞത്. ഒന്നര രണ്ടു മണിക്കൂര്‍ ശ്രവിച്ച  സംഭാഷണശകലങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു ഏകദേശ രൂപം ഞാന്‍ മനസ്സില്‍  രൂപപ്പെടുത്തിയിരുന്നു. ഇത്രയേറെ കുറ്റപ്പെടുത്തണമെങ്കില്‍   "വേണ്ടാത്ത കാര്യങ്ങള്‍ " എന്തൊക്കെയോ അവര്‍ എഴുതിയിട്ടുണ്ടാവുമെന്നു മനസ്സില്‍  ഉറപ്പിക്കുകയും  ചെയ്തു.
അരുതെന്ന് വിലക്കിയ "കനി"  ഭക്ഷിച്ച ആദിമമനുഷ്യന്റെ  പിന്മുറക്കാരിയാനല്ലോ  ഞാനും ! അയല്‍ വീടുകളില്‍ നിന്ന് കൈമാറി വരുന്ന മാസികകള്‍ക്കു അവകാശികള്‍  മൂത്ത സഹോദരങ്ങളായിരുന്നു .പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും തൊടാന്‍ വിലക്കേര്‍പ്പെടുത്തി യിരുന്നെങ്കിലും , ഒരുനാള്‍ എല്ലാവരും ഓരോ ജോലികളില്‍  വ്യാപ്രുതരായിരുന്നപ്പോള്‍ ,  കിടക്കക്കടിയില്‍  നടുവേ  നീളത്തില്‍  മടക്കി വച്ച  ആ  മാസിക  ഞാന്‍  കൈക്കലാക്കി .  വലിയ  ടെക്സ്റ്റ്‌ ബുക്കിനകത്തു ഒളിച്ചു വച്ച് ആ ലേഖനം  വായിക്കുമ്പോള്‍ പേടികൊണ്ടോ  അതോ എന്റെ തിരിച്ചറിവില്ലായ്മ കൊണ്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല.

(സ്ത്രീ പുരുഷ ബന്ധത്തെ ക്കുറിച്ചോ മറ്റോ ആയിരുന്നു അത് )   എന്നാല്‍  അവസാന   ഖണ്ഡികയായി  മേല്‍പറഞ്ഞവയ്ക്കെല്ലാം ഒരുദാഹരണം എന്ന നിലയില്‍ അവര്‍ നല്‍കിയ ഒരു കഥ ഇന്നും   വ്യക്തമായി  ഓര്‍ക്കാന്‍ കഴിയുന്നു. "മരണാസന്നയായി കിടക്കുന്ന ഒരു വൃദ്ധയോട്  ബന്ധുക്കള്‍ അവരുടെ അവസാന ആഗ്രഹം ചോദിക്കുമ്പോള്‍  അവര്‍  തനിക്കു പച്ചപ്പട്ടു ജാക്കറ്റ്  ആവശ്യപ്പെടുന്നതായിരുന്നു"  ആ കഥ. സാന്ദര്‍ഭികമായി അവര്‍ ഉദ്ധരിച്ച ഈ കഥ മാത്രമാണ് ഈ ഒളിച്ചു വായനയില്‍ നിന്നും എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത് .

ഈ കഥതന്നെ യാണ്  പിന്നീട് അവരുടെ കഥകളുടെ വിളനിലമായ  പുന്നയൂര്‍ കുളത്തേക്കും    കല്‍ക്കതയിലെക്കും, ബോംബയിലേക്കും  കടക്കാന്‍ എനിക്കുള്ള  കവാടമായതും.പിന്നെയും  കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ നോവലുകളും , കഥകളും എനിക്ക് കരഗതമായത്‌. പാഠപുസ്തകങ്ങളും , പൂമ്പാറ്റയും , ബാലരമയും ഒഴികെ  മറ്റെന്തും എന്നെ ഒരു "ചീത്തക്കുട്ടി" ആക്കുമെന്ന് എന്നോടുള്ള  വാല്സല്യാധിക്യം  വീട്ടുകാരെ ഉല്‍കണ്ടാ കുലരാക്കിയത്  കൊണ്ടാവാം 'സെന്‍സെറിംഗ് '  കഴിഞ്ഞേ മറ്റ്  പുസ്തകങ്ങള്‍  അവരെനിക്കു തന്നിരുന്നുള്ളൂ .

പിന്നീട് കോളേജിലെ ആദ്യ നാളുകളില്‍ , കൌമാര കുതൂഹലങ്ങള്‍  എന്നിലും  കുഴലൂതാന്‍  തുടങ്ങിയ കാലം പ്രണയ വര്‍ണ്ണങ്ങളിലേക്ക്  കണ്ണുക ളയക്കാന്‍  എനിക്ക് പ്രേരകമായതും  അവരുടെ  കഥകള്‍ തന്നെ.എന്നാല്‍ പിന്നീട്  പഠനശേഷം  പക്വതയാര്‍ന്ന  മനസ്സുമായി ,  ഗൌരവമായി വായനയെ സമീപിച്ചപ്പോഴാണ്  മാധവിക്കുട്ടിയെന്ന കമലാദാസിന്റെ  അനേകായിരം  ആരാധകരില്‍ ഒരാളായി  ഞാനും  മാറിയത്.

കല്‍ക്കത്തയിലെ ബാല്യകാല ജീവിതത്തില്‍ എപ്പോഴും നേരിട്ട ഏകാന്തതയും അനാഥത്വവും നമുക്ക് അവരുടെ  കൃതികളില്‍  ദര്‍ശിക്കാം. ഔദ്യോഗിക തിരക്കുകളിലും എഴുത്തിന്റെ ലോകത്തും എപ്പോഴും  മുഴുകിയിരുന്ന  അച്ഛനമ്മമാരില്‍ നിന്നും  അവഗണനയാണ്,  വീട്ടിലെ വേലക്കാരില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും തന്റെ സംശയ നിവൃത്തി തേടാനും, പിന്നീട്  ആ വിജ്ഞാന ശകലങ്ങള്‍  ചേര്‍ത്തുവച്ചാണ് നമുക്ക്  പ്രിയങ്കരങ്ങളായ കഥകള്‍ പിറവി  കൊണ്ടതെന്നും ,  നീര്‍മാതളം പൂത്തകാലം  നമുക്ക് കാട്ടിത്തരുന്നു .

കല്‍ക്കത്തയിലെ ലാന്‍ഡ് ടൌന്‍സ്  സ്ട്രീറ്റിലെ വീടും പരിസരവും ,  മധ്യാഹ്നങ്ങളില്‍ വന്നെത്തുന്ന  കച്ചവടക്കാരുമായി  സംവദിക്കുന്ന ജോലിക്കാര്‍ , ഇതിനെല്ലാം  സാക്ഷ്യം  വഹിച്ചു  അവര്ക്കിടയിലിരിക്കുന്ന ഒരു ബാലിക .....   അനേക  വര്‍ഷങ്ങള്‍ക്കിപ്പുറവും  ഒരു  മാസ്മരിക ചിത്രം പോലെ വായനക്കാരന്റെ  മനസ്സില്‍ പതിപ്പിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞിരിക്കുന്നു.

നാലപ്പാട്ടെ  നീര്‍മാതളത്തിന്റെ സുഗന്ധം   മാത്രമല്ല അവര്‍ ലോകം മുഴുവനുള്ള വായനക്കാര്‍ക്കിടയില്‍   പകര്‍ത്തിയത് .  പാമ്പിന്‍ കാവിലെ വിഷസര്‍പ്പങ്ങളുടെ ഊതുകളും, കുളത്തിലെ  തണുത്ത വെള്ളത്തിന്റെ, വെയിലും നിലാവും ആ തറവാട്ടു മുറ്റത്തു  തീര്‍ക്കുന്ന  തെങ്ങോലകളുടെയും , മരങ്ങളുടെയും വികലമായ  ചായകള്‍  വരെ  ചിത്രകാരികൂടിയായ   അവര്‍  നമുക്ക് എഴുത്തിലൂടെ  വരച്ചു കാട്ടിത്തരുന്നു.

കറുത്ത കുപ്പായമണിഞ്ഞു ചന്ദന മരങ്ങള്‍ക്കിടയിലേക്ക്‌  മറയുന്നതിനു മുന്‍പേ,  നിറമുള്ള ചേലകള്‍  ചുറ്റി  നിറമാര്‍ന്ന  കഥകള്‍, കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയോടെ  ചൊല്ലിതന്ന  അവരെ  നമുക്കെങ്ങനെ  മറക്കാനാവും?  നൊമ്പരത്തിന്റെ ചേരുവകളിട്ട  നെയ്പ്പായസം വിളമ്പി ത്തന്നു ,  ഒറ്റയടിപ്പാതയിലൂടെ  തനിച്ചു നടക്കേണ്ടി  വരുന്ന  വിധവകളുടെ സ്ഥിതിയില്‍  ആകുലയായി സ്ത്രീ ജനങ്ങള്‍ക്കും  സമൂഹത്തിനും നേരെ ചോദ്യ ശരങ്ങളെയ്യുന്ന  അവരെ നമുക്കെങ്ങനെ  ഫെമിനിസ്റ്റ്  എന്ന് മുദ്ര ചാര്‍ത്താന്‍ കഴിയും ?  

തന്റെ  ശരീരത്തിന്റെ നിഗൂഡതകള്‍ ആളിക്കത്തുന്ന  ചിതാഗ്നിക്ക് മാത്രം മനസ്സിലാകട്ടെഎന്ന് മനസ്സിലുരുവിടുന്ന കടല്‍ മയൂരത്തിലെ       വൃദ്ധകന്യകയായ പ്രൊഫസര്‍ രേണുകാ ദേവി  വായനക്കാരുടെ മനസ്സിലും ആദ്യം ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപമായി നിലകൊള്ളുന്നു . എന്നാല്‍ കഥാന്ത്യത്തില്‍ മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍  തന്റെ സിദ്ധാന്തത്തില്‍ നിന്നും അടിപതറി ഒരു സാധാരണ സ്ത്രീയായി മാറിയ അവരോടു നമുക്ക് വിദ്വേഷ്യമല്ല മറിച്ച് സഹതാപമാണ് തോന്നുക. 

സ്നേഹത്തിന്റെയും കരുതലിന്റെയും തണല്‍ തേടി  അവധിക്കാലത്ത്‌ നാലപ്പാട്ടെത്തുന്ന  പെണ്‍കുട്ടി പിന്നീട് തന്റെ കഥകളില്‍ ചോദിക്കുന്നുണ്ട് "സ്നേഹമയിയായ എന്റെ അമ്മമ്മ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈകൂപ്പി ഭഗവാനോട് പ്രാര്‍ത്ഥിച്ചത്‌, ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി   തറവാടിനു പേരുദോഷം ഉണ്ടാക്കരുതെന്നാണോ എന്ന്. ".  ഇങ്ങനെ ആത്മ വിശകലനം  നടത്തിയ അവരെ  പിന്നീട്  കറുത്ത വസ്ത്രമണിഞ്ഞു    കണ്ടപ്പോഴും           പ്രൊഫസര്‍ രേണുക യോട് തോന്നിയ       അതെ സഹതാപം തന്നെ യാണ്, അവരെ സ്നേഹിക്കുന്ന നമുക്ക്      അവരോടു                  തോന്നിയതും !.
എന്റെ കഥയിലൂടെ,   സമ്പന്നതയിലെ സുഖ സൌകര്യങ്ങള്‍ക്കും , സുഖ ജീവിതത്തിനും  അപ്പുറം സ്ത്രീ ജീവിതത്തിനു - സ്ത്രീ   ശരീരത്തിന് - ഒരാത്മാവുണ്ടെന്നു   വിളിച്ചു പറയാന്‍ വെമ്പി നിന്ന  അനേകം സ്ത്രീകളുടെ പ്രധിനിധിയായി  അവതരിക്കാന്‍  ധൈര്യ ശാലിയായ ആ മഹതിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ? ഇതേ ധൈര്യം തന്നെയാണ് ഇച്ഛാനുസരണം  വിരല്‍തുമ്പുകളില്‍ ‍ മൈലാഞ്ചി ചോപ്പുമായി  ബുര്ഖയില്‍ ആത്മസുഖം തേടാനും അവര്‍ക്ക് തുണയായതും.

ആ മഹതിയെ ഒരിക്കലും നേരിട്ട് കാണാന്‍ കഴിയാത്ത സങ്കടത്തോടൊപ്പം   അസൂയയും തോന്നുകയാണ് ആ ഖബറിടത്തില്‍  അവര്‍ക്ക്    തണലേകി നില്‍ക്കുന്ന വാകമരത്തോടും! പ്രിയ കഥാകാരിയുടെ  സ്മരണകള്‍ക്ക് മുന്‍പില്‍ ആദരവോടെ അനേകം ആരാധകരോടൊപ്പം   ഈ ഞാനും ........