Tuesday, June 12, 2012

തുരുത്തിലെ വിളക്ക്

തുരുത്തിലെ വിളക്ക്  

കടലോരത്തെ നനഞ്ഞ പൂഴി മണ്ണില്‍ ഹരീന്ദ്രന്‍, അവന്തികയുടെ കാലടികളെ പിന്തുടരുമ്പോള്‍, മാളങ്ങളിലേക്ക് ഓടിയൊളിക്കുന്ന ഞണ്ടുകള്‍ക്ക്  പിറകെ ആയിരുന്നു അവള്‍. കണ്ണെത്തും  ദൂരത്തെങ്കിലും  അവള്‍ തന്നില്‍ നിന്നും ഒരുപാട് അകലെയാണെന്ന്‍  ഹരീന്ദ്രന്‍ കണ്ടു. വഴികാട്ടിയായി തന്റെ മുന്നില്‍ നീണ്ട അവളുടെ പാദമുദ്രകളും നനവ് പടര്‍ ന്ന്‍ ,  നിറഞ്ഞു,  മായാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ പിന്‍തുടര്‍ച്ച തടയാനെന്നപോലെ !

     ഏറെ നാളുകള്‍ക്കു ശേഷം മഴ മേഘങ്ങളെ തനിക്കു പിറകിലൊളിപ്പിച്ച്  , സൂര്യന്‍ കടലോരത്തെ നോക്കി പുഞ്ചിരി പൊഴിച്ചെങ്കിലും, മഴക്കാല വറുതിയുടെ ആശങ്കകളുടെ ഇരുണ്ട മുഖ ങ്ങള്‍ക്ക് ചുറ്റിലും തീരം നിശബ്ദമായിരുന്നു .

      ട്രോളിംഗ് നിരോധനം വിശ്രമമേകിയ ബോട്ടുകളുടെ തണലിലിരുന്ന്‍   , അടുത്ത സീസണിലേക്ക് വലകളെ തുന്നി പാകപ്പെടുത്തുന്ന ദാമു മരക്കാന്റെ മനസ്സ് ചുറ്റുപാടുകളുടെ ആവൃതിക്ക് പുറത്താണെന്ന് ഹരീന്ദ്രന് തോന്നി.

തുന്നിക്കൂട്ടിചേര്‍ത്ത വലകള്‍ക്ക് പിന്നില്‍ , പ്രായവും പ്രാരാബ്ധവും സമ്മാനിച്ച ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന മരക്കാന്റെ  മുഖവും ചാരനിറം പൂണ്ട കണ്ണുകളും ഹരീന്ദ്രന് സുപരിചിതമായിരുന്നു. കുഞ്ഞുനാള്‍ മുതലേ ...

     കാറ്റും തിരകളും ഈര്‍പ്പം പടര്‍ത്തിയ കടല്‍ഭിത്തിയിലെ പരന്ന കല്ലുകളൊന്നില്‍ അവന്‍ ഇരുന്നു.

    കടല്‍, തീരത്തിന്സമ്മാനിച്ചപല  വിധമായ ശ൦ഖുകളും ,ചിപ്പികളും തന്റെ മാറില്‍ അടക്കിപ്പിടിച്ചു കിടക്കുന്ന തീരം ......
എപ്പോഴോ തന്നെതലോടി,സമ്മാനങ്ങളേകി കടന്നുപോയ തിരമാലയുടെ  ഓര്‍മകളുടെ   ആലസ്യതിലെന്നപോലെ  നിശബ്ധമായി ..........

     . ഇതുപോലെ ,   കഥാ സാഹിത്യത്തിലെ പല നൂതനഅറിവുകളും പകര്‍ന്നു തന്നതിനോപ്പം മനസ്സിന്റെ ചിപ്പിക്കുള്ളില്‍ വിലയേറിയഒരുമുത്ത്‌ അവശേഷിപ്പിച്ച്  കഴിഞ്ഞുപോയ  തുഞ്ചന്റെമണ്ണിലെ സാഹിത്യ ക്യാമ്പ്‌    അവന്‍  ഓര്‍ത്തു.

        ക്യാമ്പിലെ ആദ്യ ദിനത്തിലെ പ൦ന ക്ലാസ്സില്‍,  അമേരിക്കന്‍ കവയിത്രിയും , നോവലിസ്റ്റുമായ  സില്‍വിയ പ്ലാത്തിന്റെ ജീവിതം  ഗ്രീക്ക് ദുരന്ത നാടകങ്ങളോടുപമിച്ച്  കഥാകൃത്ത്‌ കൃഷ്ണനുണ്ണി സാര്‍ തെല്ലിട നിന്നു... വിഷാദരോഗത്തിന്റെ  മൂര്‍ധന്യത്തിലൊരുനാള്‍ ഗ്യാസ് അടുപ്പിനുള്ളില്‍ മുഖം പൂഴ്ത്തി മരണത്തെ പുല്‍കിയ പ്ലാത്തിന്റെ , ജീവിതത്തിന്റെ ദൈന്യതയും , മരണത്തിന്റെ ഭീകരതയും ക്ലസ്സിനുള്ളിലേക്ക് ആവാഹിക്കനെന്നപോലെ.....


ആ                അര്‍ദ്ധവിരാമത്തിന്റെ  തുടര്‍ച്ചയെന്നോണം, ഒരുമരണത്തിന് സാക്ഷ്യയമായെന്നപോലെ   നിര്‍വികാരമായി പകച്ചിരിക്കുന്ന ക്ലാസ്സിലെക്കാണ് അവന്തിക കടന്നുവന്നത്.

       പരിഷ്ക്കാരത്തിന്റെ ആധിക്യമാണ് ആണ്‍കുട്ടികളെ അവളിലേക്കടുപ്പിച്ചതെങ്കില്‍, അത് തന്നെയായിരുന്നു ബുദ്ധിജീവി നാട്യമുള്ള കഥാകാരി പെണ്‍കുട്ടികളില്‍  നിന്നും അവളെ അകറ്റിയതും.

    എന്നാല്‍  കഥയരങ്ങില്‍, അക്ഷരങ്ങളാല്‍ അവള്‍ മെനെഞ്ഞെടുത്ത കഥകള്‍                    ചിത്രപ്പണികളാല്‍ അലംകൃതമായ  മണ്‍കുടങ്ങള്‍     പോലെ , ചേലുറ്റവയായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും അതിലാവാഹിച്ച്. ......
    
 ഉടഞ്ഞവയെപ്പോലെ, കൂട്ടി ചേര്‍ക്കാനാവാത്ത   ജീവിത യാഥാര്‍ത്യങ്ങളുമായി  മറ്റ് ചിലത് .......

    ചര്‍ച്ചകള്‍ക്കും, വാഗ്വാദങ്ങള്‍‍‍‍ക്കും ,പങ്കിടലുകള്‍ക്കും ഒടുവില്‍ നാലുനാള്‍  പിന്നിടുമ്പോള്‍  ആധുനികതയുടെ വര്‍ണ്ണപകിട്ടിനപ്പുറം എല്ലാവര്‍ക്കും     തങ്ങളുടെ  ചേച്ചിയോ, അനിയത്തിയോ ആയി മാറിയ  അവന്തിക , പക്ഷെ തനിക്ക്......

കൂട്ടുകാര്‍ക്കിടയില്‍, ചാക്രികമായി അവള്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക്  പക്ഷെ കാലചക്രത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. വീണു കിട്ടിയ ഇടവേളകളിലെല്ലാം, എല്ലാവരുടെയും വീടുകളില്‍ സൌഹൃദം പങ്കിടാന്‍ അവള്‍ ഓടിയെത്തി.

    കൂട്ടിയും, കിഴിച്ചും സ്വയം ചോദിച്ചും കഴിച്ചു കൂട്ടിയ ആശങ്കകളുടെ ഒട്ടേറെ നാളുകള്‍ക്കു ശേഷം കടപ്പുറത്ത് ചിലവിടാന്‍ അവളെത്തിയ അടുത്തടുത്ത ദിനങ്ങളിലൊന്നിലാണ് തന്റെ ഇന്ഗിതം അവളെ അറിയിച്ചത്.  നഷ്ട്ടമാവുന്ന ഒരു സൌഹൃദത്തിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ അവള്‍ പറഞ്ഞു ...

  നഗരത്തിലെ വ്യവസായ പ്രമുഖനായ അവളുടെ അച്ഛനെക്കുറിച്ച്...
   സ്നേഹവും കരുതലും മാത്രമുള്ള അമ്മയെക്കുറിച്ച് ...
   തന്റെ ജീവനായ അനിയത്തിയെ ക്കുറിച്ച് ....
   എല്ലാവരും കാത്തിരിക്കുന്ന എം.ബി . എ . കോഴ്സിന്റെ ഫലത്തെക്കുറിച്ച്... 
    ശേഷം അച്ഛന്റെ വിപുലമായ ബിസ്സിനസ്സ് സാമ്രാജ്യത്തിലെ ഒരു പങ്ക് ഏറ്റെടുത്ത് അച്ഛന് സഹായിയാവുന്നതിനെക്കുറിച്ചു...
   ഒടുവില്‍ അച്ഛന്‍ കണ്ടെത്തുന്ന ഒരാളുമായുള്ള വിവാഹത്തെ ക്കുറിച്ച്..  ....          
    പിന്നെ.. ഒരിക്കലും നഷ്ട്ടപ്പെടുത്താനാവാത്ത   താനുമായുള്ള സൌഹൃദ ത്തെക്കുറിച്ച് ....

     തിരിച്ചു പിടിച്ച സൌഹൃദത്തിന്റെ ആശ്വാസവുമായി അവളെ പട്ടണത്തിലേക്ക് യാത്രയാക്കുമ്പോള്‍ മനസ്സിലെ വിങ്ങലില്‍ ചിതറിതെറിച്ചത്‌ , സ്വപ്നങ്ങളുടെ അലുക്കുകള്‍ പിടിപ്പിച്ച  കിന്നരിയിലെ    മുത്തുകള്‍ ......

 മനസ്സില്‍ ആലേഖനം ചെയ്ത രാധാ- കൃഷ്ണ സങ്കല്‍പ്പത്തിന് പകരം വെക്കാന്‍ മറ്റൊരു മൂര്‍ത്ത രൂപമില്ലാതെ കഴിച്ചു കൂട്ടിയ വിരസമായ ദിനങ്ങള്‍ ....

കടല്‍ ഭിത്തിയിലേക്ക് അടിച്ചു കയറിയ വലിയൊരു തിരമാല  മേലാസകലം നനച്ച്‌ ,  ഹരീന്ദ്രനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവന്നു .          കടല്‍തീരത്തെ,  ഇരുട്ടിന്റെ കമ്പളം പുതപ്പിക്കാന്‍  തുടങ്ങുകയാണ്  രാത്രി . ഇരുള്‍ മൂടാന്‍ തുടങ്ങുന്ന കടപ്പുറത്ത് നിന്നും ദാമു മരക്കാന്‍ എപ്പോഴോ പോയിരുന്നു.

    വേലിയേറ്റം നഷ്ട്ടമാക്കിയ കരയില്‍ നിന്നും തന്റെ വിനോദം മതിയാക്കി അവന്തിക അവനടുത്ത്   ഓടിയെത്തി.

   ഇരുളിലാഴുന്ന തീരത്തുനിന്ന് നോക്കിയാല്‍ കാണാവുന്ന കടലിനു നടുവിലെ പച്ചതുരുതിലേക്ക് കണ്ണുംനട്ട്  നവജാതമായൊരു ആവേശത്തോടെ അവന്‍ അവന്തികയോട് ചോദിച്ചു. " നീ കണ്ടിട്ടില്ലല്ലോ തുരുത്തിലെ വിളക്ക് "?

'തുരുത്തിലെ വിളക്കോ' ? അദ്ഭുതവും ആകാംക്ഷയും  നിറഞ്ഞതായിരുന്നു അവളുടെ ചോദ്യം .
   'അതെ. വേലിയേറ്റമുള്ള സന്ധ്യകളില്‍ മാത്രം കാണാനാവുന്നതാ  അത് .ഞാനും  പണ്ടെപ്പോഴോ കണ്ടതാ .. പക്ഷെ അത് കാണണമെങ്കില്‍ ദാ ആ വട്ടക്കല്ലില്‍ കയറി നോക്കണം.'
 വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗജവീരന്മാര്‍ക്ക്‌ സമാനമായ പാറക്കൂട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  ഹരീന്ദ്രന്‍  പറഞ്ഞു.
 മറയാന്‍ തുടങ്ങുന്ന അവളുടെ ഉത്സാഹം തിരിച്ചു പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. "നിരാശവേണ്ടെടോ .. നമുക്കത് കാണാം . ഇപ്പൊ തന്നെ".

    കരയിലേക്ക് അടിച്ചെത്തിയ   ഒരു   തിരമാല,  വെളുത്ത പത മാത്രം അവശേഷിപ്പിച്ചു പിന്‍വാങ്ങിയ ഇടവേളയില്‍, അവന്തികയുടെ കൈ പിടിച്ച് ഹരീന്ദ്രന്‍ പാറക്കു മുകളില്‍ എത്തി.   അവളുടെ പതുപതുത്ത കൈത്തലം തന്റെ കൈയിലൊതുക്കി , മറു കൈ കൊണ്ട് തുരുത്തിലെ ഇല്ലാത്ത വിളക്കിലേക്ക് ചൂണ്ടിക്കാട്ടുമ്പോള്‍ , പാറക്കല്ലിലേക്ക്   ആഞ്ഞടിക്കാനായി മറിഞ്ഞു മറിഞ്ഞു വരുന്ന  വലിയ തിരമാലയിലായിരുന്നു അവന്റെ കണ്ണുകള്‍.

   സാകൂതം തുരുത്തിലേക്ക് നോക്കി നില്‍ക്കുന്ന അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച്‌, തിരയുടെ കൈകളിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോള്‍, ഭീതിയാല്‍ അവന്തിക തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് ഒരു വിറയലോടെ അവന്‍ അറിഞ്ഞു. ആദ്യമായും , അവസാനമായും....
    അപ്പോള്‍ അവര്‍ക്ക് കൂട്ടായി   പടിഞ്ഞാറന്‍ ചക്രവാളത്തില്‍, പച്ചതുരുതിനു പിറകില്‍ ,  സൂര്യനും കടലിലേക്ക്‌ താഴ്ന്നിരുന്നു......പൂര്‍ണ്ണമായിത്തന്നെ ..........

3 comments:

  1. നല്ല എഴുത്ത് ..തുടരുക.

    ReplyDelete
  2. ഭാഷ നല്ലത്. ഉപമകള്‍ പലതും ഉപയോഗിച്ച് നിറം മങ്ങിയവ. എന്നാലും പുതിയ പാതകള്‍ തേടുവാന്‍ ശ്രമിച്ചിരിക്കുന്നതായി കണ്ടു..എഴുതി തെളിയുക. വിമര്‍ശനങ്ങളെ നിറഞ്ഞ മനസ്സോടെ നേരിടുക. ചൂളരുത്, അസഹിഷ്ണുതയും അരുത്....!

    ReplyDelete