Sunday, June 10, 2012

നന്മയുടെ നെയ്ത്തിരികള്‍

          ഴമേഘങ്ങളെ ദൂരേക്ക്‌ വലിച്ച് കൊണ്ട് പോകുന്ന കാറ്റെന്ന പോലെ  നിനച്ച്,  ഞാന്‍ അഴിച്ചു വിട്ട സാന്ത്വന  വചനങ്ങളില്‍ അകന്നുപോകാതെ , അച്ചുവേട്ടന്റെ ദുഃഖം എന്റെ മുന്നില്‍ തന്നെ പെയ്യുകയായിരുന്നു.


 
           ഇപ്പോള്‍ , ആര്‍ത്തലച്ചു പെയ്ത മഴ നേര്‍ത്ത്  നേര്‍ത്ത് വരുന്നത് പോലെ ആ തേങ്ങലുകള്‍.. ..       
    മഴയുടെ അവരോഹണ  വേളയില്‍ ശ്രവ്യമാകുന്ന    ഏതോ പരിചിത  ശബ്ദത്തിനു കാതോര്‍ത്ത്  , തൊടിയില്‍ മകരക്കുളിരേറ്റ്  വിറച്ചുനില്‍ക്കുന്ന ചെടികളില്‍ മിഴികളൂന്നി ഞാനിരുന്നു.

 
           കളക്ടറെറ്റിലെ  അക്കൌണ്ട്സ്     ‍വിഭാഗത്തിലെ , സംഖ്യകള്‍ പെറ്റു കിടക്കുന്ന  ഫയലുകള്‍ക്കിടയില്‍നിന്നും,കണക്കുകളുടെ ഭാരം , ഓഫീസിനു മുന്‍പിലെ തട്ടുകടയിലെ ചൂട് ചായയില്‍ അലിയിക്കാന്‍ പുറത്തിറങ്ങിയ  ദിനങ്ങളിലൊന്നിലാണ് അച്ചുവേട്ടനെ ആദ്യമായി കണ്ടത്.

 
         മംഗലാപുരം വിമാന ദുരന്തത്തിനിരയായവരുടെ  ആശ്രിതര്‍ കളക്ടറെട്ടിനു മുന്‍പില്‍ ഉയര്‍ത്തിയ സമരപ്പന്തലിലെ അനേകം സമരക്കാര്‍ക്കിടയില്‍  ‍  കണ്ട ആ മുഖത്തെ , പിന്നീട് ഇടയ്ക്കിടെ കളക്റ്റരുടെ ചേംബെറിനു  മുന്‍പില്‍ അരങ്ങേറുന്ന പ്രതിഷേധ യോഗങ്ങളിലും , അനുരഞ്ജന ചര്‍ച്ചകളിലും വച്ച് തിരിച്ചറിഞ്ഞു.

 
            കളക്ടറെട്ടിനു മുന്‍പില്‍ നിത്യേനയെന്നോണം അരങ്ങേറുന്ന  അനേകം സമരങ്ങള്‍ക്ക് സാക്ഷിയായിട്ടും , അച്ചുവേട്ടന്‍ മാത്രം വേറിട്ട മുഖമായി മനസ്സില്‍ പതിഞ്ഞത്,   എന്നും ' ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന പോല്‍ മൌനം പൂണ്ട ആ മുഖഭാവമായിരുന്നു.


 
           ധന സഹായം കിട്ടുന്ന മുറക്ക് സമരക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും, ഇടയ്ക്ക് , കളക്ടരുമായി കൂടിക്കാഴചക്ക്    വരുന്ന,      ഇനിയും നഷ്ട്ട പരിഹാരം കിട്ടാത്ത വിരലിലെണ്ണാവുന്ന  ആശ്രിതരുടെ കൂട്ടത്തില്‍ അച്ചുവേട്ടനുമുണ്ടായിരുന്നു.
 

        ആ വരവിനിടയിലെപ്പോഴോ വളര്‍ന്ന  പരിചയത്തില്‍, ഏക മകന്‍ നഷ്ട്ടപ്പെട്ടത്തിന്റെ വ്യഥ ഉള്ളിലൊതുക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു അച്ഛനെയായിരുന്നു ഞാന്‍ കണ്ടത്.
എന്നാല്‍ ഇന്ന്.... ......
 


          സൂര്യ താപം ഉരുക്കി ഒഴുക്കുന്ന ഹിമവല്‍ശൃംഗത്തിലെ നദി പോലെ എന്റെ മുന്‍പില്‍ അണപൊട്ടി ഒഴുകിയത്,  അച്ചുവേട്ടന്റെ തപിക്കുന്ന ഹൃദയത്തില്‍ ഏറെ നാളായി കുമിഞ്ഞു കൂടിയ ഹിമവാനോളം പോന്ന ആധിയായിരുന്നു.


 
        പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്,   ക്ഷേത്രോത്സവത്തിന്  ഗ്രാമത്തിലെ  വീടുകളെല്ലാം വെള്ള പൂശി മുഖം മിനുക്കുന്ന നാളുകളിലൊന്നിലായിരുന്നു  അച്ചുവേട്ടന്റെ മകള്‍ അമ്മുവിന്റെ  ജീവിതത്തില്‍  ‍ ഇരുള്‍ കുടിയേറിയത്. വീട് വെള്ള തേക്കാന്‍ വലിയ   പാത്രത്തില്‍ തിളച്ച  വെള്ളമൊഴിച്ച് വെന്തലിയുന്ന നീറ്റു കക്കയിലേക്ക് , അച്ചുവേട്ടന്റെ  കണ്ണ്  വെട്ടിച്ചെത്തിയ  ഏഴു വയസ്സുകാരി, കമ്പ് കൊണ്ടിളക്കിക്കളി ച്ച്,  സ്വയം കണ്ണുകളിലേക്ക്  ഏറ്റുവാങ്ങിയത് അന്ധകാരത്തെയായിരുന്നു.
ക്ഷേത്രവും ക്ഷേത്രാങ്കണവും ദീപപ്രഭയില്‍ കുളിച്ചു നിന്ന നാളുകളിലെല്ലാം , മകളുടെ മിഴികളിലെ വെട്ടം തെളിയിക്കാന്‍ ആസ്പത്രികള്‍  കയറിയിറങ്ങുകയായിരുന്നു അച്ചുവേട്ടന്‍.
 


       കണ്ണ് മാറ്റി വയ്ക്കല്‍ മാത്രം ഡോക്ടര്‍മാര്‍ പ്രതിവിധി നിര്‍ദേശിച്ച  ചികല്‍സയുടെ ഒടുവില്‍ ആസ്പത്രിയുടെ പടികളിറങ്ങുമ്പോള്‍ അമ്മുവിന് കണ്ണുകളായത്, അനുജത്തിയെ എന്തിനെക്കാളുമേറെ    സ്നേഹിച്ച  ചേട്ടന്‍  അനന്തുവായിരുന്നു.
 


        തന്റെ തുച്ച വരുമാനത്തില്‍ ഒതുങ്ങാത്തതെന്നു പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും  , കണ്ണാസ്പത്രിയില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക്‌  പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കാന്‍ അച്ചുവേട്ടനെ പ്രേരിപ്പിച്ചത്, വര്‍ണ്ണപ്പൂക്കള്‍ ചുറ്റിലും വിതറി കത്തിയമരുന്ന മത്താപ്പും,കമ്പിത്തിരികളുമായി അയല്‍ വീട്ടിലെ കുട്ടികള്‍ മേടപ്പുലരിയെ വരവേല്‍ക്കുമ്പോള്‍ , കണി വെള്ളരിയും കണിക്കൊന്നയും സാക്ഷിയാക്കി കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലെ തന്റെ പ്രാര്‍ത്ഥനയിലെ , പൊന്നിന്‍ കണിക്കൊന്ന പോലെ തിളങ്ങുന്ന വദനവുമായി, പൊട്ടിച്ചിരികള്‍ കൊഴിഞ്ഞു വീഴുന്ന അമ്മുമോളുടെ അടുത്ത വിഷുപ്പുലരിയെ കുറിച്ചുള്ള സ്വപ്നമായിരുന്നു.


 
            എന്നാല്‍ ദൌര്‍ഭാഗ്യം വീണ്ടും വീണ്ടും തള്ളി പിന്നിലാക്കിയ നാളുകളില്‍ ആസ്പത്രികളില്‍  ഊഴവും കാത്തുള്ള വര്‍ഷങ്ങളുടെ  നീണ്ട കാത്തിരിപ്പ്‌.....            ആ കാത്തിരിപ്പിന് വിരാമാമിടാനായിരുന്നു പoനം പോലും പൂര്‍ത്തിയാക്കാതെ പതിനെട്ടാം വസ്സില്‍ അനന്തു പ്രവാസിയായി മണലാരന്യത്തിലേക്ക് പോയതും....


 
           ഏതോ കൂട്ടുകാരന്‍ മുഖേന ലഭിച്ച വിസയില്‍ ദുബായിലെ ഒരു  റസ്ടോറന്റില്‍ എച്ചില്‍ പാത്രങ്ങള്‍ കഴുകുംബോഴും , മേശ തുടച്ചു വെടിപ്പാക്കുമ്പോഴും അവന്റെ മനസ്സില്‍ , നിറങ്ങളില്‍ വെളിച്ചം നിറയുന്ന മിഴികളുമായി പുലരുന്ന അമ്മുവിന്‍റ നാളെകള്‍   മാത്രമായിരുന്നു.

           പ്രശസ്തമായ ഒരു  സംഘടന  , നഗരത്തില്‍ പുതുതായിവന്ന കണ്ണാസ്പത്രിയുമായി ചേര്‍ന്ന് നടത്തുന്ന കണ്ണ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയേകുറിച്ച് അച്ചുവേട്ടനെ വിളിച്ചറിയിച്ചതും അനന്തുവായിരുന്നു.


             സാധാരണ  ചെലവിന്റെ പകുതി ചെലവില്‍ കഴിയുന്ന ആ ശസ്ത്രക്രിയക്ക് അമ്മുവിന്‍റെ പേര് രജിസ്റ്റര്‍ ചെയ്തതും അവന്റെ നിര്‍ബന്ധത്താലായിരുന്നു.


 
             വര്‍ഷങ്ങളായി ഇരുളടഞ്ഞു കിടക്കുന്ന അച്ചുവേട്ടന്റെയും ഭാര്യയുടെയും മനസ്സില്‍ ഉദയ സൂര്യനെ പോലെ സന്തോഷം മെല്ലെ തലപൊക്കാന്‍ തുടങ്ങിയ നാളുകളിലാണ്‌ അമ്മു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓപറേഷനു ‍  ശേഷം തനിക്ക് ആദ്യമായി കാണേണ്ടത് ഏട്ടനെയാണ്......
 
         
 അങ്ങനെയാണ് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ സ്വന്തം ചെലവില്‍ എമര്‍ജന്‍സി ലീവ്  തരപ്പെടുത്തി   അനന്തു  നാട്ടിലേക്ക് തിരിച്ചത്.  . പുലര്‍ച്ചെ വീട്ടില്‍ നിന്നു എയര്‍ പോര്‍ട്ടിലേക്ക്  പുറപ്പെടെണ്ടതിനാല്‍ അച്ചുവേട്ടന്‍ മാത്രമായിരുന്നു ഡ്രൈവറോടൊപ്പം  എയര്‍ പോര്‍ട്ടില്‍  എത്തിയത് . കാത്തിരിപ്പിനൊടുവില്‍ വിമാനം നിലത്തിറങ്ങിയപ്പോള്‍ അതിരുവിട്ട സന്തോഷം  ,എയര്‍ പോര്‍ട്ടിലെ     പെട്ടെന്നുണ്ടായ  തിരക്കിലും ബഹളത്തിലും പെട്ട് എവിടെക്കോ മറഞ്ഞു.
 


           പിന്നെ.... വിമാനം പതിച്ച ഭൂമിയിലെ, ഇനി കിളിര്‍കാത്ത കരിഞ്ഞുണങ്ങിയ കാട്ടുചെടികളെ പോലെ  പ്രതീക്ഷാ ശൂന്യമായ ഭാവി ജീവിതത്തിന്റെ നേര്‍ക്കാഴ്ച‍യില്‍, കരിഞ്ഞ അനേകം മാംസങ്ങളുടെ ഗന്ധം വഹിച്ചെത്തിയ കാറ്റില്‍, ബോധരഹിതനായി അച്ചുവേട്ടന്‍ നിലത്തു വീണു.
.        

          നിയതിയുടെ വിധിപ്പകര്‍പ്പുമായെത്തിയ കറുത്ത ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, ആളിക്കത്തുന്ന കാഴ്ചകളിലേക്ക് തന്റെ മിഴികള്‍ തുറക്കാന്‍ തയ്യാറാവാതെ, ഇനി ഇരുളിനെ പ്രണയിച്ച് കാലം കഴിക്കുമെന്ന അമ്മുവിന്‍റെ തീരുമാനത്തിന് മുന്നില്‍, അച്ചുവേട്ടന്‍ ഉള്ളിലെരിഞ്ഞ കനലിനെ നിശബ്ധതയുടെ മരവിച്ച ആവരണമിട്ട്  തണുപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.ആ പാഴ് ശ്രമത്തിനു തടയാനാവാതെ ഉള്ളിലെ കനാലിന്റെ ചൂടേറ്റ് വാടി തളര്‍ന്നാണ്  ഇന്നലെ, സഹായ ധനമായി കിട്ടിയ ചെക്ക് കൈയില്‍ പിടിച്ച് അച്ചുവേട്ടന്‍ തളര്‍ന്നു വീണത്‌. 

            ഉടന്‍ ആസ്പത്രിയിലെത്തിച്ച്  പരിശോധനക്ക് ശേഷം  ഡോക്ടര്‍ കണ്ടെത്തിയ രോഗം,  പെട്ടെന്നുണ്ടായ മാനസിക വിഷമം മാത്രമായിരുന്നു.   ഡ്രിപ്പ് നല്‍കി രണ്ടു മണിക്കൂറിനു ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു പുറപ്പെടാന്‍ നിന്ന അച്ചുവേട്ടനെ , കൂടെ വന്ന താന്‍ തടയുകയായിരുന്നു.


         അങ്ങനെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  രാത്രി എന്നോടൊപ്പം  അച്ചുവേട്ടന്‍ എന്റെ വാടക വീട്ടിലേക്കു തിരിച്ചത്.  കിടപ്പുമുറി അദ്ദേഹത്തിന് ഒഴിഞ്ഞു കൊടുത്ത് വീട് ജോലികളില്‍ മുഴുകുമ്പോള്‍ , നന്നായി വിശ്രമം നല്‍കണമെന്ന ഡോക്ടരുടെ വാക്കുകള്‍ ഉള്ളാലെ അനുസരിക്കുകയായിരുന്നു ഞാന്‍ .

        രാവിലെ ഉണര്‍ന്നു പുറത്തേക്കു വന്ന എനിക്ക് കണിയായത്‌, എപ്പോഴോ ഉണര്‍ന്ന്‌ പൂമുഖ  ത്തിരിക്കുന്ന അച്ചുവേട്ടനാണ്.  പിന്നെ എന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ , പേമാരി പോലെ പെയ്തിറങ്ങിയ ദുരിതക്കഥകള്‍ക്കൊടുവില്‍ കണ്ണുനീര്‍ കൊണ്ട് മുഖം കഴുകി ചെക്ക് എന്നെ തിരിച്ചേല്‍പ്പിച്ച്  ഇറങ്ങി നടന്ന അച്ചുവേട്ടനെ തടയാനാവാതെ ഞാന്‍ ഇരുന്നു.
            
         തികച്ചു ബാലിശമായ കുറ്റബോധം ഏല്‍പിച്ച തീരുമാനത്തില്‍ നിന്നും അമ്മുവിനെ പിന്തിരിപ്പിക്കാനുറപ്പിച്ച്  വേഷം മാറി പുറത്തിറങ്ങുമ്പോള്‍, ഓര്‍മ്മ വച്ച നാള്‍ മുതല്‍ തന്റെ സങ്കല്‍പ്പത്തിന് സദൃശമായ-  മുപ്പത്തഞ്ച്   ആണ്ടുകളായി തന്റെ ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്ന- പിതൃ സ്ഥാനത്തേക്ക് മനസ്സ് കൊണ്ട് അച്ചു വേട്ടനെ കുടിയിരുത്തുമ്പോള്‍,   അമ്മുവിന്‍റെ മൂത്ത ചേട്ടനായി സ്വയം അവരോധിക്കുകയായിരുന്നു മനസ്സും..
        

         പൊടി മഞ്ഞു വീണ മണ്ണില്‍ പതിഞ്ഞ അച്ചുവേട്ടന്റെ കാല്പാടുകള്‍‍ക്കൊപ്പം നടന്നു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വര്‍ണ്ണങ്ങള്‍ വെളിച്ചം വിതറുന്ന വിഷുപ്പുലരിയും, നിറങ്ങള്‍ പൂകളില്‍ കുടിയിരിക്കുന്ന  കാഴ്ചയുമായി വന്നെത്തുന്ന  അമ്മുവിന്‍റെ അടുത്ത ഓണക്കാലവും മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ ചിന്തകള്‍ മുളപ്പിക്കാനെന്നപോലെ മഞ്ഞിന്‍ കണങ്ങളും    പേറിയെത്തിയ തണുത്ത കാറ്റ് എന്നെയും തഴുകി കടന്ന് ബസ്‌ സ്ടോപ്പിലെ തണല്‍ മരത്തിന്റെ ചില്ലകളില്‍ ചേക്കേറി.....
    

6 comments:

 1. കൊള്ളാം , കഥയിഷ്ടമായി. അച്ചുവേട്ടനെ പോലെ എത്രപേര്‍ ആ ദുരന്തത്തിന്‍റെ തീരാനോവില്‍ ഇന്നും കഴിയുന്നു.

  ReplyDelete
 2. അച്ചുവേട്ടന്റെ വേദന മനസ്സിലാക്കുന്നു. ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതരുമയി ഇടപെടാനുള്ള ഒരവസരം ഉണ്ടായതു കൊണ്ടു തന്നെ, ഈ കഥ വായിക്കുമ്പോൾ ആ മുഖങ്ങളായിരുന്നു മനസ്സു മുഴുവൻ. കഥ നന്നായി പറഞ്ഞു. എല്ലാ വിധ ആശംസകളും.

  ReplyDelete
 3. അച്ചുവേട്ടന്‍ ഒരു നൊമ്പരമായി തോന്നി എന്ന് തന്നെ പറയാം കഥ വായിക്കാന്‍ പാകത്തില്‍ പാരാഗ്രാഫ് തിരിച്ചത് മനോഹരം നല്ല രചനകള്‍ വിടരട്ടെ ആശംസകള്‍

  വേര്‍ഡ്‌ വെരിഫികേഷന്‍ മാറ്റി തന്നു കൊണ്ട് സഹകരിക്കുക എന്നാല്‍ മാത്രമേ ആളുകള്‍ അഭിപ്രായം പറയാന്‍ വരികയുള്ളോ സമയത്തിന് ഇപ്പോള്‍ തീ പിടിച്ച വിലയാണ്

  ReplyDelete
 4. കഥ നന്നായിട്ടുണ്ട്.. ഒരു ദുരന്തം എത്ര പേരുടെ ജീവിതത്തില്‍ ഇരുള്‍ വീഴ്ത്തുന്നു.. ഇനിയും മികച്ച കഥകളുമായി വരൂ

  ReplyDelete
 5. തുടക്കക്കാരിയുടെ ഒരു തരത്തിലുമുള്ള വ്യഗ്രതയും ഇല്ലാതെ സരസമായി തന്നെ എഴുതിയിരിക്കുന്നു അച്ചുവേട്ടന്റെ വേദന വായനക്കാരിലേക്കെത്തിക്കാന്‍ എഴുത്തുകാരിക്ക് സാധിച്ചു എന്ന് പറയാം. ..നല്ല പദ പ്രയോഗങ്ങള്‍ ...ഇനിയും നന്നായി എഴുതുക. തീര്‍ച്ചയായും എഴുത്തിന്റെ ലോകത്തില്‍ നല്ല ഉയര്‍ച്ച പ്രിയക്ക് കിട്ടുന്നതായിരിക്കും. അതിനുള്ളൊരു തുടക്കമായി ഇതിനെ കാണൂ.

  ബ്ലോഗിലെ പേജ് അലൈന്‍ മെന്റ് , ഖണ്ഡികകള്‍ തമ്മിലുള്ള അകലം, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക. വായനാ സുഖം കൂട്ടാന്‍ ഇത് സഹായിക്കും. കഥയ്ക്ക് അനുയോജ്യമായ ചിത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ കഥയുടെ ആകര്‍ഷണീയതയും കൂടും.

  എല്ലാ വിധ ആശംസകളോടെ ...

  ReplyDelete
 6. തുടരുക, ഇനിയും വരട്ടെ പുതിയ പോസ്റ്റുകൾ
  ആശംസകൾ

  ReplyDelete