Wednesday, June 1, 2011

പ്രിയ കഥാകാരി കമലാസുരയ്യ ക്ക് പ്രണാമം(31.5.2011 Posted in Koottam)

ഇകഴ്ത്തിയും പുകഴ്ത്തിയും ഒരുപാട് വിമര്ശ നങ്ങളും , പ്രശംസയും  നേരിടേണ്ടിവന്ന  ഒരു സാഹിത്യകാരിക്ക്   ആദരവര്‍പ്പിക്കാനായി മാത്രം ഒരു ലേഖനമെഴുതാനുള്ള സാഹിത്യ പരിജ്ഞാനം എനിക്കില്ലെന്ന പൂര്‍ണ്ണ ബോധ്യമാണ് , ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞ എന്റെ മനോധൈര്യത്തെ  വിശകലനം  ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.

        ധ്രോണാചാര്യരും ,  ഏകലവ്യനും മനസ്സിന്റെ ഉള്ളറകളില്‍ പുരാണ കഥാപാത്രങ്ങള്‍ എന്നതിലുപരി,  ജീവസ്സുറ്റ  ചോദനകളായി  നിലകൊള്ളുന്നു എന്ന തിരിച്ചറിവാണ് ,  എന്റെയും,  മറ്റ്  അനേകരുടെയും  പ്രിയ കഥാകാരിക്ക്  അവരുടെ വേര്‍പാടിന്റെ രണ്ടാണ്ട് തികയുന്ന  ദിനത്തില്‍ ഇത്തരമൊരു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എനിക്ക് പ്രേരണയായത്.
ഹൈസ്കൂള്‍  ദിനങ്ങളിലെ  രാത്രികാല  പഠന- ഗൃഹ പാഠ ചെയ്തികള്‍ക്കിടയിലെ വേളകളിലൊന്നിലാണ്  മാധവിക്കുട്ടിയപ്പറ്റി (കമലസുരയ്യ )  ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് . സിലിണ്ടറിന്റെ വ്യാപ്തവും , I = PNR ഉം  അരികത്തു   കൂടെ  പോയെങ്കിലും  തലയ്ക്കുള്ളില്‍ കടന്നു സ്ഥിരതാമസത്തിന് വിസമ്മതിച്ച ദിനങ്ങളായിരുന്നു അത്. ആ ഒഴിവിലേക്കാണ് , കുടുംബ സദസ്സിലെ  അന്നത്തെ വിഷയമായി ( അന്ന് TV പ്രചാരത്തില്‍ വരുന്നേ ഉണ്ടായിരുന്നുളൂ. അതും സമ്പന്നരുടെ വീടുകളില്‍ മാത്രം.)  അവതരിപ്പിച്ച ഏതോ മാസികയില്‍  വന്ന മാധവിക്കുട്ടിയുടെ  ലേഖനത്തെപ്പറ്റിയുള്ള  ചര്‍ച്ചയിലെ ശകലങ്ങള്‍   കയറിവന്നത് .

ലേഖനത്തെയോ അതിന്റെ  നിലവാരത്തെക്കാളോ  ഉപരി,  അതെഴുതിയ  വ്യക്തിയെ പ്പറ്റിയും,  എന്തും  തുറന്നെഴുതുന്ന അവരുടെ ചങ്കൂറ്റത്തെയും  കുറ്റപ്പെടുത്തുന്ന രീതിയില്‍  അഭിപ്രായങ്ങള്‍ പാസ്സാക്കിയാണ് അന്ന്  സദസ്സ്  പിരിഞ്ഞത്. ഒന്നര രണ്ടു മണിക്കൂര്‍ ശ്രവിച്ച  സംഭാഷണശകലങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു ഏകദേശ രൂപം ഞാന്‍ മനസ്സില്‍  രൂപപ്പെടുത്തിയിരുന്നു. ഇത്രയേറെ കുറ്റപ്പെടുത്തണമെങ്കില്‍   "വേണ്ടാത്ത കാര്യങ്ങള്‍ " എന്തൊക്കെയോ അവര്‍ എഴുതിയിട്ടുണ്ടാവുമെന്നു മനസ്സില്‍  ഉറപ്പിക്കുകയും  ചെയ്തു.
അരുതെന്ന് വിലക്കിയ "കനി"  ഭക്ഷിച്ച ആദിമമനുഷ്യന്റെ  പിന്മുറക്കാരിയാനല്ലോ  ഞാനും ! അയല്‍ വീടുകളില്‍ നിന്ന് കൈമാറി വരുന്ന മാസികകള്‍ക്കു അവകാശികള്‍  മൂത്ത സഹോദരങ്ങളായിരുന്നു .പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും തൊടാന്‍ വിലക്കേര്‍പ്പെടുത്തി യിരുന്നെങ്കിലും , ഒരുനാള്‍ എല്ലാവരും ഓരോ ജോലികളില്‍  വ്യാപ്രുതരായിരുന്നപ്പോള്‍ ,  കിടക്കക്കടിയില്‍  നടുവേ  നീളത്തില്‍  മടക്കി വച്ച  ആ  മാസിക  ഞാന്‍  കൈക്കലാക്കി .  വലിയ  ടെക്സ്റ്റ്‌ ബുക്കിനകത്തു ഒളിച്ചു വച്ച് ആ ലേഖനം  വായിക്കുമ്പോള്‍ പേടികൊണ്ടോ  അതോ എന്റെ തിരിച്ചറിവില്ലായ്മ കൊണ്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല.

(സ്ത്രീ പുരുഷ ബന്ധത്തെ ക്കുറിച്ചോ മറ്റോ ആയിരുന്നു അത് )   എന്നാല്‍  അവസാന   ഖണ്ഡികയായി  മേല്‍പറഞ്ഞവയ്ക്കെല്ലാം ഒരുദാഹരണം എന്ന നിലയില്‍ അവര്‍ നല്‍കിയ ഒരു കഥ ഇന്നും   വ്യക്തമായി  ഓര്‍ക്കാന്‍ കഴിയുന്നു. "മരണാസന്നയായി കിടക്കുന്ന ഒരു വൃദ്ധയോട്  ബന്ധുക്കള്‍ അവരുടെ അവസാന ആഗ്രഹം ചോദിക്കുമ്പോള്‍  അവര്‍  തനിക്കു പച്ചപ്പട്ടു ജാക്കറ്റ്  ആവശ്യപ്പെടുന്നതായിരുന്നു"  ആ കഥ. സാന്ദര്‍ഭികമായി അവര്‍ ഉദ്ധരിച്ച ഈ കഥ മാത്രമാണ് ഈ ഒളിച്ചു വായനയില്‍ നിന്നും എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത് .

ഈ കഥതന്നെ യാണ്  പിന്നീട് അവരുടെ കഥകളുടെ വിളനിലമായ  പുന്നയൂര്‍ കുളത്തേക്കും    കല്‍ക്കതയിലെക്കും, ബോംബയിലേക്കും  കടക്കാന്‍ എനിക്കുള്ള  കവാടമായതും.പിന്നെയും  കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ നോവലുകളും , കഥകളും എനിക്ക് കരഗതമായത്‌. പാഠപുസ്തകങ്ങളും , പൂമ്പാറ്റയും , ബാലരമയും ഒഴികെ  മറ്റെന്തും എന്നെ ഒരു "ചീത്തക്കുട്ടി" ആക്കുമെന്ന് എന്നോടുള്ള  വാല്സല്യാധിക്യം  വീട്ടുകാരെ ഉല്‍കണ്ടാ കുലരാക്കിയത്  കൊണ്ടാവാം 'സെന്‍സെറിംഗ് '  കഴിഞ്ഞേ മറ്റ്  പുസ്തകങ്ങള്‍  അവരെനിക്കു തന്നിരുന്നുള്ളൂ .

പിന്നീട് കോളേജിലെ ആദ്യ നാളുകളില്‍ , കൌമാര കുതൂഹലങ്ങള്‍  എന്നിലും  കുഴലൂതാന്‍  തുടങ്ങിയ കാലം പ്രണയ വര്‍ണ്ണങ്ങളിലേക്ക്  കണ്ണുക ളയക്കാന്‍  എനിക്ക് പ്രേരകമായതും  അവരുടെ  കഥകള്‍ തന്നെ.എന്നാല്‍ പിന്നീട്  പഠനശേഷം  പക്വതയാര്‍ന്ന  മനസ്സുമായി ,  ഗൌരവമായി വായനയെ സമീപിച്ചപ്പോഴാണ്  മാധവിക്കുട്ടിയെന്ന കമലാദാസിന്റെ  അനേകായിരം  ആരാധകരില്‍ ഒരാളായി  ഞാനും  മാറിയത്.

കല്‍ക്കത്തയിലെ ബാല്യകാല ജീവിതത്തില്‍ എപ്പോഴും നേരിട്ട ഏകാന്തതയും അനാഥത്വവും നമുക്ക് അവരുടെ  കൃതികളില്‍  ദര്‍ശിക്കാം. ഔദ്യോഗിക തിരക്കുകളിലും എഴുത്തിന്റെ ലോകത്തും എപ്പോഴും  മുഴുകിയിരുന്ന  അച്ഛനമ്മമാരില്‍ നിന്നും  അവഗണനയാണ്,  വീട്ടിലെ വേലക്കാരില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും തന്റെ സംശയ നിവൃത്തി തേടാനും, പിന്നീട്  ആ വിജ്ഞാന ശകലങ്ങള്‍  ചേര്‍ത്തുവച്ചാണ് നമുക്ക്  പ്രിയങ്കരങ്ങളായ കഥകള്‍ പിറവി  കൊണ്ടതെന്നും ,  നീര്‍മാതളം പൂത്തകാലം  നമുക്ക് കാട്ടിത്തരുന്നു .

കല്‍ക്കത്തയിലെ ലാന്‍ഡ് ടൌന്‍സ്  സ്ട്രീറ്റിലെ വീടും പരിസരവും ,  മധ്യാഹ്നങ്ങളില്‍ വന്നെത്തുന്ന  കച്ചവടക്കാരുമായി  സംവദിക്കുന്ന ജോലിക്കാര്‍ , ഇതിനെല്ലാം  സാക്ഷ്യം  വഹിച്ചു  അവര്ക്കിടയിലിരിക്കുന്ന ഒരു ബാലിക .....   അനേക  വര്‍ഷങ്ങള്‍ക്കിപ്പുറവും  ഒരു  മാസ്മരിക ചിത്രം പോലെ വായനക്കാരന്റെ  മനസ്സില്‍ പതിപ്പിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞിരിക്കുന്നു.

നാലപ്പാട്ടെ  നീര്‍മാതളത്തിന്റെ സുഗന്ധം   മാത്രമല്ല അവര്‍ ലോകം മുഴുവനുള്ള വായനക്കാര്‍ക്കിടയില്‍   പകര്‍ത്തിയത് .  പാമ്പിന്‍ കാവിലെ വിഷസര്‍പ്പങ്ങളുടെ ഊതുകളും, കുളത്തിലെ  തണുത്ത വെള്ളത്തിന്റെ, വെയിലും നിലാവും ആ തറവാട്ടു മുറ്റത്തു  തീര്‍ക്കുന്ന  തെങ്ങോലകളുടെയും , മരങ്ങളുടെയും വികലമായ  ചായകള്‍  വരെ  ചിത്രകാരികൂടിയായ   അവര്‍  നമുക്ക് എഴുത്തിലൂടെ  വരച്ചു കാട്ടിത്തരുന്നു.

കറുത്ത കുപ്പായമണിഞ്ഞു ചന്ദന മരങ്ങള്‍ക്കിടയിലേക്ക്‌  മറയുന്നതിനു മുന്‍പേ,  നിറമുള്ള ചേലകള്‍  ചുറ്റി  നിറമാര്‍ന്ന  കഥകള്‍, കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയോടെ  ചൊല്ലിതന്ന  അവരെ  നമുക്കെങ്ങനെ  മറക്കാനാവും?  നൊമ്പരത്തിന്റെ ചേരുവകളിട്ട  നെയ്പ്പായസം വിളമ്പി ത്തന്നു ,  ഒറ്റയടിപ്പാതയിലൂടെ  തനിച്ചു നടക്കേണ്ടി  വരുന്ന  വിധവകളുടെ സ്ഥിതിയില്‍  ആകുലയായി സ്ത്രീ ജനങ്ങള്‍ക്കും  സമൂഹത്തിനും നേരെ ചോദ്യ ശരങ്ങളെയ്യുന്ന  അവരെ നമുക്കെങ്ങനെ  ഫെമിനിസ്റ്റ്  എന്ന് മുദ്ര ചാര്‍ത്താന്‍ കഴിയും ?  

തന്റെ  ശരീരത്തിന്റെ നിഗൂഡതകള്‍ ആളിക്കത്തുന്ന  ചിതാഗ്നിക്ക് മാത്രം മനസ്സിലാകട്ടെഎന്ന് മനസ്സിലുരുവിടുന്ന കടല്‍ മയൂരത്തിലെ       വൃദ്ധകന്യകയായ പ്രൊഫസര്‍ രേണുകാ ദേവി  വായനക്കാരുടെ മനസ്സിലും ആദ്യം ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപമായി നിലകൊള്ളുന്നു . എന്നാല്‍ കഥാന്ത്യത്തില്‍ മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍  തന്റെ സിദ്ധാന്തത്തില്‍ നിന്നും അടിപതറി ഒരു സാധാരണ സ്ത്രീയായി മാറിയ അവരോടു നമുക്ക് വിദ്വേഷ്യമല്ല മറിച്ച് സഹതാപമാണ് തോന്നുക. 

സ്നേഹത്തിന്റെയും കരുതലിന്റെയും തണല്‍ തേടി  അവധിക്കാലത്ത്‌ നാലപ്പാട്ടെത്തുന്ന  പെണ്‍കുട്ടി പിന്നീട് തന്റെ കഥകളില്‍ ചോദിക്കുന്നുണ്ട് "സ്നേഹമയിയായ എന്റെ അമ്മമ്മ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈകൂപ്പി ഭഗവാനോട് പ്രാര്‍ത്ഥിച്ചത്‌, ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി   തറവാടിനു പേരുദോഷം ഉണ്ടാക്കരുതെന്നാണോ എന്ന്. ".  ഇങ്ങനെ ആത്മ വിശകലനം  നടത്തിയ അവരെ  പിന്നീട്  കറുത്ത വസ്ത്രമണിഞ്ഞു    കണ്ടപ്പോഴും           പ്രൊഫസര്‍ രേണുക യോട് തോന്നിയ       അതെ സഹതാപം തന്നെ യാണ്, അവരെ സ്നേഹിക്കുന്ന നമുക്ക്      അവരോടു                  തോന്നിയതും !.
എന്റെ കഥയിലൂടെ,   സമ്പന്നതയിലെ സുഖ സൌകര്യങ്ങള്‍ക്കും , സുഖ ജീവിതത്തിനും  അപ്പുറം സ്ത്രീ ജീവിതത്തിനു - സ്ത്രീ   ശരീരത്തിന് - ഒരാത്മാവുണ്ടെന്നു   വിളിച്ചു പറയാന്‍ വെമ്പി നിന്ന  അനേകം സ്ത്രീകളുടെ പ്രധിനിധിയായി  അവതരിക്കാന്‍  ധൈര്യ ശാലിയായ ആ മഹതിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ? ഇതേ ധൈര്യം തന്നെയാണ് ഇച്ഛാനുസരണം  വിരല്‍തുമ്പുകളില്‍ ‍ മൈലാഞ്ചി ചോപ്പുമായി  ബുര്ഖയില്‍ ആത്മസുഖം തേടാനും അവര്‍ക്ക് തുണയായതും.

ആ മഹതിയെ ഒരിക്കലും നേരിട്ട് കാണാന്‍ കഴിയാത്ത സങ്കടത്തോടൊപ്പം   അസൂയയും തോന്നുകയാണ് ആ ഖബറിടത്തില്‍  അവര്‍ക്ക്    തണലേകി നില്‍ക്കുന്ന വാകമരത്തോടും! പ്രിയ കഥാകാരിയുടെ  സ്മരണകള്‍ക്ക് മുന്‍പില്‍ ആദരവോടെ അനേകം ആരാധകരോടൊപ്പം   ഈ ഞാനും ........

Monday, May 23, 2011

കസബിന്റെ വിധി(ലേഖനം ) Posted in Koottam on 7.5.2010

ദേശ സ്നേഹിയായ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിനമായിരുന്നു മെയ്‌ ആര്‍ . മുംബൈ സ്ഫോടനക്കെസിന്റെ വിചാരണ ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കിയ സ്പെഷ്യല്‍ കോടതിയെ നമുക്ക്‌ അഭിനന്ദിക്കാം . ഒപ്പം ഏതൊരു രാജ്യത്തിന്റെയും അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും ചിദ്രമുണ്ടാക്കുന്ന ശക്തി കള്‍ക്ക്‌ മുഴുവന്‍ പാഠംആകുന്ന വിധി പ്രസ്താവം നടത്തിയ പ്രത്യേക കോടതി ജഡ്ജിഎം .എല്‍.തഹ്ലിയാനിയെയും !

സ്വന്തം ഇഷ്ട്ട പ്രകാരം ലെഷ്ക്കര്‍-ഇ-തൊയ്ബ യില്‍ ചേര്‍ന്ന് , ദീര്‍ഖനാളത്തെ പരിശീലനത്തിന് ശേഷം നിരപരാധികളെ കൊന്നൊടുക്കിയ അജ്മല്‍ അമീര്‍ കസബിനു തൂക്ക് കയറില്‍ കുറഞ്ഞ എന്ത് ശിക്ഷ യാണ് നല്‍കേണ്ടത്?

അഭിനന്ദനാര്‍ഹമായ രീതിയിലാണ് പ്രത്യേക കോടതി പതിനേഴു മാസങ്ങള്‍ കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. എണ്‍പത്തിആറു കുറ്റങ്ങളാണ് കസബിനെതിരെ ഉള്ളത് .ഇതില്‍ നാല് എണ്ണത്തില്‍വധ ശിക്ഷയും ,അഞ്ചു എണ്ണത്തില്‍ ജീവ പര്യന്തവും ശിക്ഷ യാണ് കോടതി നല്‍കിയിട്ടുള്ളത് .

കൊലപാതകം,ഗൂഡാലോചന, നിയമവിരുദ്ധപ്രവര്‍ത്തനം രാജ്യതിനെതിരായ യുദ്ധം ,എന്നിയയെല്ലാം കസബിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളാണ് . ഇവയെല്ലാം തെളിയിക്കാന്‍ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ കഴിഞ്ഞു.

രാജ്യം ഏതുമാകട്ടെ ,ഒരു ദേശം കെട്ടിപ്പടുക്കേണ്ടത്, ആ രാജ്യത്തെ യുവ ജനതയാണ് . അപ്പോഴാണ്‌ ഒരു ഇരുപത്തി മൂന്നുകാരന്‍ , മനസാക്ഷിയില്ലാതെ , വിവേചന രഹിതമായി , സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികളുടെ നേര്‍ക്ക്‌ വെടിയുതിര്‍ത്തത് .എഴുപതിരണ്ടു പേരെയാണ് കസബ്‌ അയാളുടെ തോക്കിന് ഇരയാകിയത് .ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നു കോടതി പറഞ്ഞത്‌ വാസ്തവം തന്നെയാണ്.

വിധി കേട്ട് കസബ്‌ പൊട്ടിക്കരഞ്ഞുപോലും! എത്രയോ കുടുംബങ്ങളെ നിരാശ്രയരാക്കി , മനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി ജീവിത കാലം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിനു മുന്‍പില്‍ കസബ്‌ ഒഴുക്കിയത് വെറും മുതല കണ്ണീരാണ് .

എത്രയും പെട്ടന്ന്‍ ശിക്ഷ നടപ്പാവില്ല .വിധിക്ക്‌ എതിരെ കസബിനു ഹൈ കോടതിയിലും , സുപ്രീം കോടതിയിലും അപ്പീല്‍ പോകാം .അതും തള്ളിയാല്‍ രാഷ്ട്രപതി ക്ക് ദയാ ഹര്‍ജി നല്‍കാം .പക്ഷെ ഇതൊന്നും ഒരിക്കലും അനുവദിക്കാ പെടരുത് . "കസബ്‌ ഒരു സാമൂഹിക ശല്യമാണ്" എന്നാണു കോടതി പറഞ്ഞത്‌ .അതിനാല്‍ അപ്പീല്‍ പോവുകയാണെങ്കില്‍ മറ്റ് കോടതികളും ഈ പരാമര്‍ശ ത്തെ അതിന്റെതായ ഗൌരവത്തില്‍ കാണുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം

പാര്‍ലിമെന്റ് ആക്രമണ കേസിലെ അഫ്സല്‍ ഗുരുവിനു വധ ശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെ ,വന്ന മനുഷ്യാവകാശ സംഖടനകള്‍ ഇവിടെ വരില്ലെന്ന്‍ നമുക്ക്‌ ആശിക്കാം .കാരണം തികച്ചും മാനുഷീ കപരമായാണ് ഇന്ത്യ കസബിനോട്‌ പെരുമാറിയത്‌ .കസബിനു വേണ്ടി മുപ്പത്തി അഞ്ചു കോടി രൂപയാണ് ഇന്ത്യ മുടക്കിയത്‌ .ആര്‍താര്‍ റോഡ്‌ ജയിലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത് . പുറമേ നിന്നുള്ള എല്ലാ ആക്രമണങ്ങള്‍ക്കും അതീതമായാണ് അതിന്റെ നിര്‍മാണം.പിന്നെ വിചാരണ കാലത്ത്‌ ഉദര രോഗം വന്നപ്പോള്‍ ജയിലിനകത്ത് ആസ്പത്രി സജ്ജീകരിച്ച് മെച്ചപ്പെട്ട ചികിത്സ തന്നെ നല്‍കി .ഇതിലപ്പുറം ഒരു മാനുഷീക പരിഗണന ഒരു രാജ്യ ദ്രോഹി അര്‍ഹിക്കുന്നില്ല .ഇത് മനുഷ്യാവകാശ സംഖടനക ള്‍‍മനസിലാക്കുമെന്ന് കരുതുന്നു .ഇന്ത്യയുടെ രേഖാ ചിത്രം മുന്നില്‍ വച്ച് ,പുതിയ പുതിയ സ്ഥാനം കണ്ടെത്തി നശീകരണം നടത്താന്‍ പണിപ്പുരയിലിരുന്നു തന്ത്രങ്ങള്‍ മെനയുന്ന മത ഭാന്തന്‍ മാര്‍ക്കും ഈ വിധി ഒരു പാഠം ആവട്ടെ

Sunday, May 22, 2011

റോങ്ങ് ഡിസിഷന്‍..

'പേള്‍ വ്യൂ റീ ജെന്‍സി' യി ലേക്കുള്ള യാത്രയില്‍ താര തീര്‍ത്തും നിശബ്ദ യായിരുന്നു. പുതുമണം മാറാത്ത ' സാന്‍ട്രോ ' യുടെ സീറ്റില്‍ ചാരിയിരുന്ന് റോഡിലേക്ക് കണ്ണുകളയച്ചിരിക്കുന്ന അവളെ കാണുമ്പോള്‍ കുഞ്ഞു നാളില്‍ തന്‍റെ മടിയില്‍ മാറോട്ചേര്‍ന്നിരുന്നു ലോകം കാണുന്ന കുഞ്ഞുതാരയെയാണ് രാധികയ്ക്ക് ഓര്‍മ്മ വന്നത് .

റോഡ്‌ പൊതുവെ വിജനമായിരുന്നു . ആരോടൊക്കെയോ , എന്തിനോടൊക്കെയോ പ്രതിഷേധം തീര്‍ക്കാനെന്നോണം കത്തിയെരിയുന്ന ആദിത്യന്‍ മാനത്തിന്റെ ഉച്ചി യിലെത്തിയിരിക്കുന്നു.

സ്റ്റീരിയോ യില്‍നിന്നൊഴുകിയെത്തുന്ന ഹരിജി യുടെ ഗസലുകള്‍ താര കേള്‍ക്കുന്നുണ്ടോ എന്നുപോലും രാധികയ്‌ക്ക് സംശയം തോന്നി . മുന്‍പാണെങ്കില്‍ ആ ഗസലുകളുടെ മുഴുവന്‍ ശ്രവണ സുഖവും നഷ്ട്ടപ്പെടുത്തി അവളും കൂടെ പാടുമായിരുന്നു. അതും ഉറക്കെയുറക്കെ , താളവും, ലയവുമില്ലാതെ , ഡാഡിയെ ദേഷ്യം പിടിപ്പിക്കാനായി മാത്രം!
പക്ഷെ ഇപ്പോള്‍..................


പുറകിലേക്ക് മറയുന്ന ദ്രിശ്യ ങ്ങളിലേക്ക് കണ്ണുകളുടക്കിയിരിക്കുമ്പോഴും അവയൊന്നും താരയുടെ മനസ്സില്‍ പതിയുന്നില്ലെന്ന്‍ രാധികയ്ക്ക് തോന്നി.

താരയുടെ മനസ്സ്‌ തനിക്കെല്ലാതെ മറ്റാര്‍ക്കാണ് കാണാനാവുക!

രണ്ട് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആകസ്മികമായെ ത്തിയ മൃത്യുവിന്റെ കൂടെ പോകുമ്പോള്‍ താന്‍ ഏകയായി നിറവേറ്റെണ്ട ചുമതലകളും മോഹന്‍ തനിക്ക് കൈമാറുകയായിരുന്നു.

അതിന്റെ ആദ്യ പടിതന്നെയാണ് ഈ യാത്രയും. മോഹന്‍ കൂടെയില്ലാത്ത രണ്ടുമാസ ങ്ങള്‍ക്ക് ശേഷം ആദ്യമായി............ തന്‍റെ മോള്‍ക്ക്‌ വേണ്ടി മാത്രം.


സിറ്റി യിലെ സ്റ്റാര്‍ ഹോട്ടല്‍ആയ 'പേള്‍ വ്യൂ 'വിന്റെ ഗേറ്റ് തുറന്നു തരുമ്പോള്‍ അതികായനായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ണുകളില്‍ പരിചയഭാവം നിഴലിച്ചു . മുന്‍പ് ലീവിന് നാട്ടില്‍ വന്നപ്പോള്‍ നാലോ , അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട് . ഇന്നിപ്പോള്‍ ആദ്യമായി മോഹനില്ലാതെ ..............


ലോണിനോട്‌ ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത് ഹോട്ടല്‍ലിലേക്ക് നടക്കുമ്പോള്‍ , ഓറഞ്ച്ജ് നിറമുള്ള വര്‍ണ്ണകല്ലുകള്‍ പതിച്ച ചുരിദാറില്‍ ഉച്ചവെയിലില്‍ ഭൂമിയിലെക്കിറങ്ങി വന്ന ഒരു നക്ഷത്രമായി തന്റെ താര................


ഹോട്ടല്‍ലിനക ത്തെ റെസ്റ്റൊറന്റില്‍ ഇരിക്കുമ്പോഴും താര നിശബ്ദയായിരുന്നു. അവള്‍ക്കിഷ്ട്ട പ്പെട്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ഇടയില്‍ ഉറഞ്ഞു കൂടിയ മൌനത്തെ തല്ലിയുടച്ചു കൊണ്ട് തന്റെ വാക്കുകള്‍ ചിതറി വീണു.


"ടെല്‍ മീ താരാ, വാട്സ് ബോതെരിംഗ് യൂ "?


ഡൈനിങ്ങ്‌ ടേബിള്‍ അറേഞ്ച്മെന്റിലെ വിടരാന്‍ വെമ്പുന്ന മഞ്ഞ റോസാമുകുളങ്ങളെ മൃദുവായി തലോടിക്കൊണ്ട് താര പതുക്കെ പറഞ്ഞു. " നതിംഗ് , നതിംഗ് മമ്മീ."


"ദന്‍ വൈ യു ബീഹെവ്‌ ലൈക്‌ ദിസ്‌ "? ഈ ഔട്ട്ട്ടിംഗ് പോലും നിനക്ക് വേണ്ടിയല്ലേ? എന്നിട്ടും നീ"...........


തുമ്പപ്പൂവിന്റെ വെണ്മയെ വെല്ലുന്ന ശുഭ്ര വസ്ത്രമണിഞ്ഞ വെയ്ട്ടറുടെ ആഗമനം സംഭാഷണത്തെ മുറിച്ചു.


തനിക്കേറെ ഇഷ്ട്ടപ്പെട്ട ചൈനീസ് ഡിഷ്‌ സ്പൂണും ഫോര്‍കും കൊണ്ട് കുത്തി മറിചിട്ട് താര ഇരുന്നു. ചിക്കന്‍ സൂപ്പില്‍ സ്പൂണിട്ടിളക്കി കഴിച്ചെന്നുവരുത്തി എഴുന്നേറ്റ്‌ കൈകഴുകുന്ന താരക്ക് പിന്നാലെ , ഊണ് മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ ശരിക്കും ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.


ബില്‍ പേ ചെയ്ത് കാറില്‍ കയറുമ്പോഴേക്കും താര സീറ്റില്‍ സ്ഥാനം പിടിച്ചിരുന്നു.

താരയെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഇരമ്പിവന്ന ദേഷ്യം അനുവദിച്ചില്ലെങ്കിലും അനിഷ്ട്ടം വാക്കുകളായി പുറത്തുവന്നു.

"നിനക്കറിയില്ല താരാ, ഒരു നേരത്തെ ഭക്ഷണത്തിന്റെ വില. അല്ല, നിന്നെ അറിയിച്ചിട്ടില്ല ഒന്നും . പക്ഷെ എനിക്ക് .............."

പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് അപ്രതീക്ഷിതമായി താര പറഞ്ഞു." യെസ് മമ്മീ, ഐ നോ . ഐ നോ വെരി വെല്‍ ദാറ്റ്‌ യു ഹാഡ്‌ സഫേട് എ ലോട്ട് . സോ യു ഗെയ്വ്‌ മീ എവെരി തിംഗ് ഐ നീടെഡ് . എവെരി തിംഗ് ഐ വിഷ് ഡ ."
"ബട്ട്‌ യൂ നോ മമ്മീ ......ഡാഡിയുടെ സപരെഷന്‍ , അത് മമ്മിയിലുണ്ടാക്കിയ ഷോക്ക്‌ ...........ഐ നോ ദാറ്റ്‌ വെരി വെല്‍. സോ ഐ ട്രൈട് ടു കണ്‍സോള്‍ യൂ. ബട്ട്‌............ഐ ഡോണ്ട് ഹാവ്‌ എനി സിബിലിംഗ്സ് ടു കണ്‍സോള്‍ മീ. യു ഡിഡിന്‍റ് ഗിവ് മീ വണ്‍. യു ഡിഡി ന്‍റ് ................"

ഇടറിയ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭയന്നിട്ടെന്നപോലെ താര നിര്‍ത്തി.

മുന്നിലെ കാഴ്ചയെ മറച്ചു കൊണ്ട് കിനിഞ്ഞിറങ്ങിയ അശ്രഉ ക്കള്‍ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഒഴുകിയിരങ്ങിയത് സ്മരിക്കാന്‍ പോലും വെറുത്ത അരിഷ്ട്ടതകളുടെ മാത്രം, വരണ്ട, ബാല്യകൌമാരങ്ങളിലെക്കായിരുന്നു.


പാതിമുറിച്ചു കിട്ടുന്ന സ്ലേറ്റ്‌പെന്‍സിലിനപ്പുറം മറ്റൊന്നും സ്വപ്നം കാണാത്ത , തേഞ്ഞുതീരാറായ കടലാസുപെന്‍സില്‍ മുറുകെ പിടിച്ച് തള്ള വിരലും ചൂണ്ടുവിരലും വേദനിച്ച പ്രൈമറി ക്ലാസിലെ ദിനങ്ങള്‍...........

ഒരു മഷിപേനയാല്‍ വര്‍ഷം മുഴുവന്‍ തികയ്ക്കാന്‍ ബാധ്യതപ്പെട്ട ഹൈസ്കൂള്‍ നാളുകള്‍.................

പിന്നെ..........എപ്പോഴും ബന്ധുക്കള്‍ ദാനം തന്നിരുന്ന ചേച്ചിമാര്‍ ഉപയയോഗിച്ചുകഴിഞ്ഞ സാരികള്‍ രൂപമാറ്റം വരുത്തി നീളന്‍ പാവാടയാക്കി ഉടുത്ത്‌നടന്നിരുന്ന കോളേജ്‌ ദിനങ്ങള്‍..........................

തോടിനുള്ളിലേക്ക് ഉള്‍വലിയുന്നൊരു ആമയെപ്പോലെ അപകര്‍ഷതാബോധം തന്നിലേക്കുതന്നെ ഉള്‍വലിയാന്‍ പ്രേരിതമാക്കിയ ബി.സ്സ്.സി. ക്ലാസിലെ സമ്പന്നരായ സതീര്‍ ത്ഥ്യര്‍ക്കിടയിലെ കോളേജിലെ ദിനങ്ങള്‍.................

വിരലിലെണ്ണാവുന്ന കൂടപ്പിറപ്പുകളുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുമ്പോള്‍ , എണ്ണത്തില്‍ ഇരുകൈ വിരലുകള്‍ക്കും അപ്പുറം നില്‍ക്കുന്ന തന്‍റെ കുടുംബത്തെയോര്ത്‌ എന്നും ലജ്ജിച്ചിരുന്നു.

കോടി മണക്കുന്ന ദാവണികളും , കാമ്പസ്സില്‍ പുതു തരംഗം തീര്‍ത്ത സല്‍വാര്‍ കമ്മീസും കൂട്ടുകാരികളുടെ മേനിയെ അലങ്കരിക്കുന്ന ദിനങ്ങളില്‍ , ശപിച്ചിരുന്നു , ഇല്ലായ്മകളിലേക്ക് എണ്ണമറ്റ മക്കളെ തള്ളിവിട്ട അച്ഛനമ്മമാരെ ; തനിച്ചായിരുന്നെങ്കില്‍ ഒന്നിനും പങ്കാളികളാക്കെണ്ടായിരുന്ന കൂടപ്പിറപ്പുക ളെ ; പിന്നെ അനുഭവ യോഗമില്ലാത്ത തന്‍റെ ജന്മത്തെയും!

ജാതകവൈശിഷ്ട്യവും , വിദ്യാഭ്യാസവും മാത്രം പരിഗണിച് അച്ഛ് ന്‍ കണ്ടത്തിയ വധുവിനെ തിരസ്ക്കരിക്കാന്‍ മോഹന് കഴിയില്ലായിരുന്നു. ഏതോ തലമുറയിലെ സൗന്ദര്യം തനിക്ക് പകര്‍ന്നുകിട്ടിയതും മോഹന്‍ പിന്തിരിയാതിരിക്കാനുള്ള ഒരു കാരണമാവാം.

രണ്ടു പതിറ്റാണ്ട് കള്‍ക്ക് ‍മുന്‍പ്‌ മണലാരണ്യത്തിലേക്ക്‌ മോഹനോടൊപ്പം കുടിയേറുംബോള്‍ ഭാവിജീവിതത്തിന്റെ , നോക്കെത്താത്ത നടവഴിയുടെ നിര്‍മ്മാണം താന്‍ മനസ്സില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥനായ മോഹന്‍ ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ തനിക്ക്‌ കൂട്ടായി വന്നത് താര.

ആകസ്മികമായെത്തി, മേലാസകലം ധൂളി പൊതിയുന്ന പൊടിക്കാറ്റില്‍ കണ്ണുകള്‍ അടയുന്നതുപോലെ , മണലാരണ്യത്തില്‍ തന്നെ പൊതിഞ്ഞ സമ്പന്നതയുടെ ഭാഗ്യദിനങ്ങളില്‍ യാഥാ ത്യത്തിനുനേരെ കണ്ണുകളടച്ച് താനെടുത്ത തീരുമാനം തെറ്റിയോ ?

പുത്തനുടുപ്പുകളും ,നാനാവിധ കളിപ്പാട്ടങ്ങളും വൈവിധ്യ മാര്‍ന്ന ഭക്ഷണവും , മുന്തിയ വിദ്യാഭ്യാസവും നേടി താര വളരുമ്പോള്‍ , ഇന്നുവരെ താന്‍ ശരിയെന്നു ധരിച്ചിരുന്ന ഒരു തീരുമാനവും മനസ്സിലെടുത്തിരുന്നു.

ഈ സൌഭാഗ്യമെല്ലാം താരക്ക് മാത്രം മതി.മറ്റൊരവകാ ശിയില്ലാതെ, സമ്പന്നതയുടെ മടിതട്ടിലാവണ്ണം എന്നും തന്‍റെ മകള്‍!
തന്‍റെ തീരുമാനം കേട്ട് ശരിയെന്നോ, തെറ്റെന്നോ പറയാതെ വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്തിയിരുന്ന മോഹന്‍റെ മുഖം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നൂ.

തന്‍റെ ഇന്ഗിതത്തെ എതിര്‍ക്കാതെ അന്ന് മോഹന്‍ കാണിച്ച നിസ്സംഗത തന്‍റെ തീരുമാനത്തിനുള്ള പിന്ബലമായിട്ടാണ് ഇന്നും കരുതുന്നത് .പക്ഷെ താര...........

തന്‍റെ ഇച്ച്ചാനുസരണം പാത്രങ്ങള്‍ മെനെഞ്ഞുടുക്കുന്ന കുശ വന്റെ കൈയിലെ കളിമണ്ണ് പോലെയായിരുന്നു തനിക്കെന്നും തന്‍റെ മകള്‍ .

മകളെന്ന നിലയില്‍ എന്നും തങ്ങള്‍ക്കഭിമാനമായിരുന്നു താര. സുഹൃത്സദസ്സുകളില്‍ , സ്കൂളില്‍ എല്ലാം..........ഇന്റര്‍ നാഷന്നല്‍ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സെക്കണ്ടറി വിജയം. ഇപ്പോള്‍ നാട്ടില്‍ , കോളേജില്‍ തങ്ങളുടെ റാങ്ക് പ്രതീക്ഷ യെന്നു അധ്യാപകര്‍ പറയുന്ന തന്‍റെ പൊന്നുമോള്‍.

പിന്നെ വര്‍ഷങ്ങളായി താന്‍ ഒരുക്കിയെടുതുകൊണ്ടിരിക്കുകയാണ് , സിവില്‍ സര്‍വീസില്‍ ഒരു സ്ഥാനമെന്ന തന്‍റെ ലക്‌ഷ്യം നിറവേറ്റാനായി.അതും തന്‍റെ മോള്‍ സാധിച്ചുതരും. ഉറപ്പാണ്.

പക്ഷേ, തനിക്കൊരിക്കലും നിറവേറ്റികൊടുക്കാന്‍ കഴിയാത്ത തന്‍റെ മോളുടെ ആഗ്രഹം ..................

പരിചിതപഥങ്ങളിലൂടെ സഞ്ചരിച് ലക്ഷ്യസ്ഥാനത്തെത്തിയ അശ്വത്തെപ്പോലെ കാര്‍ വീടിന് മുന്നിലെത്തിയിരിക്കുന്നു .
കാറില്‍നിന്ന്‌ഇറങ്ങി ഗേറ്റ് തുറന്ന്‍ താര കാത്തു നിന്നു. വീണ്ടും ഗേറ്റടക്കന്‍ .

പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങമ്പോഴേക്കും മുന്‍ വാതില്‍ തുറന്ന്‍ താര അകത്തെത്തിയിരുന്നു .

മുകളിലേക്ക്‌ കോണിപ്പടി കയറിപ്പോകുമ്പോള്‍ അകന്നകന്ന് പോകുന്ന ഓരോ കാലടിയൊച്ചയും തന്‍റെ ആത്മാവില്‍ നിന്നു തന്നെ താര അകലുന്നതിന്റെ ആദ്യപടി പോലെ മനസ്സില്‍ ഒരു പ്രഹരമായി , നോവായി............

മനസ്സിന്‍റെ തളര്‍ച്ച ശ രീര ത്തിലേക്ക് പടരുന്നത് തിരിച്ചറിഞ്ഞ് സോഫയിലിരുന്നു .എത്ര ശ്രമിച്ചിട്ടും അടക്കാനാവാതെ നിറഞ്ഞുതുളുമ്പിയ മിഴികളാല്‍ ചുവരിലെ മോഹന്‍റെ ഫോട്ടോയിലെക്ക് നോക്കി .
തന്നോടുള്ള സ്നേഹാധിക്യം അന്ധനാക്കിയ നാളുകളില്‍ ചൂണ്ടിക്കാണിക്കാതിരുന്ന ശരിതെറ്റുകളോര്‍ത്ത് മോഹന്റെ മിഴികളും നിറയുകയാണോ? അതോ തന്‍റെ തോന്നലോ?

ചിത്രലേഖയുടെ നഷ്ടങ്ങള്‍...

എന്തിനാണ് താന്‍ ഇത്രയേറെ രഘുനാഥനെ വെറുക്കുന്നത് എന്ന് ചിത്രലേഖ ഓര്‍ത്തു.
അടുത്ത ദിവസം പോകുന്ന വിനോടയാത്രക്കുള്ള പെട്ടി ഒരുക്കുകയായിരുന്നു അവള്‍. രഘുനാഥന്‍ അപ്പോള്‍ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ചില സാധനങളും കിടക്കയില്‍ പെട്ടിക്ക് ചുറ്റിലും നിരന്നിരുന്നു.
പുതിയ തോര്‍ത്തുകള്‍,സോപ്പ് , ടൂത്ത് ബ്രെഷുകള്‍ മുതലായവ .

എല്ലാ വര്‍ഷവും പതിവുള്ളതായിരുന്നു അങ്ങനെയൊരു യാത്ര. ഡിസംബറില്‍ കുട്ടികളുടെ അവധിക്കാലമായിരുന്നു അവര്‍ പതിവായി യാത്രക്ക് തെരഞ്ഞെടുതത്.
അങ്ങനെ വിവാഹശേഷം ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളും ചിത്രലേഖ കണ്ടിരുന്നു. അല്ല; രഘുനാഥന്‍ അവളെ കൊണ്ടുപോയി കാണിച്ചിരുന്നു.
എന്നിട്ടും................ എന്നിട്ടും തനെന്തിനാണ് രഘുനാഥനെ ഇങ്ങനെ വെറുക്കുന്നത്?
വിവാഹദിനം മുതല്‍ പണിയാന്‍ തുടങ്ങിയ വെറുപ്പിന്‍റെ, ദേഷ്യത്തിന്റെ, മതിലിനു രണ്ടു പതിറ്റാണ്ട് കൊണ്ട് അളന്നു തിട്ടപ്പെടുതാനാവാത്ത ഉയരം വച്ചിരിക്കുന്നു.
സ്നേഹത്തിന്റെ ഒരു നേര്‍ത്ത വെളിച്ചം പോലും നിര്‍ഗമിപ്പിക്കാത്ത തന്‍റെ മനസിന്‌ ചുറ്റും ഉയര്‍ന്നു വന്നിരിക്കുന്ന വന്‍ കോട്ട തന്നെയായിരിക്കൂന്നു ഇന്നത്‌.
അടുത്ത മുറിയില്‍ രഘുനാഥന്‍ കുട്ടികളുമായി അടിപിടികൂടി കളിക്കുകയായിരുന്നു. പത്തൊന്‍പതും, പതിനാറും വയസ്സ് പ്രായമുള്ള രണ്ടു പെണ്മക്കളുടെയും ഏറ്റവും നല്ല കൂട്ടുകാരന്‍ അച്ഛന്‍ തന്നെയായിരുന്നു.
തലയിണകള്‍ ക്കൊണ്ട് വാള്‍പയറ്റ് നടത്തി കളിക്കുകയായിരുന്നു മൂന്നു പേരും. മക്കള്‍ രണ്ടു പേരും ഒരു ഭാഗത്തും അച്ഛന്‍ മറുഭാഗത്തും. ഒടുവില്‍ സ്വയം തോറ്റ്കൊടുക്കുന്ന അച്ഛനെ കിടക്കയില്‍ തള്ളിയിട്ട് തലയിണകൊണ്ട് അടിച്ചു രസിക്കുന്നത് മക്കള്‍ക്കൊരു ഹരമായിരുന്നു. ഇപ്പോള്‍ ഇത്രയേറെ മുതിര്‍ന്ന്ട്ടും!
രഘുനാഥന് മക്കളെ സ്നേഹിക്കാന്‍ കഴിയുമോ?
മക്കളോടോത്ത് എല്ലാം മറന്നു അയാള്‍ കളിചിരിക്കുംബോഴെല്ലാം ചിത്രലേഖ ആലോചിക്കാറുണ്ട്.
"നമുക്ക് ആണ്‍കുട്ടികള് മതി. പ്രത്യേകിച്ചും ആദ്യത്തേത്. എനിക്കതാ ഇഷ്ടം."
വിവാഹത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ അയാള്‍ തന്‍റെ നയം വ്യക്തമാക്കിയിരുന്നു.
പ്രസവ ശേഷം ആസ്പത്രിയില്‍ കു‌ട്ടികളെ കാണാന്‍ വന്ന അയാളുടെ മുഖം കണ്ട് അവള്‍ക്കു ചിരി വന്നു. അരുതാത്തത് എന്തോ കണ്ട് പ്രക്ഞ്ഞഅറ്റതുപോലെ വിളറിയിരുന്നു അയാളുടെ മുഖം. അങ്ങനെയുള്ള രഘുനാഥന്‍ മക്കലോടുകാട്ടുന്ന സ്നേഹം യാഥാര്‍ത്യമോ ?
ചിത്രലേഖയുടെ ഈ സംശയം തികച്ചും ന്യായമല്ലേ?
അതുകൊണ്ട്തന്നെ അയാള്‍ തന്‍റെ സഹോദരങ്ങളുടെ ആണ്‍ മക്കളെ എടുക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീ സഹജമായ അസൂയയോടെയായിരുന്നു അവള്‍ നോക്കിക്കണ്ടത്.
രാഘുനാധനോടുള്ള തന്‍റെ വെറുപ്പിന്‍റെ ഒരു കാരണം ഇതാണെന്ന് അവള്‍ക്കറിയാമായിരുന്നു. പിന്നെയോ ?
പ്രായത്തിന്റെ അന്തരം മുഖ്യവിഷയമായി എടുത്തു വിവഹലൊചനയെ എതിര്‍ത്ത് കാരണവര്‍മാര്‍ നിരത്തിയ ന്യായാന്യങ്ങളെ മൌനം കൊണ്ടായിരുന്നു ചിത്രലേഖ എതിര്‍ത്തതു.
തന്‍റെ അന്തരന്ഗത്തിലെ ഗോപ്യമായൊരു ആഗ്രഹത്തിന്റെ സഫലീകരണം നിറച്ച്‌ പ്രായത്തിന്‍റെ വിടവ് അവള്‍ നികത്തി.
അങ്ങനെ മുതിര്‍ന്നഒരാള്‍ക്കുമാതമേ തനിക്കു ലഭ്യമാകാതെ പോയ പിതൃസ്നേഹം, ജ്യേഷ്ഠസഹോദരന്റെ കരുതല്‍, പിന്നെ പതിയുടെ പ്രേമവായ്പുകള്‍ എല്ലാം നല്കാന്‍ കഴിയൂ എന്നവള്‍ കരുതി.
മിഥ്യാധാരണകളുടെ സംഗല്പ ലോകത്തുനിന്നും യാഥാര്‍ത്യത്തിന്റെ മാത്രം ലോകത്തേക്ക്‌ രഘുനാഥന്‍ അവളെ കൂട്ടിക്കൊണ്ട് വന്നു. വിവാഹദിനത്തില്‍തന്നെ.
നല്ലൊരു ഭര്‍ത്താവായി, പ്രേമപ്രകടനങ്ങളും, സ്രിംഗാര ചേഷ്ട കളും കൊണ്ട് പത്നിയെ ആഹ്ലാദചിതതയാക്കാന്‍ അയാള്‍ സദാ സന്നദ്ധന്‍ആയിരുന്നു. ഒരു പതി എന്ന നിലയില്‍ മാത്രം!
ചിത്രലേഖ ഏറെ വേരുത്തതും അവളെ വളരെയേറെ വേദനിപ്പിച്ചതും അതായിരുന്നു.
കരുവാളിച്ചു തുടങ്ങിയ നഖക്ഷതംങള്‍ക്കുമീതെ വീണ്ടും പോറലുകള്‍ തീര്‍ത്ത് തന്‍റെ കളിപ്പട്ടമെന്നപോലെ രഘുനാഥന്‍ അവളുടെ മേനിയെ ഉപയോഗിക്കുമ്പോള്‍ ശൂന്യമായ മനസുമായി അവള്‍ കിടന്നു. ഒടുവില്‍ തിരിഞ്ഞുകിടന്നുറങ്ങുന്ന അയാളുടെ അടുത്ത് മാറിലെ പോറലുകള്‍ വിരലുകള്‍കൊണ്ട് തടവി ഉറങ്ങാതെ കിടക്കുമ്പോള്‍ മനസ്സിലെ മുറിവുകള്‍ക്ക്‌ മരുന്ന് കണ്ടെത്താനാവാതെ അവള്‍ നിസബ്ധമായി കരഞ്ഞു.
സജലങ്ങളായിമാറിയ അവളുടെ മിഴികളോപ്പാന്‍ അച്ചനായോ, ജ്യെഷ്ട്ടനായോ അയാള്‍ മാറിയില്ല. ഒരിക്കലും.
ഒരു കൂട്ട്കുടുംബത്തിലെ അങ്ങമായിരുന്നു രഘുനാഥന്‍. വീട് നിറയെ ആളുകള്‍.പകല്‍ വീടുജോലികള്‍ക്കിടയില്‍ അവളുടെ ഉറക്കം തൂങ്ങിയ കണ്ണുകളും കരുവാളിച്ച അധരവും കണ്ട് സഹോദരഭാര്യമാര്‍ പരസ്പരം അര്‍ഥംവച്ച് ചിരിച്ചു.
ലജ്ജയാല്‍ തലകുനിചിരുന്ന അവളുടെയുള്ളില്‍ രഘുനാഥനെതിരെ മുളപൊട്ടിയ അമര്‍ഷത്തിന്റെ വിത്തുകള്‍ക്ക് മേലുള്ള ജലാഭിഷേകമായിരുന്നു അവരുടെ പരിഹാസചിരികള്‍.
ശോ ഷിചിരുന്ന അവളുടെ ശരീരം നാളുകള്‍ക്കുള്ളില്‍ തന്നെ മാറിയത് കണ്ട് അയലത്തെ പെണ്ണുങ്ങള്‍ പാതികളിയായും പാതി കാര്യമായും പറഞ്ഞു.
"ഇഞ്ഞി വല്ലാണ്ട് മാറിപ്പോയല്ലോ ചിത്രെ. തടിയെല്ലാം വരാന്‍ തൊടങ്ങിയല്ലോ. ങ്ഹും.... രഘു ഇന്നെ നല്ലോണം നോക്ക്ന്നു ണ്ടല്ലേ ?
അര്‍ഥം വച്ച് ചിരിക്കുന്ന അവരുടെ കൂടെ ജ്യേഷ്ഠഭാര്യമാരും പങ്ങ്ക് ചേര്‍ന്നപ്പോള്‍ അവള്‍ മനസ്സില്‍ പറഞ്ഞു.
"ഇല്ല രഘുനാഥ.......... നിങ്ങളെ സ്നേഹിക്കാന്‍ എനിക്കാവില്ല."
കേന്ദ്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രഘുനാഥന്‍. വിവാഹശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അയാള്‍ പുതിയ വീട് വച്ച് താമസം മാറി.
ചിത്രലേഖയെ അയാള്‍ക്ക് ജീവനായിരുന്നു. അവള്‍ക്കു അയാള്‍ വില കൂടിയ സാരികള്‍ വാങ്ങിക്കൊടുത്തു. പുതിയ ഡിസൈന്‍ ആഭരണംങളും ചെരിപ്പുകളും ധരിപ്പിച്ചു പുറത്തു ചുറ്റിക്കരക്കാനും, സുഹൃത്ത്‌ ക്കളുടെ വിരുന്നു സല്ക്കാരങ്ങള്‍ക്കും കൊണ്ടുപോയി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി.
ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് നശിപ്പിക്കേണ്ടിവരുന്ന ബീജങ്ങളെപ്പോലെ പിറക്കാത്ത ആഗ്രഹങ്ങളുമായി ചിത്രലേഖ രഘുനാഥനുവേണ്ടി ജീവിച്ചു. ഇരുപതു വര്‍ഷം.
അറ്റം പിളര്‍ന്നുതുടങ്ങിയ മുടി അവള്‍ വെട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു. പിന്നെ ഇട തൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു " ഇതാണ്, നിന്‍റെയീ നീണ്ട മുടിയാണ് എനിക്ക് കാണേണ്ടത്."
ങ്ഹാ....... ഇനിയും കഴിഞ്ഞില്ലേ? ചോറെടുത്ത് വെക്ക്. അവളെ ചിന്തയില്‍നിന്ന്ഉണര്‍ത്തിക്കൊണ്ട് അച്ഛനും മക്കളും മുറിയിലേക്ക് വന്നു.
അത്താഴം കഴിക്കുമ്പോള്‍ രഘുനാഥന്‍ പറഞ്ഞു " എടോ ഉച്ചക്കേ പറയണംന് വിചാരിച്ചതാ തന്‍റെ ഇന്നതെയീ ഫിഷ്‌കറി ഉഗ്രനായിട്ടുണ്ട്. അല്ലേ മക്കളെ. "
മക്കള്‍ രണ്ടുപേരും അത് ശെരിവച്ച് തല കുലുക്കിസമ്മതിചപ്പോള്‍ ഒരു മന്ദഹാസതോടെ ചിത്രലേഖ അഭിനന്ദനം സ്വീകരിച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ രഘുനാഥന്‍ വാചാലനായിരുന്നു. നീലഗിരിക്ക്ന്നുകളെയും, കൊടൈക്കനാലിലെ തണുപ്പിനെയും, ഊടിയിലെ പുഷ്പോല്സവത്തിലെ പനിനീര്‍പൂക്കളെപറ്റിയും അയാള്‍ വാതോരാതെ പറയുന്നത് കേട്ട് ചിത്രലേഖ കിടന്നു; നല്ലൊരു കേള്‍വിക്കാരിയായി .
പിന്നെ, മൂന്നാറിലെ തേയിലതോട്ടങ്ങളും ആ തോട്ടങ്ങളെ പുതപ്പിക്കുന്ന മൂടല്‍ മഞ്ഞും എന്നും തന്നെ മത് പിടിപ്പിച്ചിറുന്നെന്നും അയാള്‍ പറഞ്ഞു.
വെളുത്ത മേനിയിലെ തണുത്ത അധരങ്ങളാല്‍ തേയിലകള്‍ക്ക് മുത്തമിട്ടു വീണലിയുന്ന സ്വേത കണങ്ങലെപ്പോലെ ഒടുവില്‍ രഘുനാഥനും തന്‍റെ കൈകളാല്‍ അവളെ ആവരണം ചെയ്തു, അധരങ്ങളില്‍ മുദ്രകള്‍ ചാര്‍ത്തി അവളുടെ മേനിയില്‍ വീണു ലയിച്ചു.
തന്‍റെ മനസിന്‍റെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി അയാളെ തേജോവധം ചെയ്യുകയും ഒടുവില്‍ ശിക്ഷ വിധിക്കുകയും ചെയ്യുന്ന അവളുടെ മനസ്സറിയാതെ, തിരിഞ്ഞുകിടന്നുകൊണ്ട് അയാള്‍ പറഞ്ഞു " നാളെ ഇവിടുന്നു ആറ്മണിക്ക് തന്നെ പുറപ്പെടണം. ഏഴിനാണ് കോഴിക്കൊടെക്കുള്ള ട്രെയിന്‍."
പിറ്റേന്ന് കാലത്ത് അഞ്ചുമണിക്കുനര്‍ന്ന ചിത്രലേഖ കുളികഴിഞ്ഞുവന്നിട്ടും രഘുനാഥന്‍ ഉണര്‍ന്നിരുന്നില്ല.
പാതി ചരിഞ്ഞും പാതി കമഴ്ന്നും കിടന്നുറങ്ങുന്ന അയാളെ നോക്കിനില്‍ക്കുമ്പോള്‍ അവള്‍ക്കു അവജ്ഞ നിറഞ്ഞ ചിരിവന്നു.
"രഘുനാധാ നിങ്ങലരിയുന്നില്ലല്ലോ നിങ്ങളെ ഞാന്‍ വന്ജിക്കുന്നത്. ഇരിപതു വര്‍ഷമായി ഒട്ടും........... ഒട്ടും സ്നേഹിക്കാതെ."
രഘുനാധനെ വിളിച്ചുനര്‍താനുള്ള അവളുടെ ശ്രമം കരച്ചിലായി മാറിയപ്പോള്‍ അടുത്ത മുറിയില്‍നിന്നും കുട്ടികള്‍ ഓടിയെത്തി. പിന്നെ അതൊരു കൂട്ടനിലവിളിയായി അയല്‍വീടുകളിലെത്തി.
ഏഴുമണിക്കുള്ള കോഴിക്കോട്മെയില്‍ ഓടിക്കിതച്ചു വരുന്നതും അല്പം വിശ്രമിക്കാനായി നെഞ്ഞിടിപ്പോടെ റെയില്‍വേസ്റ്റേഷനില്‍ നിന്നതും തൊട്ടടുത്ത സിറ്റി ഹോസ്പിറ്റലിലെ ഐ.സീ.യു. വിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചിത്രലേഖക്ക് കേള്‍ക്കാമായിരുന്നു.
സ്ടെതസ്ക്കൊപ്പ് ചുരുട്ടിപ്പിടിച്ചു ഐ.സീ. യു. വില്‍ നിന്നും പുറത്തിറങ്ങിയ ഡോക്ടര്‍ ചുറ്റിലും കൂടിനിന്ന അയല്‍ക്കാരോട് പറഞ്ഞു.
"കാര്‍ഡിയക്ക് അറസ്റ്റ് ആയിരുന്നു.ഞ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെ എത്തുമ്പോഴേ ........................"
പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ വാചകങ്ങള്‍ക്ക് പിന്നാലെ
സ്ട്രെ കെച്ചറിന്റെ ഉരുളുന്ന ശ ബ്ദം ചിത്രലേഖയെ വര്‍ത്തമാനതിലേക്കു ഉണര്‍ത്തി.
വെള്ളതുണി മൂടിയ ചേതനയറ്റ രഘുനാഥന്റെ ദേഹത്ത് വീണു ചിത്രലേഖ കരഞ്ഞു.
ഇനി തനിക്കു കുറ്റപ്പെടുത്താന്‍, വെറുക്കാന്‍ ആരുമില്ലലോ എന്നോര്‍ത്ത്

മോഹം(കഥ)...

വര്‍ഷകാല ദിനങ്ങളിലെന്നോ മഞ്ഞ ചായമടിച്ച ബ്രെണ്ണന്റെ ചുവരുകളില്‍ പടര്‍ന്ന നനവ് അവളുടെ ഓര്‍മകളില്‍ നിന്ന് മാ ഞ്ഞുപോയിരുന്നു.ചെമ്മണ്ണണിഞ്ഞ പാദരക്ഷകള്‍ നീളന്‍ വരാന്ദകളില്‍ തീര്‍ത്ത അവ്യക്ത ചിത്രങ്ങള്‍ എന്നേ ഓര്‍മകളില്‍ നിന്ന് അവള്‍ കഴുകികളഞ്ഞിരുന്നു .


ചിത്രങ്ങളിലും, ടി.വി.യിലും മാത്രം കണ്ടിട്ടുള്ള , ഈന്ദപ്പനകള്‍ നിര നിരയായി നില്‍ക്കുന്ന റോഡിലൂടെ ബഹുനില കെട്ടിടങ്ങളുടെ ഭീമാകാരതയില്‍ വിസ്മയിച്ചു അവയെല്ലാം രൂപകല്‍പന ചെയ്യുന്ന മിടുക്കാനായ എഞ്ചിനീയരുടെ പാതി മെയ്യായി കാറിലിരുന്ന് ദുബായ് നഗരം കാണുമ്പോള്‍ സന്തോഷമായിരുന്നു. എല്ലാം തന്റെ ഭാഗ്യം.....അമ്മ പറയുന്നതുപോലെ എല്ലാം കാണാനുള്ള തന്‍റെ യോഗം !
പക്ഷേ........
മഞ്ഞചായമടിച്ച കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മുന്നില്‍ കാറിറങ്ങുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് നാട്ടിലെ സര്‍ക്കാര്‍ കെട്ടിടങ്ങളാണ് .പിന്നെ..............മഞ്ഞചായമടിച്ച കുന്നിന്‍പുറത്തെ പഴയ ഇരു നില കെട്ടിടം .പിന്നെ , ശ്രീ യും.............


****************************************************************************************************************************


രണ്ടാള്‍ക്ക് താമസിക്കവുന്നതിലേറെ സൌകര്യങ്ങളുള്ള ഫ്ലാറ്റില്‍ , ഉല്‍ത്സാഹതോടെ , സാധനങ്ങള്‍ ഒതുക്കിവെക്കുന്ന എഞ്ചിനീയര്‍ക്കൊപ്പം ,പങ്കാളിയാവുമ്പോള്‍, അവളുടെ മനസ്സിനകത്തെ അവ്യക്ത ചിത്രം തെളിയാന്‍ തുടങ്ങിയിരുന്നു. ഈറനു ണങ്ങിയാല്‍ തെളിഞ്ഞു വരുന്നൊരു , വലിയ വര്‍ണ്ണപ്പൊട്ടുപോലെ!
മുല്ലപ്പൂക്കളുടെ അഭാവം സമസുഗന്ധിയായ എയര്‍ ഫ്രഷ്‌ണറി നാല്‍ പരിഹരിച്ച് മരുഭൂമിയിലെ ആദ്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന എഞ്ചിനീയരെ നോക്കിനില്‍ക്കുമ്പോള്‍, എയര്‍ കണ്ടീഷണര്‍ തണുപ്പിച്ച മുറിയെക്കാള്‍ മരവിച്ചിരുന്നു അവളുടെ മനസ്സ്‌.' കിംഗ്‌ ഫിഷര്‍ ' അല്പ്പാല്‍പ്പമായി നുണയുന്നതിനിടെ ആദ്യമായെന്നപോലെ തന്നെയുഴിയുന്ന ആ കണ്ണുകളിലെ ഇന്ഗിതം മനസിലാക്കിയപ്പോള്‍ മനസ്സ്‌ പറഞ്ഞു. ശ്രീ........... ഇത് നീ യായിരുന്നെങ്കില്‍.............


********************************************************************************************************************************


താണ്ടാവുന്ന കാതങ്ങള്‍ക്ക്അപ്പുറത്ത് നിന്നും കൈയെത്തും ദൂരത്തു നീ വന്നു . പകല്‍ ഏകാന്ത വേളകളില്‍ അവള്‍ക്ക് കൂട്ടായി!!!!!!!!!!!!കട്ടിയുള്ള പുതപ്പ് മാറ്റി, ചൂടുകാലത്തിലേക്ക് കടക്കാനൊരുങ്ങുന്ന മഞ്ഞുകാലത്തിന്‍റെ സന്ദേശവാഹകനായി മരുഭൂമിയില്‍ ദിവസങ്ങളായി ഉരുണ്ടുകൂടി നില്‍കുന്ന മേഘക്കൂട്ടങ്ങള്‍ അവളുടെ മനസ്സിലും കരിനിഴല്‍ വീഴ്ത്തുകയായിരുന്നു .
രാത്രിയിലെപ്പോഴോ , നിശബ്ദം പെയ്തു തീര്‍ന്ന മഴ അപ്പുറത്തെ കെട്ടിടത്തില്‍ ചാലുകള്‍ തീര്‍ത്തു ഒലിച്ചിറങ്ങി യതിന്റെ പാടുകള്‍ നോക്കി നില്‍ക്കുമ്പോള്‍ , അവളുടെ മന്‍സ്സരിഞ്ഞിട്ടെന്ന പോലെ, മേഘങ്ങള്‍, ബാക്കിയുള്ള മഴത്തുള്ളികളെ ഭൂമിയി ലേക്കയച് , തെളിഞ്ഞ വാനത്തിന്റെ ഭാഗമായി മാറി.അഴികളില്ലാത്ത വലിയ ജനാലയുടെ കട്ടി ഗ്ലാസില്‍ മുഖം ചേര്‍ത്ത് തട്ടി ചിതറുന്നമഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോള്‍ , മ നസില്‍ ,ശ്രീ........... , മഴ കൂടുതല്‍ കറുപ്പിച്ച , ബ്രെണ്ണ്ന ക ത്തെ നീളന്‍ ടാര്‍ റോഡുകള്‍ക്ക്‌ ഇരുവശവും , മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന വാക മരച്ചോട്ടില്‍ നിന്ന് ഓടി എന്‍റെ കുടക്കീഴിലേക്ക് വരുന്ന നിന്നെ ഇന്നലെയെന്ന പോലെ എനിക്ക് കാണാന്‍ കഴിയുന്നു." നീയെന്താ സ്വപ്നം കാണുകയാ ? ഞാനിറങ്ങുന്നു .........". എന്‍ ജി നീയറുടെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തിയപ്പോള്‍ അവള്‍ പിന്തിരിഞ്ഞ് റൂമിലേക്ക്‌ വന്നു.


വേഷം മാറി നില്‍ക്കുന്ന ഭര്‍ത്താവിന് ബാഗെടുത്തു കൊടുത്ത് മുന്‍വാതിലില്‍ ചെന്ന് യാത്രയാക്കി . ഫ്ലാറ്റിലെ നീളന്‍ ഇടനാഴിയിലൂടെ നീണ്ട കാല്‍വെപ്പുകളുമായി നടന്നകലുന്ന അയാളെ നോകി നില്‍ക്കുമ്പോള്‍ മനസ്സ്‌ പറഞ്ഞു, ശ്രീ ............ അത് .. നീയായിരുന്നെങ്കില്‍..........


*******************************************************************************************************************************

നാട്ടില്‍ നിന്ന്‍ ഇടയ്ക്കിടെ വരുന്ന ഏട്ടന്മാരുടെ ഫോണ്‍ വിളികളില്‍ ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. "അമ്മയ്ക്ക് അവളെ കാണണ൦ . ഒന്ന് വന്നു പോയ്ക്കൂടെ. .ഇപ്പോ വര്ഷം ഒന്നായില്ലേ"?

ജോലിത്തിരക്ക് മനസ്സിലാക്കി താനൊരിക്കലും അറിയിക്കാതിരുന്ന ആവശ്യം ,രാത്രി ഉണ്‍ മേശയില്‍ വച്ച് അവതരിപ്പിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ എഞ്ചിനീയറുടെ മറുപടി വന്നു.

"നിനക്കറിയില്ലേ എന്‍റെ തിരക്ക്‌. ഇപ്പോ പറ്റില്ല .പിന്നെ , നീ പോയാല്‍ അസുഖം മാറുമോ? ഡോക്ടറെ കാണുന്നുണ്ടല്ലോ അത് മതി ."
ബിരുദ ക്ലാസിലെ ദിനങ്ങളിലോന്നില്‍, അമ്മയോടൊപ്പം ഏറെ നാളത്തെ ആസ്പത്രി വാസത്തിനുശേഷം കോളേജിലെത്തി യതായിരുന്നു . ക്ലാസില്‍ മനസ്സുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആശ്വാസം തേടിഎത്തിയത്‌ റീഡിംഗ് റൂമിലായിരുന്നു .എപ്പോഴോ, കൂട്ടുകാരില്‍ നിന്ന്‍ വിവരമറിഞ്ഞ് തന്നെതേടിയെത്തിയ ശ്രീ ലൈബ്രരേറി യന്‍ കേള്‍ക്കാതെ പതുക്കെ പറഞ്ഞു, " സാരമില്ലെടോ , അമ്മയ്ക് വേഗം സുഖമാകും. ഞാനും പ്രാര്‍ത്ഥിക്കാം ''.പിന്നെ മുന്നില്‍ തുറന്നു വച്ച മാഗസിനില്‍ വച്ച തന്‍റെ കൈ തലത്തില്‍ ആശ്വസിപ്പിക്കാനെന്നപോലെ തന്ന നനുത്ത സ്പര്‍ശം . ചുട്ടുപൊള്ളുന്ന മനസ്സിന് ഒരു കുളിര്‍ തെന്നലായി............
തന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ , തന്നെ ശ്രദ്ധിക്കാതെ, ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്ന എന്‍ജിനീയരെ നോക്കി യിരിക്കുമ്പോള്‍ മനസ്സ് പറഞ്ഞു. ശ്രീ ..........ഇത് നീയായിരുന്നെങ്കില്‍.............

*******************************************************************************************************************************

ദിനങ്ങളായുള്ള മനസ്സിന്‍റെ വേദന ശരീരത്തിലേക്കിറങ്ങി വന്നൊരു ദിനങ്ങളിലോന്നില്‍ തല പൊട്ടിപ്പിളരുന്ന വേദന സഹിച്ച് വീട്ടുജോലികളെല്ലാം തീര്‍ത്തു. ഒടുവില്‍ വേദനയെ എതിരിടാനെന്നോണം ബാം പുരട്ടി കിടന്നു.ബാമിനും, ഗുളികകള്‍ക്കും അപ്പുറം അമ്മ മാത്രമാണ് മരുന്നെന്ന്‍ അറിയാമായിരുന്നിട്ടും വെറുതെ.............ആദ്യത്തെ പുകച്ചില്‍ പിന്നെ തണുത്ത നീരാവിയായി മാറി ഒരു സുഖാലസ്യത്തി ലേക്ക് വീഴുമ്പോള്‍ മൂര്‍ച്ച യുള്ള കുറ്റപ്പെടുത്തലുകള്‍ കാതില്‍ പതിച്ചു."ഇപ്പോഴാണോ ബാം പുരട്ടി കിടക്കുന്നത്. തനിക്കിത് നേരത്തെ ആവാമായിരുന്നില്ലേ?"പിന്നീടെപ്പോഴോ വരണ്ട ഭൂമിയെ കീറിമറിച്ചിടുന്നൊരു നുകം പോലെ തന്നെ.............


ഒടുവില്‍ ധ്രുത ഗതിയിലെ ഹൃദയ മിടിപ്പ്‌ പുറത്തുവിടുന്ന നിശ്വാസങ്ങള്‍ ചുടുകനലുകള്‍ പോലെ കവിളില്‍ പതിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞു.


പരുക്കന്‍ താടിരോമങ്ങള്‍ നീറുന്ന പോറലുകള്‍ തീര്‍ത്ത മുഖത്ത് വിരലുകളോടിച്ച് , തിരിഞ്ഞു കിടന്നുറങ്ങുന്ന എന്‍ജിനീയരെ നോക്കി കിടക്കുമ്പോള്‍ ‍അവളുടെ മനസ്സ്‌ പറഞ്ഞു , ശ്രീ .......... ഇത് നീയായിരുന്നെങ്കില്‍ ......................

അനിരുദ്ധന്റെ അമ്മ

"എന്നാ ഞങ്ങള് ഇറങ്ങട്ടെ, പിന്നെ വരാം " കനമുള്ള ശബ്ദതോടൊപ്പം ചുമലില്‍ പതിഞ്ഞ കരസ്പര്‍ശം അനിരുദ്ധനെ ചിന്തയില്‍നിന്നുണര്‍ത്തി. അമ്മയുടെ സഹപ്രവര്‍ത്തകനായ കോളേജ് പ്രിന്‍സിപ്പല്‍ രാജന്‍ സാര്‍ ആയിരുന്നു അത് .കൂടെ മറ്റ് അധ്യാപകരും.

ശരി എന്നമട്ടില്‍ തലകുലുക്കി യാത്ര പറയുന്നതിനിടയില്‍ രാജന്‍ സാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു വീണ്ടും പറഞ്ഞു. " ഇങ്ങനെ തളര്‍ന്നിരിക്കരുത് . അനിയത്തിമാര്‍ക്ക്‌ നീയേ ഉള്ളൂ . അതോര്‍മ്മവേണം . എന്ത് സഹായത്തിനും ഞങ്ങള് എല്ലാവരും ഉണ്ടാവും .എന്നാ ശരി ".കട്ടിലില്‍ നിന്നെഴുന്നേറ്റു അവരെ പൂമുഖം വരെ അനുഗമിക്കണമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ അനിരുദ്ധന്‍ വീണ്ടും കട്ടിലില്‍ തന്നെ ഇരുന്നു . പിന്നെ കട്ടിലിന്റെ നെറ്റിയില്‍ തലചായ്ച്ച് വെളിയിലേക്ക് നോക്കി കിടന്നു.

ഉച്ചവെയില്‍ ചായാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജനുവരിയിലെ തണുപ്പ്‌ ജനലിലൂടെ അയാളെ പൊതിഞ്ഞു. പറഞ്ഞറി യിക്കാത്ത ക്ഷീണവും കുളിരും ഒരു സുഖനിദ്രക്ക്‌ അയാളെ കൊതിപ്പിച്ചു .കാറ്റ്‌, അറിയാത്ത ഏതോ ദിക്കിലേക്ക് തള്ളിവിടുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെയും നോക്കി അയാള്‍ കിടന്നു . കുട്ടിക്കാലത്ത് എന്നും അയാളെ വിസ്മയിപ്പിച്ചിരുന്നു , ഈ മേഘക്കൂട്ടങ്ങള്‍ . അവ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ഓടിപ്പോകുന്നതെന്ന് അയാള്‍ ആശ്ച്യര്യപ്പെട്ടിരുന്നു . അവ പിന്നീട് കുഞ്ഞു കുഞ്ഞു ചോദ്യങ്ങളായി പരിണമിച്ചു അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍ സംശയനിവൃത്തിക്കായി അമ്മ വാങ്ങി തന്ന ജനറല്‍ സയന്‍സ് ബുക്ക്‌ ഇപ്പോഴും തന്റെ പുസ്തക ശേഖരത്തിലുണ്ട് . ഒട്ടും പുതുമ നഷ്ട്ടപ്പെടാതെ !
എന്നാലിന്ന് , ഉത്തരം കിട്ടാത്ത മറ്റനേകം , ചോദ്യങ്ങളോടൊപ്പം , ചാര നിറത്തിലുള്ള വലിയൊരു മേഘപാളി ഒരു പുകമറ തീര്‍തെന്നപോലെ മാനത്ത്‌ ദൃശ്യമായത്‌ അനിരുധനില്‍ നൊമ്പരമുനര്‍ത്തി.അമ്മയുടെ ദേഹത്തെ വിഴുങ്ങിയ അഗ്നിനാളങ്ങള്‍ പുറത്തേക്ക് വമിപ്പിച്ച പുകചുരുളുകള്‍ കാറ്റിന്റെ കൈകളിലേറി മാനത്ത്‌ എതിയതാണോ എന്ന് അയാള്‍ സംശയിച്ചു .ശമശാനത്ത് ആരുടെയോ നിര്‍ദേശങ്ങള്‍ ഒരു യന്ത്രത്തെ പ്പോലെ അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യവേ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ക്കും ഇതേ നിറമായിരുന്നു . ഒരു വലിയ ഭാരം ഹൃദയത്തില്‍ ഖനീഭവിച്ചു കിടക്കുന്നത് അയാളറിഞ്ഞു .പെയ്യാനൊരുങ്ങിനില്‍ക്കുന്നൊരു കാര്‍കൊണ്ടല്‍ പോലെ!.
ഓര്‍മയുടെ പെട്ടകത്തില്‍ ഭദ്രമായി അടച്ചുപൂട്ടി വെക്കാനുള്ള ഒരു നിധി മാത്രമായിരിക്കുന്നു ഇനി അമ്മയുടെ രൂപം.


ഉള്ളില്‍ ഖനീഭവിച്ചനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണങ്ളായി ഒലിച്ചിറങ്ങിയ കണ്ണീര്‍ അയാള്‍ പുറം കൈ കൊണ്ട് തുടച്ചു
.

"എല്ലാ ഇഞ്ഞി* ഈട* ഇരിക്ക്ന്നാ* .....? ഇന്നാ ഇത് കുടിക്ക്. എന്നിറ്റ്* അനിയത്തിമാറ* ക്കൂടി എന്തെങ്കിലും കുടിപ്പിചാട്ട്*.''
നീട്ടിപ്പിടിച്ച ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അനവസരത്തിലാ ണെങ്കി ല്‍ കൂടി അനിരുദ്ധനില്‍ ഞെട്ടലാണുണ്ടായത് .


മരണവീടാണ് . ആര്‍ക്കും വരാം എന്ത് സഹായവും ചെയ്യാം . അമ്മയെ കു ളിപ്പിക്കാന്‍ എടുകുമ്പോഴും മറ്റും അറിയാത്ത പ ലരെയും താന്‍ കണ്ടിരുന്നു . പക്ഷേ രാധാമണി ....
പകച്ചിരിക്കുന്ന അയാളുടെ വലതുകൈയില്‍ കാപ്പി നിറച്ച ഗ്ലാസ്‌ പിടിപ്പിച് അവള്‍ വീണ്ടും പറഞ്ഞു."പോയോരു* പോയി .അതും വിചാരിച്ചിര്ന്നാല്* ശരിയാകൂലാ. ഇത് കുടിചിറ്റ്* അനിയത്തിമാറട്ത്ത്* ചെല്ല് . അക്കൂട്ടര്* ഒന്നും കുടിചിറ്റില്ല*. ഇഞ്ഞി* ഒന്ന് പറഞ്ഞാട്ടെ".


സിരകളിലൂടെ ഒഴുകിയെത്തിയ ഉണര്‍വിന്‍റെ പൊരുള്‍ തേടിയപ്പോഴാണ് കൈയിലെ ഗ്ലാസ്‌ കാലിയായത് അറിഞ്ഞത് .
വരണ്ട ഭൂമിയിലെ മണല്‍തരികള്‍ പുതുമഴക്ക് കൊതിക്കുന്നതുപോലെ , ഒരിറ്റ് ദാഹജലത്തിനായി കൊതിക്കുകയായിരുന്നോ തന്റെ ശരീരത്തിലെ ഓരോ പരമാണുവും !

ചുമലില്‍ തഴുകി ആശ്വസിപ്പിക്കാനും , നിര്‍ബന്ധിച്ചു വല്ലതും കഴിപ്പിക്കാനുമൊന്നും സ്വന്തക്കാരോ , ബന്ധുക്കളോ ഇല്ലാത്ത നിമിഷങ്ങലായിരുന്നില്ലേ കഴിഞ്ഞു പോയത് .
പക്ഷേ രാധാമണി......തൊട്ടയല്‍വക്കമല്ലെങ്കില്‍ കൂടി രണ്ട്മൂന്ന്‌ വീടുകള്‍ക്ക് അപ്പുറത്താണ് അവളുടെ വീട് . എന്നിട്ട് പോലും ഒരിക്കല്‍ പോലും അവളുടെ വീട്ടില്‍ പോയിരുന്നില്ല . താന്‍ മാത്രമല്ല , അമ്മയോ അനിയത്തിമാരോ , ആരും .


രണ്ട് വര്‍ഷം മുന്‍പ്‌ അച്ഛന്‍റെ മരണശേഷം ഇവിടെ വീട് വച്ച് താമസം തുടങ്ങിയ നാളുകളില്‍ തൊട്ടയല്‍വീട്ടിലെ പാറുവമ്മ കൈമാറിയ നാട്ടുവര്‍ത്തമാനത്തിലെ , അശ്ലീലകഥകളിലെ , നിറമുള്ള കഥാപാത്ര മായിരുന്നു രാധാമണി .

പാറുവമ്മ പോയതിനുശേഷം അമ്മ അനിയത്തിമാരോടെന്ന മട്ടില്‍ പരോക്ഷമായി പറഞ്ഞത് തന്നോടായിരുന്നു .
കേട്ടല്ലോ , നമ്മള് ഇത്രയും നാള് കഴിഞ്ഞത്പോലെയല്ല , അടുത്ത്‌ തന്നെ കോളനിയാണ് . അതിന്റെ പോരായ്‌മകള് ഇവിടുത്തെ ആളുകളിലും കാണും .അതുകൊണ്ട് ആരോടും അടുക്കാനൊ ന്നും പോകണ്ട.
ആ വാക്കുകള്‍ ഉറപ്പിക്കാനെന്നവണ്ണം അമ്മ ആദ്യം ചെയ്തത് അതിര്‍ത്തി തിരിച്ച് രണ്ട് വരി മാത്രം കെട്ടിയിരുന്ന ചുറ്റുമതിലിനെ ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കുകയായിരുന്നു.

പാഴ്ചെടികളെ പോലെ അമ്മ കരുതിയിരുന്ന കോളനിനിവാസികളുടെ , സംസ്കാര ശൂന്യതയുടെ നിഴല്‍പോലും തന്റെ മക്കളുടെ മേല്‍ പതിക്കുന്നതില്‍നിന്നും മറച്ചു പിടിക്കാന്‍ ആ മതില്‍ പര്യാപ്ത മാണെന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.

എന്നും അപരിചിത ത്വത്തിന്‍റെ മൂടുപടം ധരിച്ച് പുറത്തിറങ്ങിയിരുന്ന അമ്മ തങ്ങളെയും ആ മൂടുപടം ധരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാരു ണ്ടായിരുന്നു.കുഞ്ഞുനാളിലേ അമ്മയോട് കാട്ടിയിരുന്ന വിധേയത്വമാവാം , ഒരിക്കലും അമ്മയുടെ അഭാവത്തില്‍ പോലും ആ വാക്കുകളെ ധിക്കരിക്കാനുള്ള കരുത്ത്‌ തനിക്ക്‌ നല്‍കാതിരുന്നത് .

ഒരു വര്‍ഷം മുന്‍പ്‌ നേടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗം നല്‍കിയ കുറച്ചു സുഹൃദ്‌ ബന്ധങ്ങള്‍ മാത്രമാണ് തനിക്കുള്ളത്.രാധാമണി യെപ്പറ്റി പാറുവമ്മ യുടെ വാക്കുകളെ സാര്‍ഥകമാക്കുന്ന തായിരുന്നു പിന്നീട് പല ദിവങ്ങളിലും അവളുടെ വീട്ടില്‍ കണ്ട കാഴ്ചകള്‍. പുലരും വരെ വരെ വന്നു പോകുന്ന , വാഹനങ്ങളും, ചിലപ്പോള്‍ രാത്രി വളരെ വൈകി അവള്‍ വന്നിറങ്ങുന്ന കാറുകളുടെ ഇരമ്പലും എന്നും ഉറക്കത്തിന് ഭംഗം വരുത്തിയിരുന്നു .കുറെ നാളുകള്‍ക്ക്‌ മുന്‍പാണ് രാധാമണി ആദ്യമായി വീട്ടില്‍ വന്നത് .കോളനിയിലെ പഴയ വീടിനടുത്ത്‌ അവള്‍ പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ക്ഷണിക്കാനായിരുന്നു അത് .

നിറഞ്ഞ ചിരിയോടെ ഉപചാരപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് ഇറങ്ങി പോയ അവളെ നോക്കി നില്‍ക്കുന്ന അമ്മയുടെ മുഖത്തെ അവക്ഞ തനിക്ക് മനസ്സിലായിരുന്നു .അടുത്ത വീട്ടില്‍ ഒരു ചടങ്ങിനു പങ്കെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയുടെ തീരുമാനം എതിര്‍ക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. പാറുവമ്മയുടെ കൈയില്‍ ഒരു കവറിലിട്ട് പൈസ കൊടുത്തയച് അമ്മ ആ കടമ നിറവേറ്റുകയാന്നുണ്ടായത്.അമ്മയുടെ സ്വഭാവത്തിലെ ഇത്തരം കണിശതക ളും മുന്‍വിധിക ളുമാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും തങ്ങളെ അകറ്റിയതെന്ന് അയാള്‍ക്ക്‌ അറിയാമായിരുന്നു .
സ്വത്തിന്റെ പേരില്‍ സഹോദരങ്ങളോട് പിണങ്ങി നില്‍ക്കുന്ന അച്ഛനെ അമ്മയ്ക്ക് എന്നും പുച്ഛമായിരുന്നു .
തനിക്കില്ലാത്ത ബന്ധങ്ങള്‍ കൂടപ്പിറപ്പുകളുമായി അമ്മ ഉണ്ടാക്കുന്നത്‌ അച്ഛനും ഇഷ്ട്ടമായിരുന്നില്ല . അച്ഛന്റെ പ്രൈവറ്റ് കമ്പനി കോബൌണ്ടിലെ ക്വാര്‍ട്ടെസിലെ ചെറിയ ലോകത്ത്‌ തികച്ചും ഒറ്റപ്പെട്ട ജീവിതം അയാള്‍ക്കും സഹോദരിമാര്‍ക്കും പരിചിതമായിരുന്നു .യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ചുകാര്‍ എന്ന് അമ്മ എ പ്പോഴും അഭിമാനം കൊണ്ടിരുന്ന ലൈബ്രറി സയന്‍സ് കോഴ്സ്‌ നല്‍കിയ സമാന്തര കോളേജിലെ ലൈബ്രെരെരിയന്‍ ഉദ്യോഗം, വിദ്യാസമ്പന്നരായ കുറച്ച് സഹപ്രവര്‍ത്തകരെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുത്തു .


മിഥ്യാ ധാരണയുടെ ഓളപ്പരപ്പില്‍ നീന്തിനടന്നിരുന്ന വിദ്യാസമ്പന്നയായ അമ്മയ്ക്ക്‌, ഉയര്‍ത്തികെട്ടിയ മതിലിനപ്പുറത്തെ വിദ്യാഹീനരിലെ മനുഷ്യത്വം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയതെന്തെന്ന്‍ അയാള്‍ എന്നും തന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .ഞങ്ങളും ഇറങ്ങട്ടെ. ഇപ്പൊ പോയാല് വൈകിട്ടത്തെ ട്രെയിന്‍ കിട്ടും."അമ്മയുടെ അനിയനും , ചേച്ചിയുമാണ. അമ്മയുടെ വിയോഗത്തില്‍ തനിക്കും സഹോദരിമാര്‍ക്കും തുണയാകെണ്ടവര്‍. അവരാണ് ചിതയെരിയുന്നതിനു മുന്‍പേ.................


പക്ഷേ അനിരുദ്ധന് അവരോടു ഒട്ടും ഈര്‍ഷ്യ തോന്നിയില്ല. അഡ്രസ്സും ഫോണ്‍ നമ്പരും നോക്കി തന്റെ കൂട്ടുകാര്‍ ആരോ അറിയിച്ചതാവണം. വന്ന കടമ തീര്‍ത്തു അവര്‍ മടങ്ങുന്നു. അയാള്‍ക്ക് അത്രയേ തോന്നിയുള്ളൂ .
നിര്‍വ്വികാരനാ യിരിക്കുന്ന അയാളെ കണ്ടിട്ടാവണം വലിയമ്മ വീണ്ടും പറഞ്ഞു " പിന്നെ , നിനക്ക് അറിയാമല്ലോ , എല്ലാരും തനിച്ച് താമസിക്കുന്നവരാ . അതിന്റെതായ ഓരോ ചുറ്റുപാടുകള് ഓരോരുത്തര്‍ക്കും ഉണ്ട് . പിന്നെ, കുട്ടികളെ സ്കൂളിലും , കോളേജിലും പറഞ്ഞയക്കണം . അതിനൊക്കെ .......സ്വയം ന്യായീകരണത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് അവരെ വിടാതെ അനിരുദ്ധന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു .


അവശേഷിച്ച അയല്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങല്‍ക്കിടയിലൂടെ തിടുക്കത്തില്‍ രക്ഷപ്പെടുന്ന രക്തബന്ധങ്ങളെ നോക്കി നിന്നപ്പോള്‍ അനിരുദ്ധന് ആദ്യമായി അമ്മയോട് സഹതാപം തോന്നി. അച്ഛനുമമ്മയും കാലത്തിന്‍റെ ചുവരിലെക്കെറി ഞ്ഞ കര്‍മ്മങ്ങള്‍ റബര്‍പന്ത്‌ പോലെ തങ്ങളുടെ നേരെ തന്നെ തിരിച്ചുവരുന്നത് അയാള്‍ നിസ്സങ്കോചം ഹൃദയത്തിലേറ്റുവാങ്ങി .
അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അനിയത്തിമാരെ സമാധാനിപ്പിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കാതുകളില്‍ പതിച്ച പാറുവ മ്മ യുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല .
"അന്‍റെ* രാദാമണീ ..........ഇഞ്ഞി, ഇല്ലോണ്ട്* ഞമ്മക്ക്‌* ഒരാളായി. എല്ലെങ്കില് ഞാ ബെശമിച്ച്‌* പോക്വെനും* .
എല്ലെങ്കില്* ചോയിക്കാനും* പറയാനും ആരെങ്കിലും, കുടുംബക്കാര് ഇണ്ടായിറ്റാ*....... എന്തായാലും എടവലകാര്* ചെയ്യണ്ട* എല്ലം* ഞമ്മള്* നല്ലോണം* ചെയ്തിന്* എല്ലെ*. അത് മതി."മുറിയില്‍ നിന്ന്‍ പുറത്തിറങ്ങിയ അയാള്‍ക്ക് മുന്‍പില്‍ അവിചാരിതമായി എത്തിപ്പെട്ട പാറുവമ്മ , പുതിയ സോപ്പും , പൌഡറും അയാളുടെ കൈയില്‍ വച്ച്‌ കൊടുത്ത് പറഞ്ഞു ."ഇന്നാ മോനെ ഇതങ്ങ് വെച്ചോ . കുളിപ്പിച്ച് കയിഞ്ഞിറ്റ് അമ്മക്ക്‌ ഇട്ട്കൊട്ത്തതാ. എല്ലം* രാദാമണി പുതിയതെന്നെ* വാങ്ങി . പിന്നെ , ചോയിക്കാനും* പറയാനും പറ്റിയ അവസ്തേല്* എല്ലാലോ* ഇഞ്ഞി .""രാദാമണി ഇള്ളതോണ്ട്* അനക്ക്‌* ഒരാളായി. എല്ലെങ്കിലും ഓള്* നല്ലോളാ ."പാറുവമ്മയുമായുള്ള അമ്മയുടെ പ്രഥമ ദര്‍ശനവും , സംഭാഷണവും ഒരു വേള മനസിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു , "പാവം അമ്മ ". എന്നാല്‍ ദുര്‍ഗന്ധം പൊതിഞ്ഞ ഉച്ച്വാസവായു പോലെ വില കുറഞ്ഞ സഹതാപം ആവരണം ചെയ്ത ആത്മഗതമായിരുന്നു അത് .


അമ്മ എപ്പോഴുംസമ്മാനിക്കാറുള്ള പുസ്തകതാളുകളിലെ വടിവൊത്ത അക്ഷരങ്ങള്‍ ചൂണ്ടിക്കാട്ടിയ സുഗമമായ വഴിയിലൂടെമാത്രം നടന്ന തന്നെ, പ്രായോഗിക ജീവിതത്തിന്‍റെ പരുക്കന്‍ വഴിയിലേക്കും, ജീവിത യാഥാര്‍ധ്യങ്ങളിലേക്കും നയിക്കാന്‍ നിയതി ഒരുക്കിയ അനുഭവങ്ങളുടെ ഒരു ദിനമാണിതെന്നു ആശ്വസിച്ച് അയാള്‍ മുറിയിലേക്ക് തിരിച്ച് നടന്നു.


അപ്പോള്‍......
തനിക്ക്‌ ആശ്ലേഷിക്കാനും, വാരിപുണരാനും , പിന്നെ തന്നിലലിയിപ്പിച്ച് മറ്റൊരു രൂപത്തില്‍ പുനര്‍ജനിപ്പിക്കാനും അരിമണികളെ കിട്ടാഞ്ഞു , തിളച്ച് തുള്ളി മുറവിളി കൂട്ടുന്ന ചെമ്പ് കുടത്തിലെ വെള്ളത്തിലേക്ക് അരിമണികള്‍ വാരിഇടുകയായിരുന്നു രാധാമണി.