Monday, February 6, 2012

തെയ്യം

തെയ്യം
(പ്രിയാ രാജ് )
 
          "തെയ്യം കയിപ്പിക്കണം..... തെയ്യം കയിപ്പിക്കണം ...  തെയ്യം ... കയി.. പ്പിക്കണം... "

            നേഴ്സ്    തന്നെ മുറിയില്‍ നിന്നു പിടിച്ച് പുറത്താക്കുമ്പോഴും, അനിയന്റെ    മുറിഞ്ഞ്,  മുറിഞ്ഞ്  അബോധാവസ്ഥയിലേക്ക്  വീഴുന്ന വാക്കുകള്‍ വാതിലിനു പുറത്തും അരവിന്ദന് വ്യക്തമായിരുന്നു.

             അടഞ്ഞ വാതിലിനു  പുറത്തു അയാള്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ഡോക്ടറുടെയും, നേഴ്സ്മാരുടെയും  പറച്ചിലുക‍ള്‍ക്കപ്പുറം  , മയക്കുമരുന്നിന്റെ വീര്യത്തില്‍ ആ ശബ്ദം  അലിഞ്ഞില്ലാതായത് അരവിന്ദന്‍ തിരിച്ചറിഞ്ഞു.

            മങ്ങിയ വെളിച്ചത്തില്‍ നീണ്ടു പോകുന്ന ആസ്പത്രിയിലെ ഇടനാഴിയില്‍  രാത്രിയായതിനാല്‍ തിരക്ക് തീരെ കുറവായിരുന്നു.റൂമിന് അധികം അകലെയല്ലാതെ കാണാവുന്ന ദൂരത്തില്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നില്‍ അയാള്‍ ഇരുന്നു. ചെരിപ്പുകള്‍ അഴിച്ച്  കാലുകള്‍ നീട്ടിവച്ച്‌, കൈകള്‍ മുകളിലേക്കുയര്‍ത്തി വലിച്ച്, കസേരയില്‍ ചാഞ്ഞിരുന്ന്  ആ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം തീര്‍ക്കാന്‍ അയാള്‍ ശ്രമിച്ചു. 

           തണുത്ത മാര്‍ബിള്‍ തറയില്‍ നിന്നും അരിച്ചു കയറിയ തണുപ്പിനൊപ്പം , ഒരു   വര്‍ഷം  മുന്‍പ് മകരക്കുളിരില്‍ , ചൂട്ടുകറ്റയുടെ ചൂടിലും, വെട്ടത്തിലും തറവാട്ടു മുറ്റത്ത്‌ തകര്‍ത്താടിയ തെയ്യങ്ങളേയും , അവരേകിയ അനുഗ്രഹാശിസ്സുകളിലെ  നിരര്‍ഥകതയെയും    തിരിച്ചറിയുകയായിരുന്നു അയാള്‍. പിന്നെ.. ബന്ധങ്ങളുടെ, ബാധ്യതകളുടെ , കടപ്പാടുകളുടെ , ഒരിക്കലും അറുത്തു മാറ്റാന്‍  തനിക്കാവാത്ത ചങ്ങലക്കുള്ളില്‍ എന്നും തന്നെ തളച്ചിടുന്ന അമ്മയുടെ വാക്കുകളിലെ  നിരര്‍ഥകതയും ........

          വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കുടുംബ ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ ഉത്സവം സമാപിച്ചതിന് പിറ്റേ ദിവസമായിരുന്നു അത്.നഗ്നപാദനായി ഉത്സവ നാളുകളിലെല്ലാം ക്ഷേത്ര മുറ്റത്ത്   ഉറഞ്ഞാടിയതിന്റെ അവശഷിപ്പുകളായി,എവിടെയൊക്കെയോ, മുറിഞ്ഞ കാല്പാദങ്ങളില്‍ മരുന്ന് പുരട്ടുകയായിരുന്നു അയാള്‍.
 
            പോക്കുവെയില്‍ മഞ്ഞ നിറം ചാര്‍ത്തിയ  കിഴക്കേ   കോലായയിലേക്ക് , നിറച്ച കിണ്ടിയുമായി വന്ന അമ്മ പറഞ്ഞു. ' ഇഞ്ഞി* ഇനി കണ്ടോ അരവിന്ദാ , തെയ്യം കയിചെന്റെ*  എല്ലാ കൊണവും*  ഇനിക്ക്*  കിട്ടും.  അച്ഛന്‍ എത്ര കൊല്ലം മുമ്പ്  നടത്യതാ* ...പിന്നെ കയിഞ്ഞിട്ടില്ലാലോ* ... അയിന്റെ* എല്ലാ ദോശോം*  ഈ ചെക്കനെല്ലേ* അനുഭവിച്ച് കൂട്ടുന്ന്... ഇപ്പം തെന്നെ നോക്കിയാട്ടെ , ചെക്കന് ഒരു തെളിച്ചം*  ബന്നില്ലേ* ? "
 
             കോലായിലെ തെക്കുകിഴക്കേ കോണിലിരുന്ന്  ഉത്സവത്തിന്‌   കത്തിച്ച കരിപിടിച്ച നിലവിളക്കുകള്‍ തേച്ചു മിനിക്കുകയായിരുന്നു അനിയന്‍. ദേവി സ്തുതിയുടെ ഗാനശകലങ്ങള്‍ അവന്റെ    ചുണ്ടില്‍നിന്നും , ഈണത്തില്‍  ഉതിര്‍ന്നു   വീഴുന്നുണ്ടായിരുന്നു. 

            ഉത്സവദിനങ്ങളില്‍ നാട്ടുകാര്‍ , കിഴക്കേ കയ്യാലയില്‍ നിന്നു , മുറ്റത്തേക്ക് ഊരിയിറങ്ങിയ "ഒറ്റയടിപ്പാതയില്‍ " കയറിയിറങ്ങി കളിക്കുന്ന മകന്റെ തുടയില്‍,  അപ്പോള്‍  ഭാര്യ തല്ലിതീര്‍ത്തത് അമ്മയുടെ വാക്കുകളോടുള്ള അരിശമാണെന്ന്  അയാള്‍ക്കറിയാമായിരുന്നു.

           രാത്രിയില്‍ അനുനയത്തില്‍ അവളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. ' എടോ  എനിക്ക് ഇതിലൊന്നും വലിയ   വിശ്വാസമുണ്ടായിട്ടല്ല. എന്നാലും എല്ലാരും പറയുമ്പോ........പിന്നെ.. .. ഇതുകൊണ്ട് എല്ലാം മാരുന്നെങ്കില്‍ മാറട്ടെ. ശാന്തമായ മനസുമായി അവള്‍ ഉറക്കത്തിലേക്കു വീഴുമ്പോള്‍  അയാള്‍  പ്രാര്‍ത്ഥിക്കുകയായിരുന്നു. ആത്മാര്‍ഥമായിതന്നെ...

           പ്രാര്‍ത്ഥന മന:ശാന്തി ക്കുള്ള മരുന്ന് മാത്രമാണെന്ന് അയാളെ പഠിപ്പിച്ചത്  പ്രവാസമായിരുന്നു.ആടയാഭരണങ്ങളും, അലങ്കാരങ്ങളുമണിഞ്ഞ ദേവീദേവന്മാരുടെ ചിത്രങ്ങളും, പ്രതിമകളും, മനസ്സിനെ എകാഗ്രതയെന്ന ഗുഹയ്ക്കുള്ളിലേക്ക്    നയിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന വാഴികാട്ടികളാണെന്ന്     മാത്രമേ അയാള്‍ ധരിച്ചിരുന്നുള്ളൂ.. വിവിധ ദേശക്കാര്‍ക്കും  , നാനാജാതി മതസ്ഥര്‍ക്കുമൊപ്പം മരുഭൂമിയിലെ, ലേബര്‍ ക്യാമ്പുകളിലെ ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞ അയാള്‍ക്കറിയാമായിരുന്നു, സാമ്പത്തിക മാന്ദ്യം  തൊഴില്‍ നഷ്ട്ടപ്പെടുത്തിയ  സഹ മുറിയാന്മാരായ  പാക്കിസ്ഥാനികള്‍ക്കും   , ബന്ഗാളികള്‍ക്കും , സുടാനികള്‍ക്കും , തൊഴില്‍ നഷ്ട്ടപ്പെടുത്തിയത് തങ്ങളുടെ പരദേവതകളല്ലെന്ന്‍.

           രണ്ടു പതിറ്റാണ്ടത്തെ മണലാരണ്യത്തിലെ പ്രവാസം, മോശമല്ലാതൊരു ബാങ്ക് ബാലന്‍സോടെ , കുടുംബ പ്രാരാബ്ധം വഹിക്കാനുള്ള പ്രാപ്തി അയാള്‍ക്കേകിയിരുന്നു. നാട്ടില്‍ തുച്ച വരുമാനക്കാരനായ നേരെ ഇളയ അനിയന്‍, തന്റെ  വരവിലും കവിഞ്ഞൊരു വീട് സ്വന്തമാക്കിയത് , വീട്ടാവശ്യങ്ങള്‍ക്ക് താന്‍ ഒപ്പിട്ട്  നല്‍കിയ ചെക്ക് ആവശ്യത്തിലധികം തുക വിഴുങ്ങിയിട്ടാനെന്നു അറിഞ്ഞപ്പോഴും അയാള്‍ തളര്‍ന്നില്ല. കൂടപ്പിറപ്പിന്റെ സ്വാതന്ത്ര്യമായും, മൂത്ത ജ്യെഷ്ട്ടന്റെ അനിയനോടുള്ള കടമയായും അമ്മ ആ കാര്യത്തെ ന്യായീകരിച്ചപ്പോള്‍ , അത്തരമൊരു ശുഭകാര്യത്തിനു താന്‍ നിമിത്തമായല്ലോ എന്നയാള്‍ ആശ്വസിച്ചു. 

             സമയദോഷത്തിന്റെ പേരും പറഞ്ഞു സദാ വീട്ടിലിരിക്കുന്ന ഇളയ അനിയനും, സ്നേഹാധിക്യതാല്‍ അയാള്‍ക്കൊരു  ബാദ്ധ്യതയായിരുന്നില്ല. എന്നാല്‍ പ്രവാസജീവിതത്തിന് വിരാമമിട്ട്  നാട്ടിലെത്തിയപ്പോഴാണ് , പൂര്‍വ്വികരാരോ പ്രതിഷ്ട്ടിച്ച     കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ട്ടയും, പരദേവതയും പിടിമുറുക്കിയിരിക്കുന്ന അമ്മയും അനിയന്മാരും, അവരുടെ അന്ധവിശ്വാസങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ നില്‍ക്കുന്ന ഭാര്യയും അയാള്‍ക്ക്‌ ചുറ്റിലും അണി നിരന്നത്.
 
           സര്‍പ്പക്കാവിലെ മരങ്ങളില്‍ കെട്ടുപിണഞ്ഞ കാട്ടുവള്ളികള്‍ക്കൊപ്പം , ഇഴ പിരിചെടുക്കാനാവാത്ത, തൂങ്ങിയാടുന്ന നാഗങ്ങളെപ്പോലെ, വേര്‍തിരിചെടുക്കാനാവാത്ത ചിന്തകളുമായി   അനിയന്‍ മൌനത്തിന്റെ ഇടനാഴികളില്‍ ഉലാത്താന്‍ തുടങ്ങി.   ഉറക്കത്തില്‍,    അവ സര്‍പ്പക്കാവിലെ കാട്ടുവള്ളികള്‍ക്കിടയില്‍ നിന്നു ഊര്‍ന്നിറങ്ങി , അവന്റെ സ്വപ്നങ്ങള്‍ക്ക് മുകളിലൂടെ ഇഴഞ്ഞു ഫണം വിടത്തി ചീറ്റിയപ്പോള്‍ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അവന്റെ വാക്കുകള്‍ ചിതറി വീണു.  തെയ്യം കയിപ്പിക്കണം... തെയ്യം കയിപ്പിക്കണം.. ...

      അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം കുരുത്തോലകളാല്‍ തോരണം ചാര്‍ത്തി  കുടുംബ ക്ഷേത്രം വീണ്ടും ദീപാലംകൃതമായത്..
 
        വാരി നിരത്തിയ കവടികള്‍ നോക്കി, ദേവിയുടെ തിരുവചനങ്ങളായി ജ്യോത്സ്യന്‍ ഉതിര്‍ത്തത്, തറവാട്ടിലെ മൂത്ത സന്തതിയില്‍ ദേവിക്കുള്ള പ്രീതിയാണ്.  മങ്ങിയ ഒരോര്‍മ്മയില്‍ . ചുവന്ന പട്ടു ചുറ്റി , ദേവിയുടെ ഉടവാളേന്തിയ അച്ഛന്റെ രൂപം കുഞ്ഞുനാളില്‍ അയാളെ ഏറെ മോഹി പ്പിച്ചിരുന്നു. എന്നാലിന്ന് , ഭാര്യയുടെ അപ്രീതിയില്‍ ആ സ്ഥാനലബ്ധി മനസാ ത്യജിചെങ്കിലും , പ്രശനചിന്തയില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന് എതിര് നില്ക്കാന്‍ അയാള്‍ക്കായില്ല. അങ്ങനെ വെളിച്ചപ്പാടിന്റെ ഭാവഹാവാദികളുമായി   തെയ്യത്തിനു  അകമ്പടി സേവിച്ച  രണ്ടു നാളുകള്‍.. ...

        തെയ്യത്തിന്റെ മുഖമെഴുത്തും  നോക്കി ഓല കൊണ്ട് മറച്ച അണിയറക്കുള്ളില്‍   ഇരുന്ന അനിയന്‍, പെരുവണ്ണാന്റെ മുഖത്ത് തേക്കുന്ന ഓരോ വര്‍ണ്ണങ്ങളേയും തിരിച്ചറിഞ്ഞത് അയാള്‍ക്ക്‌ എന്തെന്നില്ലാത്ത ആശ്വാസമേകി.
         അങ്ങനെ ശാന്തമായ കുറച്ചു മാസങ്ങള്‍ ............
 
         പട്ടണത്തിലെ ഒരു തുണിക്കടയില്‍ അയാള്‍   ശരിയാക്കിക്കൊടുത്ത ജോലിക്ക് അനിയന്‍ ദിവസവും പോയി. പിന്നെ ചില ദിവസങ്ങളില്‍ പോകാതായി. ഒടുവില്‍ പോക്കിന്റെ ഇടവേള കൂടിവന്നു..... 
        പറമ്പില്‍ നിന്നു ഇരതേടി മുറ്റത്തെത്തിയ പാമ്പുകളും,  രാത്രിയില്‍ ഇണയെതെടി കൂകിയാര്‍ക്കുന്ന തെക്കെപറമ്പിലെ  കാലന്‍ കോഴികളും , ജ്യോത്സ്യന്റെ കളത്തിനും കവടികള്‍ക്കും മുന്‍പില്‍ വീണ്ടും അയാളെ എത്തിച്ചു.അമ്മയുടെ   നിര്‍ദേശത്താല്‍ .....

              പരിഹാര  കര്‍മങ്ങള്‍ക്കൊന്നും      എടുത്തുമാറ്റാനാവാത്ത,രോഗത്തിന്റെ  ആവരണമണിഞ്ഞ അനിയനോടൊപ്പം ക്ഷേത്ര നടകള്‍ കയറി ഇറങ്ങുമ്പോള്‍  അയാള്‍   സ്വയം ചോദിച്ചു ' പിഴച്ചത് ആര്‍ക്കാണ്? ജ്യോത്സ്യനോ, മുട്ട്‌ ശാന്തിക്കായി, പരദേവതകളെ പ്രതിഷ്ട്ടിച്ച പൂര്‍വ്വികര്‍ക്കോ , അതോ തനിക്കോ? 

           ധനുമാസത്തിലെ , കുളിരിനൊപ്പം ധിഷണയും മരവിച്ചപ്പോഴും അനിയന്‍  വീണ്ടും ഉരുവിട്ടു. "തെയ്യം കയിപ്പിക്കണം.....തെയ്യം കയിപ്പിക്കണം....

         കണ്ണന്‍ പണിക്കരുടെ മന്ത്രച്ചരടുകള്‍ക്ക് തടയാനാവാതെ അനസ്യൂതം തുടരുന്ന ജല്പനം കേട്ട അമ്മ പറഞ്ഞു. " അരവിന്ദാ , എനി* ഒന്നും നോക്കണ്ട . ഇഞ്ഞി* തെയ്യം കയിപ്പിക്കാനുള്ള* തിയ്യതി കണ്ടിട്ട് ‌ വാ .. കയിഞ്ഞ* കൊല്ലം അങ്ങനെയല്ലേ ചെക്കന് * മാറിയത്.  അതേപോലെ  ഇതും മാറും."
 
            പട്ടണത്തിലെ  സ്പെഷ്യാലിറ്റി   ആസ്പത്രിയിലെ മന: ശാസ്ത്രജ്ഞനെയും , അയാള്‍ എഴുതിയ ഭീമമായ തുകയ്ക്കുള്ള മരുന്നിനെയും , ഒട്ടും ഓര്‍ക്കാതെ അമ്മ ‍നടത്തിയ പ്രവചനങ്ങള്‍  പ്രതിരോധിക്കാനാവാതെ  അയാളുടെ ജിഹ്വയും ഒളിച്ചിരുന്നപ്പോള്‍ , അയാള്‍ സ്വന്തം മുറിക്കുള്ളിലേക്ക് നടന്നു.

         മകനെ വേഷം മാറ്റി അയാള്‍ക്ക്‌ അരികിലിരുത്തി, സ്വയം വേഷം മാറുന്നതിനിടയില്‍ ഭാര്യ അയാളോട് പറഞ്ഞു. " ഞാനിപ്പോ പോയില്ലെങ്കില്‍ എന്റെ മോനും ഇതുപോലെയാകും. ഒന്നുകില്‍, ഭ്രാന്തന്‍, അല്ലെങ്കില്‍ വെളിച്ചപ്പാട്. ....

       ആരോടും യാത്രപോലും പറയാതെ  മോനെയുമെടുത്തു അവള്‍ വീട് വിട്ടു ഇറങ്ങിപ്പോകുമ്പോഴും അയാള്‍ മുറിക്കുള്ളില്‍ തന്നെയായിരുന്നു. ചിന്തകള്‍ മേയുന്ന മനസ്സുമായി..
         സാമ്പത്തിക മാന്ദ്യം വിരാമമിട്ട പ്രവാസജീവിതത്തില്‍ നിന്നു നാട്ടില്‍  തിരിച്ചെത്തിയപ്പോഴും ഭാര്യ ഒന്നും തന്നെ പരാതി പറഞ്ഞില്ല.   ഉള്ളിന്റെയുള്ളില്‍ അവളുടെ സന്തോഷം പല വേളകളില്‍ അയാള്‍  തിരിച്ചറിഞ്ഞിരുന്നു. .തന്റെ വീട്ടിലെ ജീവിതചര്യകളിലും വിശ്വാസപ്രമാണങ്ങളിലും  ഒരിക്കലും കൂടിച്ചേരാനാവാതെ ഒറ്റപ്പെട്ട്, എല്ലാവരും ഒറ്റപ്പെടുത്തി , നില്‍ക്കുകയായിരുന്നു അവള്‍. എല്ലാ മാസവും അവളുടെ ശമ്പളം  നിര്‍ബന്ധപൂര്‍വ്വം തന്നെ എല്പ്പിക്കുമ്പോഴും അവളുടെ സന്തോഷത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് .......

         തന്റെ ചിന്തകളൊക്കെയും  വിവിധ വര്‍ണ്ണങ്ങളാര്‍ന്ന്  തെയ്യത്തിന്റെ ആകാരം പൂണ്ടപ്പോള്‍ ,  അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ്  അനിയന്റെ മുറിക്ക്    നേരെ നടന്നു.  ഉടവാളും ചിലമ്പും കൈയിലെടുത്ത്   കോമരത്തിന്റെ ഭാവപ്പകര്‍ച്ചകളെ  കുടിയിരുത്താന്‍ മനസ്സ് ഒഴിച്ചിടുമ്പോള്‍ ,മിനിമം തുക മാത്രം ബാക്കിയായ അക്കൗണ്ട്‌ ബുക്കിലെ സംഖ്യകള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി. 
************************************************************************************************************************************************************************************
 
      വടക്കേ മലബാറിലെ നാട്ടിന്‍ പുറത്തെ ഭാഷാ ശൈലിയിയാണ് ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണം. മലബാറില്‍ തുലാം മാസം പത്തിന് ശേഷം ക്ഷേത്രങ്ങളിലും , കാവുകളിലും കെട്ടിയാടുന്ന കലാരൂപമാണ്‌ തെയ്യം. അവിടുത്തെ , ജനങ്ങളുടെ ജീവിതത്തെയും, വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കാണ് ഈ കലാരൂപതിനുള്ളത്.

ഇഞ്ഞി - നീ
കയിച്ചെന്റെ- നടത്തിയതിന്റെ
കൊണം- ഗുണം, ഫലം
ഇനിക്ക്  - നിനക്ക്
അയിന്റെ - അതിന്റെ
ദോശം - ദോഷം
 ചെക്കന്‍- ആണ്‍കുട്ടി, പയ്യന്‍
തെളിച്ചം - ഉണര്‍വ്വ് , ഉത്സാഹം
ബന്നില്ലേ -വന്നില്ലേ 
 എനി - ഇനി
 കയിഞ്ഞ - കഴിഞ്ഞ
 നട്ത്യാതാ - നടത്തിയത്

11 comments:

  1. നല്ലൊരു രചന .. തെയ്യത്തെക്കുറിച്ച് കേട്ടറിവേ ഉള്ളൂ ..ഈ രചന കൂടുതല്‍ അറിവുകള്‍ തന്നു.ആശംസകള്‍.

    ReplyDelete
  2. കഥാകാരിക്ക്‌ ആശംസകള്‍ ...... കൂടുതല്‍ മിഴിവുറ്റ രചനകള്‍ ഉണ്ടാവട്ടെ.....

    ReplyDelete
  3. പ്രിയ നന്നായി പറഞ്ഞു.മനുഷ്യരെല്ലാം അങ്ങിനെയാണ് ഒരു ആശയ സംഘട്ടനം ഉള്ളിലുണ്ട്.പ്രായോഗികമായി
    ചിന്തിക്കുമ്പോഴും വിശ്വാസങ്ങളും പ്രേരണകളും അവനെ വിട്ടു പോകില്ല

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. Thanks to Shajahan, Ajith & Nandettaa...

      Delete
  4. നല്ലൊരു കഥ നന്നായി പറഞ്ഞിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍ . കഥ കൂട്ടത്തില്‍ പോസ്റ്റു ചെയ്യാമായിരുന്നു. കൂടുതല്‍ വായനക്കാര്‍ക്ക്‌ വായിയ്ക്കാന്‍ അവസരം കിട്ടിയേനെ.

    ReplyDelete
    Replies
    1. Sunil, thanks for ur comment. Koottathil post cheythittundu..

      Delete
  5. നന്നായിട്ടുണ്ട് .. നല്ല ശൈലി .. ഹൃദ്യം മനോഹരം .. എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  6. വായനാസുഖമുണ്ട് ,ശൈലിയും നന്നായിരിക്കുന്നു -എല്ലാ വിധ ആശംസകളും
    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുക .

    ReplyDelete
  7. തെയ്യം കൊള്ളാട്ടോ
    ആശംസകള്‍

    ReplyDelete
  8. തെയ്യകഥ നന്നായിരിക്കുന്നു.

    ReplyDelete