Sunday, May 22, 2011

റോങ്ങ് ഡിസിഷന്‍..

'പേള്‍ വ്യൂ റീ ജെന്‍സി' യി ലേക്കുള്ള യാത്രയില്‍ താര തീര്‍ത്തും നിശബ്ദ യായിരുന്നു. പുതുമണം മാറാത്ത ' സാന്‍ട്രോ ' യുടെ സീറ്റില്‍ ചാരിയിരുന്ന് റോഡിലേക്ക് കണ്ണുകളയച്ചിരിക്കുന്ന അവളെ കാണുമ്പോള്‍ കുഞ്ഞു നാളില്‍ തന്‍റെ മടിയില്‍ മാറോട്ചേര്‍ന്നിരുന്നു ലോകം കാണുന്ന കുഞ്ഞുതാരയെയാണ് രാധികയ്ക്ക് ഓര്‍മ്മ വന്നത് .

റോഡ്‌ പൊതുവെ വിജനമായിരുന്നു . ആരോടൊക്കെയോ , എന്തിനോടൊക്കെയോ പ്രതിഷേധം തീര്‍ക്കാനെന്നോണം കത്തിയെരിയുന്ന ആദിത്യന്‍ മാനത്തിന്റെ ഉച്ചി യിലെത്തിയിരിക്കുന്നു.

സ്റ്റീരിയോ യില്‍നിന്നൊഴുകിയെത്തുന്ന ഹരിജി യുടെ ഗസലുകള്‍ താര കേള്‍ക്കുന്നുണ്ടോ എന്നുപോലും രാധികയ്‌ക്ക് സംശയം തോന്നി . മുന്‍പാണെങ്കില്‍ ആ ഗസലുകളുടെ മുഴുവന്‍ ശ്രവണ സുഖവും നഷ്ട്ടപ്പെടുത്തി അവളും കൂടെ പാടുമായിരുന്നു. അതും ഉറക്കെയുറക്കെ , താളവും, ലയവുമില്ലാതെ , ഡാഡിയെ ദേഷ്യം പിടിപ്പിക്കാനായി മാത്രം!
പക്ഷെ ഇപ്പോള്‍..................


പുറകിലേക്ക് മറയുന്ന ദ്രിശ്യ ങ്ങളിലേക്ക് കണ്ണുകളുടക്കിയിരിക്കുമ്പോഴും അവയൊന്നും താരയുടെ മനസ്സില്‍ പതിയുന്നില്ലെന്ന്‍ രാധികയ്ക്ക് തോന്നി.

താരയുടെ മനസ്സ്‌ തനിക്കെല്ലാതെ മറ്റാര്‍ക്കാണ് കാണാനാവുക!

രണ്ട് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആകസ്മികമായെ ത്തിയ മൃത്യുവിന്റെ കൂടെ പോകുമ്പോള്‍ താന്‍ ഏകയായി നിറവേറ്റെണ്ട ചുമതലകളും മോഹന്‍ തനിക്ക് കൈമാറുകയായിരുന്നു.

അതിന്റെ ആദ്യ പടിതന്നെയാണ് ഈ യാത്രയും. മോഹന്‍ കൂടെയില്ലാത്ത രണ്ടുമാസ ങ്ങള്‍ക്ക് ശേഷം ആദ്യമായി............ തന്‍റെ മോള്‍ക്ക്‌ വേണ്ടി മാത്രം.


സിറ്റി യിലെ സ്റ്റാര്‍ ഹോട്ടല്‍ആയ 'പേള്‍ വ്യൂ 'വിന്റെ ഗേറ്റ് തുറന്നു തരുമ്പോള്‍ അതികായനായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ണുകളില്‍ പരിചയഭാവം നിഴലിച്ചു . മുന്‍പ് ലീവിന് നാട്ടില്‍ വന്നപ്പോള്‍ നാലോ , അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട് . ഇന്നിപ്പോള്‍ ആദ്യമായി മോഹനില്ലാതെ ..............


ലോണിനോട്‌ ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത് ഹോട്ടല്‍ലിലേക്ക് നടക്കുമ്പോള്‍ , ഓറഞ്ച്ജ് നിറമുള്ള വര്‍ണ്ണകല്ലുകള്‍ പതിച്ച ചുരിദാറില്‍ ഉച്ചവെയിലില്‍ ഭൂമിയിലെക്കിറങ്ങി വന്ന ഒരു നക്ഷത്രമായി തന്റെ താര................


ഹോട്ടല്‍ലിനക ത്തെ റെസ്റ്റൊറന്റില്‍ ഇരിക്കുമ്പോഴും താര നിശബ്ദയായിരുന്നു. അവള്‍ക്കിഷ്ട്ട പ്പെട്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ഇടയില്‍ ഉറഞ്ഞു കൂടിയ മൌനത്തെ തല്ലിയുടച്ചു കൊണ്ട് തന്റെ വാക്കുകള്‍ ചിതറി വീണു.


"ടെല്‍ മീ താരാ, വാട്സ് ബോതെരിംഗ് യൂ "?


ഡൈനിങ്ങ്‌ ടേബിള്‍ അറേഞ്ച്മെന്റിലെ വിടരാന്‍ വെമ്പുന്ന മഞ്ഞ റോസാമുകുളങ്ങളെ മൃദുവായി തലോടിക്കൊണ്ട് താര പതുക്കെ പറഞ്ഞു. " നതിംഗ് , നതിംഗ് മമ്മീ."


"ദന്‍ വൈ യു ബീഹെവ്‌ ലൈക്‌ ദിസ്‌ "? ഈ ഔട്ട്ട്ടിംഗ് പോലും നിനക്ക് വേണ്ടിയല്ലേ? എന്നിട്ടും നീ"...........


തുമ്പപ്പൂവിന്റെ വെണ്മയെ വെല്ലുന്ന ശുഭ്ര വസ്ത്രമണിഞ്ഞ വെയ്ട്ടറുടെ ആഗമനം സംഭാഷണത്തെ മുറിച്ചു.


തനിക്കേറെ ഇഷ്ട്ടപ്പെട്ട ചൈനീസ് ഡിഷ്‌ സ്പൂണും ഫോര്‍കും കൊണ്ട് കുത്തി മറിചിട്ട് താര ഇരുന്നു. ചിക്കന്‍ സൂപ്പില്‍ സ്പൂണിട്ടിളക്കി കഴിച്ചെന്നുവരുത്തി എഴുന്നേറ്റ്‌ കൈകഴുകുന്ന താരക്ക് പിന്നാലെ , ഊണ് മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ ശരിക്കും ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.


ബില്‍ പേ ചെയ്ത് കാറില്‍ കയറുമ്പോഴേക്കും താര സീറ്റില്‍ സ്ഥാനം പിടിച്ചിരുന്നു.

താരയെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഇരമ്പിവന്ന ദേഷ്യം അനുവദിച്ചില്ലെങ്കിലും അനിഷ്ട്ടം വാക്കുകളായി പുറത്തുവന്നു.

"നിനക്കറിയില്ല താരാ, ഒരു നേരത്തെ ഭക്ഷണത്തിന്റെ വില. അല്ല, നിന്നെ അറിയിച്ചിട്ടില്ല ഒന്നും . പക്ഷെ എനിക്ക് .............."

പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് അപ്രതീക്ഷിതമായി താര പറഞ്ഞു." യെസ് മമ്മീ, ഐ നോ . ഐ നോ വെരി വെല്‍ ദാറ്റ്‌ യു ഹാഡ്‌ സഫേട് എ ലോട്ട് . സോ യു ഗെയ്വ്‌ മീ എവെരി തിംഗ് ഐ നീടെഡ് . എവെരി തിംഗ് ഐ വിഷ് ഡ ."
"ബട്ട്‌ യൂ നോ മമ്മീ ......ഡാഡിയുടെ സപരെഷന്‍ , അത് മമ്മിയിലുണ്ടാക്കിയ ഷോക്ക്‌ ...........ഐ നോ ദാറ്റ്‌ വെരി വെല്‍. സോ ഐ ട്രൈട് ടു കണ്‍സോള്‍ യൂ. ബട്ട്‌............ഐ ഡോണ്ട് ഹാവ്‌ എനി സിബിലിംഗ്സ് ടു കണ്‍സോള്‍ മീ. യു ഡിഡിന്‍റ് ഗിവ് മീ വണ്‍. യു ഡിഡി ന്‍റ് ................"

ഇടറിയ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭയന്നിട്ടെന്നപോലെ താര നിര്‍ത്തി.

മുന്നിലെ കാഴ്ചയെ മറച്ചു കൊണ്ട് കിനിഞ്ഞിറങ്ങിയ അശ്രഉ ക്കള്‍ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഒഴുകിയിരങ്ങിയത് സ്മരിക്കാന്‍ പോലും വെറുത്ത അരിഷ്ട്ടതകളുടെ മാത്രം, വരണ്ട, ബാല്യകൌമാരങ്ങളിലെക്കായിരുന്നു.


പാതിമുറിച്ചു കിട്ടുന്ന സ്ലേറ്റ്‌പെന്‍സിലിനപ്പുറം മറ്റൊന്നും സ്വപ്നം കാണാത്ത , തേഞ്ഞുതീരാറായ കടലാസുപെന്‍സില്‍ മുറുകെ പിടിച്ച് തള്ള വിരലും ചൂണ്ടുവിരലും വേദനിച്ച പ്രൈമറി ക്ലാസിലെ ദിനങ്ങള്‍...........

ഒരു മഷിപേനയാല്‍ വര്‍ഷം മുഴുവന്‍ തികയ്ക്കാന്‍ ബാധ്യതപ്പെട്ട ഹൈസ്കൂള്‍ നാളുകള്‍.................

പിന്നെ..........എപ്പോഴും ബന്ധുക്കള്‍ ദാനം തന്നിരുന്ന ചേച്ചിമാര്‍ ഉപയയോഗിച്ചുകഴിഞ്ഞ സാരികള്‍ രൂപമാറ്റം വരുത്തി നീളന്‍ പാവാടയാക്കി ഉടുത്ത്‌നടന്നിരുന്ന കോളേജ്‌ ദിനങ്ങള്‍..........................

തോടിനുള്ളിലേക്ക് ഉള്‍വലിയുന്നൊരു ആമയെപ്പോലെ അപകര്‍ഷതാബോധം തന്നിലേക്കുതന്നെ ഉള്‍വലിയാന്‍ പ്രേരിതമാക്കിയ ബി.സ്സ്.സി. ക്ലാസിലെ സമ്പന്നരായ സതീര്‍ ത്ഥ്യര്‍ക്കിടയിലെ കോളേജിലെ ദിനങ്ങള്‍.................

വിരലിലെണ്ണാവുന്ന കൂടപ്പിറപ്പുകളുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുമ്പോള്‍ , എണ്ണത്തില്‍ ഇരുകൈ വിരലുകള്‍ക്കും അപ്പുറം നില്‍ക്കുന്ന തന്‍റെ കുടുംബത്തെയോര്ത്‌ എന്നും ലജ്ജിച്ചിരുന്നു.

കോടി മണക്കുന്ന ദാവണികളും , കാമ്പസ്സില്‍ പുതു തരംഗം തീര്‍ത്ത സല്‍വാര്‍ കമ്മീസും കൂട്ടുകാരികളുടെ മേനിയെ അലങ്കരിക്കുന്ന ദിനങ്ങളില്‍ , ശപിച്ചിരുന്നു , ഇല്ലായ്മകളിലേക്ക് എണ്ണമറ്റ മക്കളെ തള്ളിവിട്ട അച്ഛനമ്മമാരെ ; തനിച്ചായിരുന്നെങ്കില്‍ ഒന്നിനും പങ്കാളികളാക്കെണ്ടായിരുന്ന കൂടപ്പിറപ്പുക ളെ ; പിന്നെ അനുഭവ യോഗമില്ലാത്ത തന്‍റെ ജന്മത്തെയും!

ജാതകവൈശിഷ്ട്യവും , വിദ്യാഭ്യാസവും മാത്രം പരിഗണിച് അച്ഛ് ന്‍ കണ്ടത്തിയ വധുവിനെ തിരസ്ക്കരിക്കാന്‍ മോഹന് കഴിയില്ലായിരുന്നു. ഏതോ തലമുറയിലെ സൗന്ദര്യം തനിക്ക് പകര്‍ന്നുകിട്ടിയതും മോഹന്‍ പിന്തിരിയാതിരിക്കാനുള്ള ഒരു കാരണമാവാം.

രണ്ടു പതിറ്റാണ്ട് കള്‍ക്ക് ‍മുന്‍പ്‌ മണലാരണ്യത്തിലേക്ക്‌ മോഹനോടൊപ്പം കുടിയേറുംബോള്‍ ഭാവിജീവിതത്തിന്റെ , നോക്കെത്താത്ത നടവഴിയുടെ നിര്‍മ്മാണം താന്‍ മനസ്സില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥനായ മോഹന്‍ ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ തനിക്ക്‌ കൂട്ടായി വന്നത് താര.

ആകസ്മികമായെത്തി, മേലാസകലം ധൂളി പൊതിയുന്ന പൊടിക്കാറ്റില്‍ കണ്ണുകള്‍ അടയുന്നതുപോലെ , മണലാരണ്യത്തില്‍ തന്നെ പൊതിഞ്ഞ സമ്പന്നതയുടെ ഭാഗ്യദിനങ്ങളില്‍ യാഥാ ത്യത്തിനുനേരെ കണ്ണുകളടച്ച് താനെടുത്ത തീരുമാനം തെറ്റിയോ ?

പുത്തനുടുപ്പുകളും ,നാനാവിധ കളിപ്പാട്ടങ്ങളും വൈവിധ്യ മാര്‍ന്ന ഭക്ഷണവും , മുന്തിയ വിദ്യാഭ്യാസവും നേടി താര വളരുമ്പോള്‍ , ഇന്നുവരെ താന്‍ ശരിയെന്നു ധരിച്ചിരുന്ന ഒരു തീരുമാനവും മനസ്സിലെടുത്തിരുന്നു.

ഈ സൌഭാഗ്യമെല്ലാം താരക്ക് മാത്രം മതി.മറ്റൊരവകാ ശിയില്ലാതെ, സമ്പന്നതയുടെ മടിതട്ടിലാവണ്ണം എന്നും തന്‍റെ മകള്‍!
തന്‍റെ തീരുമാനം കേട്ട് ശരിയെന്നോ, തെറ്റെന്നോ പറയാതെ വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്തിയിരുന്ന മോഹന്‍റെ മുഖം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നൂ.

തന്‍റെ ഇന്ഗിതത്തെ എതിര്‍ക്കാതെ അന്ന് മോഹന്‍ കാണിച്ച നിസ്സംഗത തന്‍റെ തീരുമാനത്തിനുള്ള പിന്ബലമായിട്ടാണ് ഇന്നും കരുതുന്നത് .പക്ഷെ താര...........

തന്‍റെ ഇച്ച്ചാനുസരണം പാത്രങ്ങള്‍ മെനെഞ്ഞുടുക്കുന്ന കുശ വന്റെ കൈയിലെ കളിമണ്ണ് പോലെയായിരുന്നു തനിക്കെന്നും തന്‍റെ മകള്‍ .

മകളെന്ന നിലയില്‍ എന്നും തങ്ങള്‍ക്കഭിമാനമായിരുന്നു താര. സുഹൃത്സദസ്സുകളില്‍ , സ്കൂളില്‍ എല്ലാം..........ഇന്റര്‍ നാഷന്നല്‍ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സെക്കണ്ടറി വിജയം. ഇപ്പോള്‍ നാട്ടില്‍ , കോളേജില്‍ തങ്ങളുടെ റാങ്ക് പ്രതീക്ഷ യെന്നു അധ്യാപകര്‍ പറയുന്ന തന്‍റെ പൊന്നുമോള്‍.

പിന്നെ വര്‍ഷങ്ങളായി താന്‍ ഒരുക്കിയെടുതുകൊണ്ടിരിക്കുകയാണ് , സിവില്‍ സര്‍വീസില്‍ ഒരു സ്ഥാനമെന്ന തന്‍റെ ലക്‌ഷ്യം നിറവേറ്റാനായി.അതും തന്‍റെ മോള്‍ സാധിച്ചുതരും. ഉറപ്പാണ്.

പക്ഷേ, തനിക്കൊരിക്കലും നിറവേറ്റികൊടുക്കാന്‍ കഴിയാത്ത തന്‍റെ മോളുടെ ആഗ്രഹം ..................

പരിചിതപഥങ്ങളിലൂടെ സഞ്ചരിച് ലക്ഷ്യസ്ഥാനത്തെത്തിയ അശ്വത്തെപ്പോലെ കാര്‍ വീടിന് മുന്നിലെത്തിയിരിക്കുന്നു .
കാറില്‍നിന്ന്‌ഇറങ്ങി ഗേറ്റ് തുറന്ന്‍ താര കാത്തു നിന്നു. വീണ്ടും ഗേറ്റടക്കന്‍ .

പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങമ്പോഴേക്കും മുന്‍ വാതില്‍ തുറന്ന്‍ താര അകത്തെത്തിയിരുന്നു .

മുകളിലേക്ക്‌ കോണിപ്പടി കയറിപ്പോകുമ്പോള്‍ അകന്നകന്ന് പോകുന്ന ഓരോ കാലടിയൊച്ചയും തന്‍റെ ആത്മാവില്‍ നിന്നു തന്നെ താര അകലുന്നതിന്റെ ആദ്യപടി പോലെ മനസ്സില്‍ ഒരു പ്രഹരമായി , നോവായി............

മനസ്സിന്‍റെ തളര്‍ച്ച ശ രീര ത്തിലേക്ക് പടരുന്നത് തിരിച്ചറിഞ്ഞ് സോഫയിലിരുന്നു .എത്ര ശ്രമിച്ചിട്ടും അടക്കാനാവാതെ നിറഞ്ഞുതുളുമ്പിയ മിഴികളാല്‍ ചുവരിലെ മോഹന്‍റെ ഫോട്ടോയിലെക്ക് നോക്കി .
തന്നോടുള്ള സ്നേഹാധിക്യം അന്ധനാക്കിയ നാളുകളില്‍ ചൂണ്ടിക്കാണിക്കാതിരുന്ന ശരിതെറ്റുകളോര്‍ത്ത് മോഹന്റെ മിഴികളും നിറയുകയാണോ? അതോ തന്‍റെ തോന്നലോ?

3 comments:

 1. മുന്നിലെ കാഴ്ചയെ മറച്ചു കൊണ്ട് കിനിഞ്ഞിറങ്ങിയ അശ്രഉ ക്കള്‍ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഒഴുകിയിരങ്ങിയത് സ്മരിക്കാന്‍ പോലും വെറുത്ത അരിഷ്ട്ടതകളുടെ മാത്രം...


  അനുഗ്രഹം കിട്ടിയ പേന ...മനസ്സിന് മനസ്സോടു പറയാന്‍ അക്ഷരങ്ങളാകുന്ന ചിന്തകള്‍ ...

  ReplyDelete
 2. ഒറ്റപെടലിന്റെയും അകല്‍ച്ചയുടെയും തീവ്രത വര്‍ണിക്കുന്ന കഥ
  അവതരണവും മികവുറ്റതാക്കി ഭാവുകങ്ങള്‍

  ReplyDelete
 3. കഥ മനോഹരം.....അണുകുടുംബംഗ ളിലേക്ക് ജീവിതം ചുരുക്കാനുള്ള വ്യഗ്രതയിൽ ഒറ്റപ്ടുന്ന മകൾ....അവളുടെ ആഗ്രഹങ്ങളെ നിവർത്തിച്ചു കൊടുക്കാൻ കഴിയാത്ത അമ്മ ....പതിര് കളയനില്ലാത്ത എഴുത്ത് അഭിനന്ദനങ്ങൾ.....!

  ReplyDelete