Sunday, May 22, 2011

മോഹം(കഥ)...

വര്‍ഷകാല ദിനങ്ങളിലെന്നോ മഞ്ഞ ചായമടിച്ച ബ്രെണ്ണന്റെ ചുവരുകളില്‍ പടര്‍ന്ന നനവ് അവളുടെ ഓര്‍മകളില്‍ നിന്ന് മാ ഞ്ഞുപോയിരുന്നു.ചെമ്മണ്ണണിഞ്ഞ പാദരക്ഷകള്‍ നീളന്‍ വരാന്ദകളില്‍ തീര്‍ത്ത അവ്യക്ത ചിത്രങ്ങള്‍ എന്നേ ഓര്‍മകളില്‍ നിന്ന് അവള്‍ കഴുകികളഞ്ഞിരുന്നു .


ചിത്രങ്ങളിലും, ടി.വി.യിലും മാത്രം കണ്ടിട്ടുള്ള , ഈന്ദപ്പനകള്‍ നിര നിരയായി നില്‍ക്കുന്ന റോഡിലൂടെ ബഹുനില കെട്ടിടങ്ങളുടെ ഭീമാകാരതയില്‍ വിസ്മയിച്ചു അവയെല്ലാം രൂപകല്‍പന ചെയ്യുന്ന മിടുക്കാനായ എഞ്ചിനീയരുടെ പാതി മെയ്യായി കാറിലിരുന്ന് ദുബായ് നഗരം കാണുമ്പോള്‍ സന്തോഷമായിരുന്നു. എല്ലാം തന്റെ ഭാഗ്യം.....അമ്മ പറയുന്നതുപോലെ എല്ലാം കാണാനുള്ള തന്‍റെ യോഗം !
പക്ഷേ........
മഞ്ഞചായമടിച്ച കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മുന്നില്‍ കാറിറങ്ങുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് നാട്ടിലെ സര്‍ക്കാര്‍ കെട്ടിടങ്ങളാണ് .പിന്നെ..............മഞ്ഞചായമടിച്ച കുന്നിന്‍പുറത്തെ പഴയ ഇരു നില കെട്ടിടം .പിന്നെ , ശ്രീ യും.............


****************************************************************************************************************************


രണ്ടാള്‍ക്ക് താമസിക്കവുന്നതിലേറെ സൌകര്യങ്ങളുള്ള ഫ്ലാറ്റില്‍ , ഉല്‍ത്സാഹതോടെ , സാധനങ്ങള്‍ ഒതുക്കിവെക്കുന്ന എഞ്ചിനീയര്‍ക്കൊപ്പം ,പങ്കാളിയാവുമ്പോള്‍, അവളുടെ മനസ്സിനകത്തെ അവ്യക്ത ചിത്രം തെളിയാന്‍ തുടങ്ങിയിരുന്നു. ഈറനു ണങ്ങിയാല്‍ തെളിഞ്ഞു വരുന്നൊരു , വലിയ വര്‍ണ്ണപ്പൊട്ടുപോലെ!
മുല്ലപ്പൂക്കളുടെ അഭാവം സമസുഗന്ധിയായ എയര്‍ ഫ്രഷ്‌ണറി നാല്‍ പരിഹരിച്ച് മരുഭൂമിയിലെ ആദ്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന എഞ്ചിനീയരെ നോക്കിനില്‍ക്കുമ്പോള്‍, എയര്‍ കണ്ടീഷണര്‍ തണുപ്പിച്ച മുറിയെക്കാള്‍ മരവിച്ചിരുന്നു അവളുടെ മനസ്സ്‌.' കിംഗ്‌ ഫിഷര്‍ ' അല്പ്പാല്‍പ്പമായി നുണയുന്നതിനിടെ ആദ്യമായെന്നപോലെ തന്നെയുഴിയുന്ന ആ കണ്ണുകളിലെ ഇന്ഗിതം മനസിലാക്കിയപ്പോള്‍ മനസ്സ്‌ പറഞ്ഞു. ശ്രീ........... ഇത് നീ യായിരുന്നെങ്കില്‍.............


********************************************************************************************************************************


താണ്ടാവുന്ന കാതങ്ങള്‍ക്ക്അപ്പുറത്ത് നിന്നും കൈയെത്തും ദൂരത്തു നീ വന്നു . പകല്‍ ഏകാന്ത വേളകളില്‍ അവള്‍ക്ക് കൂട്ടായി!!!!!!!!!!!!കട്ടിയുള്ള പുതപ്പ് മാറ്റി, ചൂടുകാലത്തിലേക്ക് കടക്കാനൊരുങ്ങുന്ന മഞ്ഞുകാലത്തിന്‍റെ സന്ദേശവാഹകനായി മരുഭൂമിയില്‍ ദിവസങ്ങളായി ഉരുണ്ടുകൂടി നില്‍കുന്ന മേഘക്കൂട്ടങ്ങള്‍ അവളുടെ മനസ്സിലും കരിനിഴല്‍ വീഴ്ത്തുകയായിരുന്നു .
രാത്രിയിലെപ്പോഴോ , നിശബ്ദം പെയ്തു തീര്‍ന്ന മഴ അപ്പുറത്തെ കെട്ടിടത്തില്‍ ചാലുകള്‍ തീര്‍ത്തു ഒലിച്ചിറങ്ങി യതിന്റെ പാടുകള്‍ നോക്കി നില്‍ക്കുമ്പോള്‍ , അവളുടെ മന്‍സ്സരിഞ്ഞിട്ടെന്ന പോലെ, മേഘങ്ങള്‍, ബാക്കിയുള്ള മഴത്തുള്ളികളെ ഭൂമിയി ലേക്കയച് , തെളിഞ്ഞ വാനത്തിന്റെ ഭാഗമായി മാറി.അഴികളില്ലാത്ത വലിയ ജനാലയുടെ കട്ടി ഗ്ലാസില്‍ മുഖം ചേര്‍ത്ത് തട്ടി ചിതറുന്നമഴത്തുള്ളികളെ നോക്കി നില്‍ക്കുമ്പോള്‍ , മ നസില്‍ ,ശ്രീ........... , മഴ കൂടുതല്‍ കറുപ്പിച്ച , ബ്രെണ്ണ്ന ക ത്തെ നീളന്‍ ടാര്‍ റോഡുകള്‍ക്ക്‌ ഇരുവശവും , മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന വാക മരച്ചോട്ടില്‍ നിന്ന് ഓടി എന്‍റെ കുടക്കീഴിലേക്ക് വരുന്ന നിന്നെ ഇന്നലെയെന്ന പോലെ എനിക്ക് കാണാന്‍ കഴിയുന്നു." നീയെന്താ സ്വപ്നം കാണുകയാ ? ഞാനിറങ്ങുന്നു .........". എന്‍ ജി നീയറുടെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തിയപ്പോള്‍ അവള്‍ പിന്തിരിഞ്ഞ് റൂമിലേക്ക്‌ വന്നു.


വേഷം മാറി നില്‍ക്കുന്ന ഭര്‍ത്താവിന് ബാഗെടുത്തു കൊടുത്ത് മുന്‍വാതിലില്‍ ചെന്ന് യാത്രയാക്കി . ഫ്ലാറ്റിലെ നീളന്‍ ഇടനാഴിയിലൂടെ നീണ്ട കാല്‍വെപ്പുകളുമായി നടന്നകലുന്ന അയാളെ നോകി നില്‍ക്കുമ്പോള്‍ മനസ്സ്‌ പറഞ്ഞു, ശ്രീ ............ അത് .. നീയായിരുന്നെങ്കില്‍..........


*******************************************************************************************************************************

നാട്ടില്‍ നിന്ന്‍ ഇടയ്ക്കിടെ വരുന്ന ഏട്ടന്മാരുടെ ഫോണ്‍ വിളികളില്‍ ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. "അമ്മയ്ക്ക് അവളെ കാണണ൦ . ഒന്ന് വന്നു പോയ്ക്കൂടെ. .ഇപ്പോ വര്ഷം ഒന്നായില്ലേ"?

ജോലിത്തിരക്ക് മനസ്സിലാക്കി താനൊരിക്കലും അറിയിക്കാതിരുന്ന ആവശ്യം ,രാത്രി ഉണ്‍ മേശയില്‍ വച്ച് അവതരിപ്പിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ എഞ്ചിനീയറുടെ മറുപടി വന്നു.

"നിനക്കറിയില്ലേ എന്‍റെ തിരക്ക്‌. ഇപ്പോ പറ്റില്ല .പിന്നെ , നീ പോയാല്‍ അസുഖം മാറുമോ? ഡോക്ടറെ കാണുന്നുണ്ടല്ലോ അത് മതി ."
ബിരുദ ക്ലാസിലെ ദിനങ്ങളിലോന്നില്‍, അമ്മയോടൊപ്പം ഏറെ നാളത്തെ ആസ്പത്രി വാസത്തിനുശേഷം കോളേജിലെത്തി യതായിരുന്നു . ക്ലാസില്‍ മനസ്സുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആശ്വാസം തേടിഎത്തിയത്‌ റീഡിംഗ് റൂമിലായിരുന്നു .എപ്പോഴോ, കൂട്ടുകാരില്‍ നിന്ന്‍ വിവരമറിഞ്ഞ് തന്നെതേടിയെത്തിയ ശ്രീ ലൈബ്രരേറി യന്‍ കേള്‍ക്കാതെ പതുക്കെ പറഞ്ഞു, " സാരമില്ലെടോ , അമ്മയ്ക് വേഗം സുഖമാകും. ഞാനും പ്രാര്‍ത്ഥിക്കാം ''.പിന്നെ മുന്നില്‍ തുറന്നു വച്ച മാഗസിനില്‍ വച്ച തന്‍റെ കൈ തലത്തില്‍ ആശ്വസിപ്പിക്കാനെന്നപോലെ തന്ന നനുത്ത സ്പര്‍ശം . ചുട്ടുപൊള്ളുന്ന മനസ്സിന് ഒരു കുളിര്‍ തെന്നലായി............
തന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ , തന്നെ ശ്രദ്ധിക്കാതെ, ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്ന എന്‍ജിനീയരെ നോക്കി യിരിക്കുമ്പോള്‍ മനസ്സ് പറഞ്ഞു. ശ്രീ ..........ഇത് നീയായിരുന്നെങ്കില്‍.............

*******************************************************************************************************************************

ദിനങ്ങളായുള്ള മനസ്സിന്‍റെ വേദന ശരീരത്തിലേക്കിറങ്ങി വന്നൊരു ദിനങ്ങളിലോന്നില്‍ തല പൊട്ടിപ്പിളരുന്ന വേദന സഹിച്ച് വീട്ടുജോലികളെല്ലാം തീര്‍ത്തു. ഒടുവില്‍ വേദനയെ എതിരിടാനെന്നോണം ബാം പുരട്ടി കിടന്നു.ബാമിനും, ഗുളികകള്‍ക്കും അപ്പുറം അമ്മ മാത്രമാണ് മരുന്നെന്ന്‍ അറിയാമായിരുന്നിട്ടും വെറുതെ.............ആദ്യത്തെ പുകച്ചില്‍ പിന്നെ തണുത്ത നീരാവിയായി മാറി ഒരു സുഖാലസ്യത്തി ലേക്ക് വീഴുമ്പോള്‍ മൂര്‍ച്ച യുള്ള കുറ്റപ്പെടുത്തലുകള്‍ കാതില്‍ പതിച്ചു."ഇപ്പോഴാണോ ബാം പുരട്ടി കിടക്കുന്നത്. തനിക്കിത് നേരത്തെ ആവാമായിരുന്നില്ലേ?"പിന്നീടെപ്പോഴോ വരണ്ട ഭൂമിയെ കീറിമറിച്ചിടുന്നൊരു നുകം പോലെ തന്നെ.............


ഒടുവില്‍ ധ്രുത ഗതിയിലെ ഹൃദയ മിടിപ്പ്‌ പുറത്തുവിടുന്ന നിശ്വാസങ്ങള്‍ ചുടുകനലുകള്‍ പോലെ കവിളില്‍ പതിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞു.


പരുക്കന്‍ താടിരോമങ്ങള്‍ നീറുന്ന പോറലുകള്‍ തീര്‍ത്ത മുഖത്ത് വിരലുകളോടിച്ച് , തിരിഞ്ഞു കിടന്നുറങ്ങുന്ന എന്‍ജിനീയരെ നോക്കി കിടക്കുമ്പോള്‍ ‍അവളുടെ മനസ്സ്‌ പറഞ്ഞു , ശ്രീ .......... ഇത് നീയായിരുന്നെങ്കില്‍ ......................

1 comment:

  1. പ്രണയത്തില്‍ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതം യഥാര്‍ത്ഥമായി എന്ന തോന്നല്‍ ഒരിക്കലും ഉണ്ടാവില്ല ...വീണ്ടു മൊരു പുതുമഴക്കായി കാത്തിരിക്കുന്ന മുകുളങ്ങളായി പ്രണയം ...

    ReplyDelete