Wednesday, November 28, 2012

കാഴ്ചകള്‍

      ബുര്‍ജ് ഖലീഫയിലെ ഓരോ നിലകളിലും തെളിയുന്ന പ്രഭാകിരണങ്ങള്‍  സൂര്യരെശ്മികളിലേക്ക്  അലിഞ്ഞിറങ്ങുന്നത് , ആ ബാല്‍ക്കണിയിലിരുന്ന്‍  കണ്ടു കൊണ്ടാണ്  അയാളുടെ ഒരു ദിനം ആരംഭിക്കുന്നത് . 
       വെളുപ്പാന്‍ കാലത്തെ നേര്‍ത്ത ഇരുട്ടില്‍ മിന്നിത്തെളിയുന്ന വിളക്കുകളിലെ വെളിച്ചം നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്നതും, പിന്നെ  ചാര നിറം പൂണ്ട അന്തരീക്ഷത്തില്‍   അതിലും കടുത്ത ചാര നിറത്തില്‍ കുത്തനെ തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തെ ഏറ്റവും ഉയരം  കെട്ടിടത്തിന്റെ ചിത്രവും കണ്ണടച്ചാലും അയാളുടെ മനക്കണ്ണില്‍ ദൃശ്യമായിരുന്നു .
 
         ഹൃദ്രോഗത്തിന്റെ വഴികാട്ടിയെന്ന്‍ കൂട്ടുകാര്‍ കളിയാക്കി പറയുന്ന കൊളസ്ട്രോളിനെ ചെറിയ രീതിയില്‍ പ്രധിരോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച  ഗ്രീന്‍ ടീ  അല്പം മധുരവും അതിലേറെ ചവര്‍പ്പുമായി  ചൂടോടെ അല്പാല്‍പ്പമായി അയാള്‍  കുടിച്ച് തീര്‍ക്കുന്നതും ആ ബാല്ക്കണി യിലിരുന്നാണ് .
 
       ദുബായ് നഗരം മൂടല്‍ മഞ്ഞു പുതയ്ക്കുന്ന നാളുകളിലും, എന്നും പൊരി വെയിലേറ്റ് തളര്‍ന്നു കിടക്കുന്ന മണല്‍ തരികളെ, കാറ്റ് അതിന്റെ കൈകളാല്‍ കോരിയെടുക്കുമ്പോള്‍, പ്രധിഷേധമറി യിക്കാനെന്നപോലെ ഉയിര്‍ത്തെഴുന്നേറ്റ്  പൊടിക്കാറ്റായി ആഞ്ഞു വീശി നഗരം പൊടി മൂടുന്ന ദിന ങ്ങളിലും മാത്രമായിരുന്നു അയാളുടെ ഈ പതിവിന് ഭംഗം നേരിട്ടത് .
 
     മഞ്ഞ ചായമടിച്ച സ്കൂള്‍ ബസ്സുകള്‍ നിരനിരയായി അയാളുടെ ഫ്ലാറ്റ് സമുച്ചയതിന് ഇടയിലൂടെ കൈ വഴിപോലെ പോകുന്ന റോഡുകളിലൂടെ നീങ്ങുമ്പോള്‍ തന്റെ ദിനാരംഭത്തിന്റെ അര മണിക്കൂര്‍ കഴിയുന്നു വന്ന്‍  അയാള്‍ സങ്കടത്തോടെ മനസ്സിലാക്കും .
 
      മന്ത് ലീ ടാര്‍ഗെറ്റ്  അചീവ് ചെയ്യാത്തതിന് ബോസ്സിനുള്ള explanation , ക്ലെയിന്റ്സിനെ കണ്‍ വിന്‍സ്  ചെയ്യിക്കാന്‍ പുതിയ പദ ശേഖരങ്ങളുടെ കണ്ടുപിടുത്തം എന്നിയയെല്ലാം ഒരുവേള തലയ്ക്കുള്ളില് മിന്നി മറയുമ്പോള്‍ , കണ്ണുകള്‍ ഇറുകെയടച്ച്‌  ധ്യാന നിമഗ്നനായിരിക്കുന്ന അയാളുടെ കാഴ്ച പിന്നെ തുറക്കുന്നത് താഴെ നാല് റോഡുകള്‍ സംഗമിക്കുന്ന റൌണ്ട് അബൌടിലേക്കാണ് .അതിനകത്തെ പച്ച പുല്‍ത്തകിടിയി ലെ  സ്പ്രിഗ്ലറില്‍ നിന്നും ,മധ്യത്തിലായി നട്ടു പിടിപ്പിച്ച ,എപ്പോഴും കടും റോസ് നിറമുള്ള പൂക്കളാല്‍ സമൃദ്ധമായ 
കടലാസുപൂക്കളിലെക്ക് ചാറ്റല്‍ മഴ പോലെ പൊഴിയുന്ന  ജലപാതം കണ്ണിന് കുളിര്‍മ്മയെന്നപോലെ അയാളുടെ മനസ്സും തണുപ്പിച്ചിരുന്നു.
 
      റൌണ്ട് അബൌടിന്‍ ചുറ്റും പച്ച പുല്തകിടിക്ക് അതിരിട്ട് , കാവല്‍ക്കാരെ പോലെ നിശ്ചിത അകലത്തില്‍ നിരന്ന്‍ നില്‍ക്കുന്ന ഈന്തപ്പനകള്‍ , തണുപ്പ് കാലത്തിന്റെ തിരിച്ച്‌ പോക്കോടെ പൂവിടുന്നതും, ഇളം പച്ച നിറമാര്‍ന്ന കായ്കള്‍ കുനുകുനെ നിറയുന്നതും, പിന്നീട് ചെഞ്ചായം പൂശു ന്ന ഈന്തപ്പഴങ്ങള്‍ ഉഷ്ണം കനക്കുന്നതോടെ,  പാകമായി കറുപ്പ് നിറത്തില്‍ കുലകളില്‍ ഇറുകെ പിടിച്ച കിടക്കുന്നതും കണ്ട് , അയാള്‍ ഋതുഭേദങ്ങളുടെ പോക്കുവരവ് തിരിച്ചറിഞ്ഞു.
 
     കുട്ടിക്കാലത്ത്‌  തന്നെ അച്ഛനും, പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് അമ്മയും നഷ്ട്ടപ്പെട്ട് തികച്ചും അനാഥനായ അയാളെ, മറ്റ് പ്രവാസികളെപോലെ , നാടിന്റെ പച്ചപ്പും കുളിരുമൊന്നും ഒരിക്കലും മോഹിപ്പിച്ചില്ല.
 
          കുലകളില്‍ നിന്ന്‍ ഞെട്ടറ്റ് വീഴുന്ന പഴങ്ങളും പുല്‍തകിടിയിലെ പുഴുക്കളെയും കൊത്തി പ്പെരുക്കുന്ന ഒരുകൂട്ടം പക്ഷികളുടെ കലപിലകളിലെക്കാണ് ഇപ്പോള്‍ കുറച്ച് ദിനങ്ങളായി അയാള്‍ ചിന്തയില്‍ നിന്നുണരുന്നത് .
 
             ഒരു നാള്‍ പക്ഷികളുടെ കലപിലകള്‍ക്കൊപ്പം വേറിട്ട നിന്ന മറ്റൊരു കിളിക്കൊഞ്ചലിന്റെ ഉറവിടം തേടി കണ്ണ് തുറന്ന അയാള്‍ക്ക് കാണാനായത് തൊട്ടെതിര്‍വശത്ത്  താഴെ റോഡരികില്‍  യൂനിഫോമണിഞ്ഞ് സ്കൂള്‍ ബാഗുമായി നില്‍ക്കുന്ന എട്ട്  വയസ്സോളം പ്രായമുള്ള ആണ്‍കുട്ടിയെയും  കൂടെ നിന്ന്‍ കുസൃതി കാട്ടുന്ന കൊച്ചനുജനെയുമാണ് .
അടുത്ത്  നിന്ന്‍ കുട്ടികളുടെ കളിചിരികള്‍ ആസ്വദിക്കുന്ന അച്ഛന്റെ സ്നേഹവായ്പ്പാര്‍ന്ന  മുഖഭാവം , ക്കുഞ്ഞുനാളിലേ അച്ഛന്‍ നഷ്ട്ടപ്പെട്ട അയാള്‍ക്ക് അപരിചിതമായിരുന്നു .
 
രണ്ട്  വര്‍ഷത്തെ താമസത്തിനിടയില്‍ തന്റെ പ്രഭാത കാഴ്ചകളില്‍ അന്യരായ അച്ഛനും കുട്ടികളും എതിര്‍ ബില്ടിങ്ങിലെ 
താമസക്കരായിരിക്കുമെന്ന്‍ അയാള്‍ ഊഹിച്ചു .
 
           പിന്നീടുള്ള ദിനങ്ങളിലെല്ലാം സ്കൂള്‍ ബുസ്സിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ , കുട്ടികളുടെ കളിചിരികളില്‍ മനസ്സാ പങ്കാളിയാകാന്‍ , വിസ്മൃതിയുടെ അറകളില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ 
വന്ന്‍ അയാള്‍ക്കൊപ്പം കൂട്ടിരുന്നു.
 
                        തണുപ്പ്
 കാലത്തിന്റെ വരവറിയിച്ച്കൊണ്ട്മൂടല്‍ മഞ്ഞ് കട്ടിക്കമ്പളത്താല്‍  നഗരത്തെ പുതപ്പിച്ച പ്രഭാതമായിരുന്നു അത് .
ബാല്ക്കണിയിലെക്കുള്ള  കണ്ണാടിചില്ലിട്ട വാതില്‍ തുറക്കുമ്പോള്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികള്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്ത് ചില്ലിലൂടെ താഴോട്ടൊഴുകി .
മങ്കിക്യാപ്  ഇട്ട്  തലയും ചെവിയും മൂടി, ഷാള്‍ പുതച്ച് , ഗ്രീന്‍ ടീ  നുണഞ്ഞു കൊണ്ട് അയാള്‍ കസേരയിലിരുന്നു.  താഴെ റോഡിലൂടെ പോകുന്ന വാഹന ങ്ങളെല്ലാം ലൈറ്റ്‌ തെളിയിച്ചിരിക്കുന്നു.
 
 
    മഞ്ഞിന്റെ മറയ്ക്ക് മുകളില്‍ വെയില്‍ പാളി തീര്‍ക്കാന്‍ ശ്രമിക്കുന്ന സൂര്യന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഇടയ്ക്കിടെ നേരത്തും, കനതും പടരുന്ന മഞ്ഞിലേക്ക്  നോക്കിയിരിക്കേ താഴെ ഇനിയും കുട്ടികള്‍ എത്തിയില്ലല്ലോ എന്ന്‍ അയാള്‍ ഓര്‍ത്തു . മഞ്ഞില്‍ മയങ്ങിക്കിടക്കുന്ന പുല്തകിടിയിലേക്ക്  സ്പ്രിന്ഗ്ലെര്‍ വെള്ളം തളിക്കാന്‍ തുടങ്ങി. പുല്ലില്‍ കൊത്തിപ്പെറുക്കുന്ന  പക്ഷികള്‍ നനവേറ്റ് പറന്നുയര്‍ന്ന്‍  ഈന്തപ്പനയോലകളില്‍  ചെന്നിരുന്ന്‍  ചിറക് കുടഞ്ഞു.
 
  താഴെ റോഡിലൂടെ സ്കൂള്‍ ബസ്സ്‌ വരുന്നതും ചെറിയ മുരള്‍ച്ചയോടെ കുട്ടിയെ കാത്ത് നില്‍ക്കുന്നതും അയാള്‍ കണ്ടു. 
കുട്ടി ഇന്ന് പതിവില്ലാതെ വൈകുന്നതെന്തേ എന്ന അയാളുടെ ഉത്ഘണ്oയ്ക്ക്  വിരാമമിട്ട്,  അവന്‍ ബാഗും ചുമലിലിട്ട് , എതിര്‍ വശത്തുനിന്നും ഓടിവന്ന്‍  റോഡ്‌ മുറിച്ചുകടന്ന്‌ ബസ്സിനടുത്തെക്ക്  ഓടി . പിന്നാലെ  അച്ഛന്റെ കൈ വിട്ട് ഓടിവന്ന അനുജനും.
 
  ഉള്ളില്‍ ഒരാന്തലോടെ കസേരയില്‍ നിന്നെഴുന്നേറ്റുപോയ   അയാളുടെ കാതുകളില്‍  വലതുവശ തുനിന്നും വന്ന സഡന്‍ ബ്രേക്കിട്ട കാറിന്റെ ടയറുകള്‍ റോഡില്‍  ഞെരിഞ്ഞമരുന്നതും , അച്ഛന്റെ നിലവിളിയും മാത്രം ബാക്കിയായി. കാഴ്ചയില്‍ , റൌണ്ട് അബൌടിലെ കടലാസ് പൂക്കളിലേക്ക് ചിതറിത്തെറിച്ച  കടും ചുവപ്പ് നിറമാര്‍ന്ന ജീവനറ്റ താരിതള്‍  മേനിയും......
 

     ഇപ്പോള്‍  മഞ്ഞുകങ്ങള്‍ കണ്ണീരൊലിപ്പിച്ച്  മുട്ടിവിളിച്ചിട്ടും പിന്നീടൊരിക്കലും  തുറക്കപെടാത്ത ചില്ല് വാതിലിനപ്പുറം പുലര്‍കാല കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കാന്‍ ബാല്‍ക്കണി മാത്രം .

9 comments:

  1. ശ്ശോ..ആ ആക്സിഡന്റ് വേണ്ടാരുന്നു

    സങ്കടമായല്ലോ

    (please disable word verification)

    ReplyDelete
  2. അതെ ആക്സിഡന്റ് വേണ്ടായിരുന്നു തന്നെ.. വല്ലാത്ത കാഴ്ചകൾ..!

    ((( വേർഡ് വെരിഫിക്കേഷൻ മാറ്റിയാൽ നന്നായിരുന്നു))))

    ReplyDelete
    Replies
    1. chila nerkkaazhchakal kadhayaayi ezhuthiyathanu koottukaaraa....

      Delete
  3. ഇന്നു പെയ്ത കൊച്ചു മഴയിലെ കുളിരിൽ പനിപിടിച്ചിരുന്ന് വായിച്ച് നല്ല സുഖത്തിലിങ്ങ്നെ വരികയായിരുന്നു. എന്തിനാ വെറുതേ ആ....അല്ലെങ്കിൽ വേണ്ട. കതാകൃത്തിന്റെ സ്വാതന്ത്ര്യം. നല്ല എഴുത്ത്. ഭാവുകങ്ങൾ!

    ReplyDelete
  4. ഒരു നേര്‍ത്ത തണുപ്പോടെ വായിച്ചു വന്നതായിരുന്നു. ഇങ്ങനെയാകുമെന്നു കരുതിയില്ല.. വായിക്കാന്‍ സുഖമുള്ള എഴുത്ത്

    ReplyDelete
  5. ഓര്‍മ്മകളില്‍ ദുബായിക്കാലം വീണ്ടെടുത്ത്‌ വരികയായിരുന്നു. പെട്ടെന്നൊരു ഞെട്ടല്‍ . എങ്കിലും നന്നായി എഴുതി

    ReplyDelete
  6. ഓരോരോ സന്ദര്ഭങ്ങളും നന്നു . ഒരിടത്ത് ഒഴുക്കിനൊരു വലിവ് . ആകെ മൊത്തം കുഴപ്പമില്ല . (എന്റെ അഭിപ്രായം )

    ReplyDelete
  7. puthiya kathakalkkaayi kaathirikkunnu.
    nanmandan

    ReplyDelete